|    Oct 15 Mon, 2018 7:01 pm
FLASH NEWS

നഞ്ചഭൂമി മണ്ണിട്ട് നികത്താന്‍ സെക്രട്ടറിയുടെ വിവാദ ഉത്തരവ്‌

Published : 21st September 2017 | Posted By: fsq

 

പൊന്നാനി : പൊന്നാനി നഗരസഭയിലെ ശക്തി തിയറ്ററിനു പുറകുവശത്തെ ഒരേക്കര്‍ വരുന്ന നഞ്ചഭൂമി മണ്ണിട്ട് നികത്താന്‍ അനുമതി നല്‍കിയ സെക്രട്ടറിക്കെതിരെ പരാതി നല്‍കി. കൗണ്‍സിലറും ഭരണകക്ഷി അംഗവുമായ  എ കെ ജബ്ബാറാണ് കൃഷി മന്ത്രി വി എസ് സുനില്‍കുമാറിനും റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനും പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവം പരിശോധിച്ച് സെക്രട്ടറിക്കെതിരേ നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് മന്ത്രിമാര്‍ തദ്ദേശസ്വയംഭരണ മന്ത്രിക്ക് അറിയിപ്പ് നല്‍കി. ഈ മാസം 13നാണ് നടപടി ആവശ്യപ്പെട്ട് മന്ത്രിമാര്‍ നിര്‍ദേശം നല്‍കിയത്. അതേസമയം ഒരാഴ്ച പിന്നിട്ടിട്ടും നടപടി വൈകുന്നതിനെതിരേ വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പ് രൂക്ഷമായിട്ടുണ്ട്. അന്യായമായ ഉത്തരവ് നല്‍കിയ സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാടാണ് ഭരണകക്ഷിയായ സിപിഎം സ്വീകരിച്ചിട്ടുള്ളത്.വകുപ്പുതല നടപടി കൈകൊണ്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നാണ് സിപിഐ നിലപാട്. നേരത്തെ മണ്ണിട്ട ഭൂമിയില്‍ സിപിഐ കൊടിനാട്ടുകയും സംഭവത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കുകയും ചെയ്തിരുന്നു. സെക്രട്ടറിക്കെതിരേയുള്ള പ്രതിപക്ഷത്തിന്റെയും സിപിഐയുടെയും നീക്കം രാഷ്ട്രിയ പ്രേരിതമാണെന്നാണ് സിപിഎം നിലപാട്. അക്കാരണത്താല്‍ എന്തുവിലകൊടുത്തും സെക്രട്ടറിയെ സംരക്ഷിക്കുകയാണ് സിപിഎം ചെയ്യുന്നത്. മണ്ണിട്ട് നികത്താന്‍ നല്‍കിയ ഉത്തരവ് പിഴവ് പറ്റിയതാണെന്നും ഇത് ബോധ്യമായപ്പോള്‍ തിരുത്തിയതായും സെക്രട്ടറിയും ഭരണസമിതിയും വിശദീകരിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ എന്തുവിലകൊടുത്തും സെക്രട്ടറിക്കെതിരേ വകുപ്പുതല നടപടിയെടുപ്പിക്കാനാണ് ഭരണകക്ഷിയില്‍പ്പെട്ട സിപിഐയുടെ ശ്രമം. പ്രതിപക്ഷമായ യുഡിഎഫ് ദുര്‍ബലമായ പൊന്നാനി നഗരസഭയില്‍ ഭരണകക്ഷിയായ സിപിഎമ്മിന് തലവേദന സൃഷ്ടിക്കുന്നത് ഭരണകക്ഷിയില്‍പ്പെട്ട സിപിഐ തന്നെയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss