|    Oct 22 Mon, 2018 2:16 pm
FLASH NEWS

നഞ്ചന്‍കോഡ്-നിലമ്പൂര്‍ റെയില്‍പാത : പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തീരുമാനം

Published : 26th September 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: നഞ്ചന്‍കോഡ്-നിലമ്പൂര്‍ റയില്‍പാതക്കുവേണ്ടി വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ശക്തിപ്പെടുത്താന്‍ നീലഗിരി-വയനാട് എന്‍എച്ച് ആന്റ് റയില്‍വേ ആക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.  നഞ്ചന്‍കോഡ്-നിലമ്പൂര്‍ റയില്‍പാത കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മുന്‍ കേന്ദ്രമന്ത്രി പി സി തോമസ് ഉല്‍ഘാടനം ചെയ്തു.  കേരളത്തിന്റെ ഭാവിവികസനത്തിന് ഇനി നഞ്ചന്‍കോഡ്-നിലമ്പൂര്‍ റയില്‍പാതയാണ് ഏറ്റവും അത്യാവശ്യമെന്ന് പി സി തോമസ് പറഞ്ഞു.  സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ കൈവെടിഞ്ഞ് ഡിഎംആര്‍സി ക്ക് ഫണ്ട് കൈമാറി ഡിപിആര്‍ പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കണം.  സംയുക്ത സംരംഭമായി നഞ്ചന്‍കോഡ്-നിലമ്പൂര്‍ റയില്‍പാത നടപ്പാക്കാന്‍ കേരളസര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. എട്ടു കോടി രൂപ ഡിപിആര്‍ തയ്യാറാക്കാനായി അനുവദിക്കുകയും ഇതില്‍ രണ്ടു കോടി രൂപ ഡിഎംആര്‍സിക്ക് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതാണ്.  എന്നാല്‍ സര്‍ക്കാര്‍ തന്നെ സ്വന്തം തീരുമാനം നടപ്പാക്കാതെ തടഞ്ഞുവെച്ചിരിക്കുന്നു.  ഇതിനുള്ള കാരണം വ്യക്തമാക്കുന്നുമില്ല.  ഇതിനെത്തുടര്‍ന്ന് താന്‍ സംസ്ഥാനസര്‍ക്കാറിനെതിരെ കേരള ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തതായും അദ്ദേഹം പറഞ്ഞു.  തിരുവനന്തപുരത്തുനിന്നും കൊച്ചിയില്‍നിന്നും നൂറ്റിമുപ്പതോളം കിലോമീറ്ററാണ് ഈ പാത വഴി ബാംഗ്ലൂരിലേക്കും ഡല്‍ഹിയിലേക്കും കുറയുക.  കേരളത്തിന്റെ പൊതു ആവശ്യമായി നഞ്ചന്‍കോഡ്-നിലമ്പൂര്‍ റയില്‍പാത ഉയര്‍ത്തിക്കൊണ്ടുവരുന്നതിനായി വിവിധ സ്ഥലങ്ങളില്‍ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കും.  ഒക്‌ടോബര്‍ ആദ്യവാരം നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതയുടെ പ്രാധാന്യം സംബന്ധിച്ച് എറണാകുളത്തു കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ഡോ:ഇ ശ്രീധരന്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന സെമിനാര്‍ സംഘടിപ്പിക്കും. തുടര്‍ന്ന് നടക്കുന്ന ജനകീയ കണ്‍വെന്‍ഷനില്‍  സംസ്ഥാനതല കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും.  തുടര്‍ന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നതിനും സര്‍ക്കാര്‍ അലംഭാവം തുടരുകയാണെങ്കില്‍ തിരുവനന്തപുരത്ത് ശക്തമായ ബഹുജനസമരം സംഘടിപ്പിക്കാനും തീരുമാനിച്ചു. ടി എം റഷീദ്, നിലമ്പൂര്‍-മൈസൂര്‍ റയില്‍വേ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ:ബിജു നൈനാന്‍ എന്നിവരെ വൈസ് ചെയര്‍മാന്മാരായി തെരഞ്ഞെടുത്തു.  പി സി മോഹനന്‍, ബാബു പഴുപ്പത്തൂര്‍, അബ്ദുള്ള മാടക്കര, വി മോഹനന്‍, എം സി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss