|    Jan 23 Mon, 2017 3:50 am
FLASH NEWS

നഞ്ഞ് എന്തിനാ നാനാഴി !

Published : 5th December 2015 | Posted By: swapna en

ഉച്ചഭാഷണം/ സിതാര

രണ്ടു വാരം പിന്നിടുമ്പോള്‍ നമ്മുടെ മതേതര ജനാധിപത്യ ഇന്ത്യ ഒട്ടേറെ സംഭവങ്ങളിലൂടെ കടന്നുപോയി. രാഹുല്‍ പശുപാലന്റെ അറസ്റ്റും വി പി റെജീനയുടെ ഫേസ്ബുക്ക് പോസ്റ്റും നൗഷാദ് എന്ന ഓട്ടോക്കാരന്റെ അപകടമരണവും വെള്ളാപ്പള്ളിയുടെ അവസരവാദവും കൊണ്ട് കേരളം ‘പ്ലിങി’യപ്പോള്‍, മോദിയുടെ ഒരിക്കലും അവസാനിക്കാത്ത വിദേശയാത്രാഭ്രമവും രാഹുല്‍ഗാന്ധിയുടെ ഇരട്ടപൗരത്വവുമൊക്കെയായിരുന്നു പ്രധാന ദേശീയ വിവാദങ്ങള്‍. വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റ യാത്രയുടെ വാര്‍ത്തകള്‍ കണ്ടപ്പോള്‍ അമ്മൂമ്മ പറയാറുള്ളതാണ് ഓര്‍മയില്‍ വന്നത്. ‘നഞ്ഞ് എന്തിനാ നാനാഴി.’ ശരിയായ ഒരു നടേശന്‍ മൊതലാളി പോരെ മൊത്തം കുളവും കലക്കാന്‍! വര്‍ഗീയ ചീമുട്ടയെറിഞ്ഞാണ് മൊയ്‌ലാളീന്റെ കളി മൊത്തം, അതിന് അയാള്‍ കരുവാക്കിയതോ, ആന്ധ്രാസ്വദേശികളായ തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മാന്‍ഹോളിലെ വിഷവായു ശ്വസിച്ചു മരിച്ച നൗഷാദ് എന്ന ഓട്ടോക്കാരനെയും. നൗഷാദിന്റെ കുടുംബത്തിന് പത്തു ലക്ഷം നഷ്ടപരിഹാരം നല്‍കിയത് അയാള്‍ മുസ്‌ലിമായതുകൊണ്ടാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം.

അനൂപ് മേനോന്‍
കേരളം വെള്ളാപ്പള്ളിയിലേക്ക് ഫോക്കസ് ചെയ്യപ്പെട്ടു. വളരെ പെട്ടെന്നു തന്നെ ലക്ഷണമൊത്തൊരു സംഘിനേതാവായി വെള്ളാപ്പള്ളി മാറിക്കഴിഞ്ഞുവെന്നാണ് മനോഹരന്‍ പിള്ളാട്ടിലിന്റെ നിരീക്ഷണം. നടനും സംവിധായകനുമായ അനൂപ് മേനോന്റെ സ്റ്റാറ്റസ് അപ്‌ഡേറ്റും ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്. ”നൗഷാദ്… മരിക്കുന്നതിന് തൊട്ടുമുന്‍പുവരെ നീ സ്‌നേഹമുള്ള ഒരു മനുഷ്യന്‍ മാത്രമായിരുന്നു. ഇന്ന് നിനക്കൊരു ജാതിയുണ്ട്. അത് മാത്രമാണ് നീ എന്നു പറയിപ്പിക്കാന്‍ നീ മരിക്കണ്ടായിരുന്നു. രക്ഷപ്പെടുത്താന്‍ ശ്രമിച്ചു എന്ന കുറ്റബോധമില്ലാത്ത ആശ്വാസം കീശയിലിട്ട് നിനക്ക് കാത്തിരിക്കുന്ന ഭാര്യയിലേക്ക് തിരിച്ചുപോകാമായിരുന്നു.” -അദ്ദേഹം തുടരുന്നു: ”കൂട്ടുകാരാ, നീ ഞങ്ങള്‍ക്ക് പകര്‍ന്നുതന്നത് ഈ ലോകത്തിനെ സര്‍വനാശത്തില്‍നിന്നും രക്ഷപ്പെടുത്താന്‍ കഴിയുന്ന ഒരേ ഒരു മരുന്നാണ്… അതിന് ഒരു നാമമില്ല, ജാതിയും…” സ്റ്റാന്‍ലി പയ്യനല്ലൂര്‍ എഴുതുന്നു: ”നൗഷാദിന് മാത്രമാണോ നഷ്ടപരിഹാരം കൊടുത്തത്.? കോന്നിയില്‍ ആത്മഹത്യ ചെയ്ത മൂന്നു പെണ്‍കുട്ടികളുടെ കുടുംബത്തിനും സഹായം ചെയ്തില്ലേ? നിസാം എന്ന മനുഷ്യന്റെ പണക്കൊഴുപ്പില്‍ കൊല്ലപ്പെട്ട ചന്ദ്രബോസിനു 10 ലക്ഷം രൂപ പ്രഖ്യാപിച്ചപ്പോഴോ ഭാര്യക്ക് ജോലി കൊടുത്തപ്പോഴോ ട്രെയിന്‍ യാത്രയ്ക്കിടയില്‍ അത്യാഹിതം നേരിട്ട സഹോദരി സൗമ്യയുടെ  സഹോദരന് ജോലി കൊടുത്തപ്പോഴോ അവരുടെ ഒന്നും മതം ആരും അന്വേഷിച്ചില്ല. പകരം പ്രാര്‍ഥിച്ചു.”

നൗഷാദിനെ മുസ്‌ലിമായികണ്ടാലെന്തു കുഴപ്പം?
എന്നാല്‍, നൗഷാദിന്റെ മതത്തെ ഒഴിച്ചുനിര്‍ത്തി അയാളെ വെറുമൊരു മനുഷ്യനാക്കുന്നതില്‍ വലിയൊരപകടം മറഞ്ഞിരിക്കുന്നുണ്ടെന്നാണ് ദലിത് പ്രവര്‍ത്തകനായ എ എസ് അജിത് കുമാര്‍ പറയുന്നത്: ”വെള്ളാപ്പള്ളി പറഞ്ഞത് വളരെ നെഗറ്റീവ് ആയിട്ടാണ്. പിന്നാക്ക രാഷ്ട്രീയത്തെ മുസ്‌ലിംകളെ എതിര്‍നിര്‍ത്തി ഉണ്ടാക്കുന്ന ഒരു പദ്ധതി. എന്നാല്‍, വെള്ളാപ്പള്ളിയെ എതിര്‍ക്കുന്നവര്‍ പറയുന്ന ഒരു കാര്യമാണ് ശ്രദ്ധേയം. അവര്‍ക്ക് നൗഷാദ് മുസ്‌ലിം അല്ല. മനുഷ്യന്‍ മാത്രമാണത്രേ. മത ഐഡന്റിറ്റി മായിച്ചു കൊണ്ട് ‘മനുഷ്യന്‍’ എന്നതിലേക്ക് നൗഷാദിനെ ഈ മതേതര മനുഷ്യര്‍ ഉയര്‍ത്തുകയും തങ്ങളിലൊരാളായി കാണുന്നതും എന്തുകൊണ്ട്? രണ്ടു പേരെ രക്ഷിക്കാനായി സ്വന്തം ജീവന്‍ പോലും ബലി കഴിച്ചു എന്നതു കൊണ്ടാണ്. അത് മുസ്‌ലിംകള്‍ ചെയ്യില്ല എന്നതാണല്ലോ പൊതുബോധം. ആക്രമണകാരികളും ആളുകളെ കൊല്ലുന്നവരും സ്ത്രീ വിരുദ്ധരുമാണ് മുസ്‌ലിംകളെന്നു കാണുന്നവര്‍ അവരെതിര്‍ക്കുന്ന വ്യക്തികള്‍ക്ക് മുസ്‌ലിം പേരുണ്ടെങ്കില്‍ അവരുടെ മുസ്‌ലിം ഐഡന്റിറ്റിയില്‍ കിടന്നു അഭിരമിക്കും. നൗഷാദിനെ മുസ്‌ലിമായി കാണില്ല. എന്നാല്‍, അബ്ദു റഹ്മാനെയും കാന്തപുരത്തെയും മുസ്‌ലിം സമുദായങ്ങളുടെ പ്രതിനിധികളായി കണ്ടുകൊണ്ട് മുസ്‌ലിം സമുദായത്തെ ആക്രമിക്കും. ഐഡന്റിറ്റി മറയ്ക്കുകയും വെളിവാക്കുകയും ചെയ്യുന്ന ആധുനിക കളികള്‍ ഇങ്ങനെയൊക്കെയാണെന്നാണ്”

നടേശഗുരുവിന്റെ അര്‍ഥശാസ്ത്രം:
തോമസ് ഐസക് ഡോ. തോമസ് ഐസക് എഴുതുന്നു: കേരള കൗമുദിയില്‍ വെള്ളാപ്പളളിയുടെ യാത്രയെക്കുറിച്ച് വിചിത്രമായ ഒരു റിപോര്‍ട്ടുണ്ട്. ‘ക്ഷേത്രവരുമാനവും ലഭിക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്ക്’ എന്നാണ് തലക്കെട്ട്. ശബരിമലയടക്കമുളള ക്ഷേത്രത്തിലെ വരുമാനം സര്‍ക്കാര്‍ ഖജനാവിനു മുതല്‍ക്കൂട്ടാവുന്നു എന്ന സംഘപരിവാറിന്റെ ഉണ്ടയില്ലാ വെടിയുടെ ആവര്‍ത്തനമായിരിക്കും എന്നാണ് ഞാനാദ്യം കരുതിയത്. അല്ല, വെളളാപ്പളളി പറയുന്നു: കാടാമ്പുഴ ക്ഷേത്രത്തിന്റെ വരുമാനം കോ-ഓപറേറ്റീവ് സൊസൈറ്റിയിലാണ് നിക്ഷേപിക്കുന്നത്. ആ പണം മുഴുവന്‍ പങ്കിടുന്നത് ന്യൂനപക്ഷങ്ങളും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍നിന്നുളള കോടികളുടെ വരുമാനം ബാങ്കിലിടുന്നതു കൊണ്ട് ഹിന്ദുക്കള്‍ക്കെന്തെങ്കിലും പ്രയോജനമുണ്ടോ? ക്ഷേത്രത്തില്‍ വരുമാനമുണ്ടാക്കുന്നത് ഹിന്ദുക്കളാണ്. എന്നാല്‍, ഹിന്ദുക്കളുടെ സമ്പത്തു കൊണ്ടുപോവുന്നത് ന്യൂനപക്ഷങ്ങളാണ്. ബാങ്കില്‍ പണമിട്ടാല്‍ പലിശ കിട്ടും. ഏറ്റവും കൂടുതല്‍ പലിശ കിട്ടുന്ന ബാങ്കിലാണ് പണമിടേണ്ടത്. ക്ഷേത്രങ്ങള്‍ക്കു വേണമെങ്കില്‍ പണം നിലവറയില്‍ സൂക്ഷിക്കാം. അതില്‍നിന്നു ചോര്‍ച്ച ചിലപ്പോള്‍ ഉണ്ടാകുമെന്ന അപകടമല്ലാതെ മറ്റൊരു നേട്ടവുമുണ്ടാകില്ല. ഏതു ബാങ്കിലിട്ടാലും പലിശ കിട്ടും. അതിനാണ് ബാങ്കുകള്‍. അവയാവട്ടെ, മതാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളല്ല. പക്ഷേ, വെളളാപ്പളളി കാണുന്ന വലിയ അപകടം അതല്ല. ഈ ബാങ്കുകള്‍, ഹിന്ദുക്കളുടെ പണത്തില്‍നിന്ന് ന്യൂനപക്ഷങ്ങള്‍ക്കും വായ്പ കൊടുക്കുന്നു. ഹിന്ദുക്കള്‍ ബാങ്കിലിടുന്ന പണം, ഹിന്ദുക്കള്‍ക്കേ വായ്പ നല്‍കാന്‍ പാടുളളൂ എന്നുളള വാദം ആര്‍എസ്എസു പോലും ഉന്നയിച്ചു കേട്ടിട്ടില്ല. വര്‍ഗീയപ്രചരണത്തില്‍ ആര്‍എസ്എസിനെ കടത്തിവെട്ടുകയാണ് വെളളാപ്പളളി. കേരളത്തിലെ ഹിന്ദുക്കളുടെ മനസ്സ് സമത്വമുന്നേറ്റ യാത്രയ്‌ക്കൊപ്പം സഞ്ചരിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല. സത്യത്തില്‍ എത്ര വിശാലഹൃദയയാണ് ടീച്ചര്‍. കേരളത്തിലെ ഏറ്റവും വിഷലിപ്തമായ മനസ്സിന് ഉടമയായ വ്യക്തി എന്ന സ്ഥാനം തന്നില്‍നിന്നു തട്ടിയെടുക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന യാത്രയെപ്പറ്റി നല്ലതു മാത്രം പറയുന്ന ടീച്ചര്‍. ‘ഇതാണ് യഥാര്‍ഥ ഭാരതീയയെ’ന്നു പറയുകയാണ് മാധ്യമപ്രവര്‍ത്തകനായ കെ എ ഷാജി.

‘സമാധാനപരമായ’ സഹവര്‍ത്തിത്വം
മനോരമയുടെ മണ്ണാര്‍ക്കാട് ലേഖകന്‍ പറയുന്നതനുസരിച്ച് പോലിസും മാവോവാദികളും ഏറ്റുമുട്ടിയത് നേര്‍ക്കുനേര്‍ ആണ്. അതും മണിക്കൂറുകള്‍ തോക്കെടുത്തുള്ള ഏറ്റുമുട്ടല്‍. രണ്ടുകൂട്ടരും ഒന്നിനൊന്ന് അഹിംസാവാദികള്‍ ആയതിനാല്‍ ആകാം ആര്‍ക്കും പരിക്കില്ല. ഇതിനു മുന്നേ സൈലന്റ് വാലിയിലും വയനാട്ടിലും ഒക്കെ ഏറ്റുമുട്ടിയതും ഇങ്ങനെ തന്നെ. അപാര മനുഷ്യാവകാശ സംരക്ഷകര്‍ ആയതിനാല്‍ രണ്ടു കൂട്ടരും ആകാശത്തിലേക്ക് ആവും വെടിയുതിര്‍ക്കുക. സമാധാനപരമായ സഹവര്‍ത്തിത്വം ആയിരിക്കുമോ രണ്ടുകൂട്ടരും കാംക്ഷിക്കുന്നത്. ഒന്നുണ്ടെങ്കിലല്ലെ അടുത്തതിന് നിലനില്‍പ്പുള്ളൂ. നിയമസഭ കൂടുന്ന വേളയില്‍ മുല്ലപ്പെരിയാര്‍ മാത്രം പോരാ. മ്യാവോകളും വേണം. പറയുന്നത് കെ എ ഷാജി.

ജയ് എന്‍ഐഎ!
കേരളത്തില്‍നിന്നു തീവ്രവാദം വേരോടെ പിഴുതെറിയാന്‍തക്ക ശിക്ഷവേണം പാനായിക്കുളം കേസിലെ പ്രതികള്‍ക്കു നല്‍കാന്‍ എന്നാണ് പ്രോസിക്യൂഷന്‍ എന്‍ഐഎ കോടതിയില്‍ വാദിച്ചത്. കിട്ടിയത് ജീവപര്യന്തമാണ്, ഓരോരുത്തര്‍ക്കും പന്ത്രണ്ടും പതിനാലും വര്‍ഷം കഠിനതടവും പിഴയും. നിയമം നീതിയെ മറികടക്കുന്ന അവസരങ്ങള്‍ ഏറുന്നത് ജനാധിപത്യത്തിന്റെ പതനത്തെയാണ് അടയാളപ്പെടുത്തുന്നതെന്നായിരുന്നു പലരും ഫേസ്ബുക്കില്‍ അഭിപ്രായപ്പെട്ടത്. പാനായിക്കുളം ഒരു ചാന്ദ്രകളങ്കമാണ് എന്നാണ് സെബിന്‍ എ ജേക്കബ് തന്റെ പോസ്റ്റില്‍ പറയുന്നത്. നാട്ടുകാരുടെയും പോലിസുകാരുടെയും സാന്നിധ്യത്തില്‍ എങ്ങനെ ‘രഹസ്യയോഗം’ നടന്നു എന്നു ചോദിക്കരുത്. അത് രാജ്യദ്രോഹപരമായ ചോദ്യമാണ്. അതുകൊണ്ടാണ് ജനാധിപത്യ ഭാരതത്തിന് ‘രഹസ്യയോഗം’ എന്നതിന് പുതിയ നിര്‍വചനം സംഭാവന ചെയ്തുകൊണ്ട് അവര്‍ ജയിലിലേക്ക് പോകുന്നത് എന്നാണ് ഹര്‍ഷദ് ഫേസ്ബുക്കില്‍ കുറിക്കുന്നത്. മുസ്‌ലിമായതിന്റെ പേരില്‍ ‘അനര്‍ഹമായി’ കിട്ടുന്നതിനെ പറ്റിയാണല്ലോ വെള്ളാപ്പള്ളീ, താങ്കളുടെ പ്രശ്‌നം. ശരിയാണ്, സ്വാതന്ത്ര്യ ദിനത്തില്‍, ഓഡിറ്റോറിയം ബുക്ക് ചെയ്ത്, നോട്ടിസ് അടിച്ച് ‘സ്വാതന്ത്ര്യ സമരത്തിലെ മുസ്‌ലിംകളുടെ പങ്ക്’ എന്ന വിഷയത്തില്‍ നടത്തിയ സ്റ്റഡീ ക്ലാസിനെ രാജ്യദ്രോഹാന്നും പറഞ്ഞ് അഞ്ചു ചെറുപ്പക്കാര്‍ക്ക് പന്ത്രണ്ടും പതിനാലും കൊല്ലം തടവ് നല്‍കിയത് അവര്‍ മുസ്‌ലിമായതിന്റെ പേരില്‍ തന്നെയാണ്. യുഎപിഎ ചുമത്തിയവരുടെ ലിസ്റ്റ് എടുത്തുനോക്കിയാല്‍ ഇനിയും കിട്ടും, ‘അനര്‍ഹമായത്’. അതും മുസ്‌ലിമായതിന്റെ പേരില്‍ മാത്രം- അംജദ് അലി ഇഎം പൊട്ടിത്തെറിച്ചു. പൗരന്മാരെ കൊല്ലുകയും രാജ്യത്തെ അട്ടിമറിച്ച് ഹിന്ദുരാഷ്ട്രം നിര്‍മിക്കാന്‍ ഗൂഢാലോചന നടത്തുകയും ചെയ്ത സംഘപരിവാര ഭീകരരെ കേസുകളില്‍നിന്ന് ഒഴിവാക്കാന്‍ പ്രോസിക്യൂട്ടര്‍മാരെ നിര്‍ബന്ധിക്കുന്ന എന്‍ഐഎ, പാനായിക്കുളത്ത് സെമിനാര്‍ നടത്തിയവരെ രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിക്കാന്‍ നടത്തിയ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്.ജയ്  എന്‍ഐഎ! സി പി മുഹമ്മദാലിയുടെ പരിഹാസം ഒട്ടും കടന്നുപോയിട്ടില്ല.  ി

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 108 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക