|    Oct 23 Tue, 2018 10:32 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

നഞ്ചന്‍കോട്- വയനാട്- നിലമ്പൂര്‍ റെയില്‍പ്പാത : കര്‍ണാടകയെ പഴിചാരി കേരളം ‘പാളം’ വലിക്കുന്നു

Published : 14th May 2017 | Posted By: fsq

 

ജംഷീര്‍ കൂളിവയല്‍

കല്‍പ്പറ്റ: നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍പ്പാത സംബന്ധിച്ച നടപടികള്‍ അനിശ്ചിതത്വത്തിലായതോടെ കര്‍ണാടകയെ കുറ്റപ്പെടുത്തി കേരളം ഒഴിഞ്ഞുമാറുന്നു. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ സബ്മിഷനു റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ജി സുധാകരന്‍ നല്‍കിയ മറുപടിയും കഴിഞ്ഞ ദിവസം കല്‍പറ്റ എംഎല്‍എ സി കെ ശശീന്ദ്രന്‍ മാധ്യമങ്ങള്‍ക്കു നല്‍കിയ വാര്‍ത്താക്കുറിപ്പുമാണ് റെയില്‍പ്പാത സംബന്ധിച്ച കേരള സര്‍ക്കാരിന്റെ നിസ്സംഗത വെളിപ്പെടുത്തുന്നത്. ഈ നീക്കങ്ങള്‍ക്കു പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്ന ആക്ഷേപവുമായി റെയില്‍വേ ആക്ഷന്‍ കമ്മിറ്റിയും രംഗത്തെത്തി. 2017 മാര്‍ച്ച് 17നു ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ ശ്രീധരനും കേരള ചീഫ് സെക്രട്ടറിയും ഗതാഗത വകുപ്പ് സെക്രട്ടറിയും അടക്കമുള്ള ഉന്നത ഉദേ്യാഗസ്ഥരും ബംഗളൂരുവില്‍ കര്‍ണാടക ചീഫ് സെക്രട്ടറിയും വനംവകുപ്പ് ഉദേ്യാഗസ്ഥരുമായി നഞ്ചന്‍കോട്-നിലമ്പൂര്‍ പാതയുടെ വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നതിനുള്ള സര്‍വേ സംബന്ധിച്ചു ചര്‍ച്ച നടത്തിയിരുന്നു. ബന്ദിപ്പൂര്‍ വനത്തിലൂടെ പാത നിര്‍മിക്കുന്നതിനെ കര്‍ണാടക വനംവകുപ്പ് ഉദേ്യാഗസ്ഥര്‍ തുടക്കത്തില്‍ എതിര്‍ത്തുവെങ്കിലും ഇ ശ്രീധരന്‍ നല്‍കിയ വിശദീകരണത്തെത്തുടര്‍ന്ന് ഈ എതിര്‍പ്പുകള്‍ ഇല്ലാതായി. 35 മീറ്റര്‍ താഴ്ചയിലുള്ള ടണലിലൂടെയാണ് ബന്ദിപ്പൂര്‍ വനത്തില്‍ റെയില്‍പ്പാത നിര്‍മിക്കുകയെന്നും ശബ്ദമോ പ്രകമ്പനമോ പുറത്തുവരില്ലെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്. റെയില്‍പ്പാത വന്യമൃഗങ്ങളെയോ പ്രദേശത്തെ ജൈവവൈവിധ്യത്തെയോ യാതൊരുവിധത്തിലും ബാധിക്കില്ലെന്നും ശ്രീധരന്‍ വിവരിച്ചു. റെയില്‍പ്പാത അടയാളപ്പെടുത്താനായി കര്‍ണാടക വനംവകുപ്പ്, കേരള പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിന് ബന്ദിപ്പൂര്‍ വനത്തിന്റെ ഭൂപടം കൈമാറണം, റെയില്‍പ്പാതയുടെ അലൈന്‍മെന്റ് രേഖപ്പെടുത്തിയ ഭൂപടം കര്‍ണാടക വനംവകുപ്പിനു വനത്തില്‍ നേരിട്ട് പരിശോധന നടത്താനായി കൈമാറണം തുടങ്ങിയ തീരുമാനങ്ങളും യോഗത്തിലുണ്ടായി. നിര്‍ദിഷ്ട പദ്ധതിക്കുള്ള തടസ്സങ്ങള്‍ പരിഗണിച്ച് വന്യജീവി സങ്കേതത്തിന്റെയും ജൈവലോലമേഖലയുടെയും പുറത്തുകൂടി മറ്റൊരു അലൈന്‍മെന്റ് സാധ്യമാണോ എന്നു പരിശോധിക്കണമെന്ന ആവശ്യത്തിന്, വനത്തിലൂടെയല്ലാതെ മറ്റൊരു അലൈന്‍മെന്റ് സാധ്യമല്ലെന്ന് ഡിഎംആര്‍സി മറുപടി നല്‍കിയിട്ടുണ്ട്. ഡോ. ഇ ശ്രീധരന്റെ വിശദീകരണത്തോടെ കര്‍ണാടക എതിര്‍പ്പുകള്‍ അവസാനിപ്പിച്ചെങ്കിലും ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ കര്‍ണാടക ഉയര്‍ത്തിയ എതിര്‍പ്പ് ചൂണ്ടിക്കാണിച്ചാണ് കര്‍ണാടക പാതയെ എതിര്‍ക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നത്. പരിസ്ഥിതിലോല പ്രദേശങ്ങള്‍, വന്യജീവി സംരക്ഷണ കേന്ദ്രങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍ എന്നിവ ഒഴിവാക്കി പുതിയ അലൈന്‍മെന്റ് തയ്യാറാക്കാന്‍ കര്‍ണാടക നിര്‍ദേശിച്ചുവെന്നാണ് മന്ത്രി ജി സുധാകരന്‍ സഭയെ അറിയിച്ചത്. കര്‍ണാടക മുന്നോട്ടുവെക്കുന്ന തടസ്സങ്ങള്‍ കാരണം പദ്ധതിയുമായി നിലവിലെ രീതിയില്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നായിരുന്നു കല്‍പറ്റ എംഎല്‍എ സി കെ ശശീന്ദ്രന്റെ പ്രസ്താവന. വന്യജീവികളുടെ സുരക്ഷ ഉറപ്പുവരുത്തി റെയില്‍പ്പാത നിര്‍മിക്കുന്നതിനു യാതൊരു തടസ്സവുമില്ലെന്ന് സുപ്രിംകോടതി നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ട്. ഗാങ്‌ടോക്കില്‍ നിന്നു സിക്കിമിലേക്കുള്ള പുതിയ റെയില്‍പ്പാതയുടെ വന്യജീവിസങ്കേതത്തിലൂടെ കടന്നുപോകുന്ന ഭാഗം ഭൂഗര്‍ഭപാതയായി നിര്‍മിക്കാന്‍ അടുത്തിടെയാണ് സുപ്രിംകോടതിയും വനം-പരിസ്ഥിതി മന്ത്രാലയവും വന്യജീവി ബോര്‍ഡും അനുമതി നല്‍കിയത്. നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പ്പാതയെ സര്‍ക്കാര്‍പോലുമറിയാതെ ഘട്ടംഘട്ടമായി ഇല്ലാതാക്കി പകരം തലശ്ശേരി-മൈസൂര്‍ റെയില്‍പ്പാത നടപ്പാക്കാനുള്ള അവിഹിത ഇടപെടലുകളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നാണ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റിയുടെ ആരോപണം. തലശ്ശേരി-മൈസൂര്‍ റെയില്‍പ്പാത വന്‍ നഷ്ടമാകുമെന്ന് ഡോ. ഇ ശ്രീധരന്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആഗസ്ത് 11ന് സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേക്ക് നല്‍കിയ കത്തില്‍ മുന്‍ഗണനാ പട്ടികയില്‍ നഞ്ചന്‍കോട്-നിലമ്പൂര്‍ പാത മൂന്നാം സ്ഥാനത്തും മൈസൂര്‍-തലശ്ശേരി പാത എട്ടാം സ്ഥാനത്തുമായിരുന്നു.  എന്നാല്‍, പിന്നീട് സംയുക്ത സംരംഭ കമ്പനി പരിഗണിക്കുന്ന പദ്ധതികളുടെ പട്ടികയില്‍ തലശ്ശേരി-മൈസൂര്‍ പാത ഒന്നാം ഘട്ടത്തില്‍ വരുകയും നഞ്ചന്‍കോട്-നിലമ്പൂര്‍ പാത രണ്ടാം ഘട്ടത്തിലേക്കു പിന്തള്ളപ്പെടുകയും ചെയ്തു. ജനുവരി 17നു കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പരിഗണിക്കേണ്ട പദ്ധതികളുടെ മുന്‍ഗണനാ ക്രമം നിശ്ചയിച്ചപ്പോള്‍ തലശ്ശേരി-മൈസൂര്‍ പാത രണ്ടാം സ്ഥാനത്താവുകയും നഞ്ചന്‍കോട്-നിലമ്പൂര്‍ പാത പൂര്‍ണമായും തഴയപ്പെടുകയും ചെയ്തു. ശക്തമായ രാഷ്ട്രീയ സമ്മര്‍ദവും പിന്‍വാതില്‍ ഇടപെടലുകളുമാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം.  മുമ്പ് ആറു സര്‍വേകള്‍ നടത്തിയിട്ടും വന്‍ നഷ്ടമാവുമെന്നുകണ്ട് റെയില്‍വേ ഉപേക്ഷിച്ച പദ്ധതിയാണ് തലശ്ശേരി-മൈസൂര്‍ പാത. നിലവില്‍ റെയില്‍പ്പാതയുള്ള തലശ്ശേരിയില്‍ ഈ പാത പുതുതായി ഒരു വ്യാവസായിക വികസനവും കൊണ്ടുവരില്ലെന്നും പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു.  ഈ പാത വഴി ചരക്കുനീക്കത്തിനും സാധ്യതകളില്ല. എന്നാല്‍, 160 കിലോമീറ്റര്‍ വരുന്ന നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പ്പാത കേരളത്തിന്റെ മുഴുവന്‍ പ്രദേശങ്ങള്‍ക്കും തമിഴ്‌നാട്ടിലെ നീലഗിരി, കോയമ്പത്തൂര്‍, കന്യാകുമാരി, തിരുനെല്‍വേലി ജില്ലകള്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യും. കൊച്ചി-വിഴിഞ്ഞം തുറമുഖങ്ങളുടെ വികസനത്തിനും കേരളത്തിലേക്കുള്ള ചരക്കുനീക്കത്തിനും നഞ്ചന്‍കോട്-നിലമ്പൂര്‍ പാത കൂടിയേ കഴിയൂ. കേരളത്തിനും കര്‍ണാടകയ്ക്കുമിടയില്‍ വനത്തിലൂടെ കടന്നുപോകുന്ന നിരവധി റോഡുകളിലെ വാഹനത്തിരക്ക് കുറയ്ക്കാന്‍ കഴിയുമെന്നതിനാല്‍ പാരിസ്ഥിതികമായും നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍പ്പാതയ്ക്ക് പ്രാധാന്യമേറെയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss