|    Feb 25 Sun, 2018 6:49 pm
FLASH NEWS

നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാത സംസ്ഥാന സര്‍ക്കാര്‍ രണ്ടുകോടി ഡിഎംആര്‍സിക്ക് കൈമാറി

Published : 21st January 2017 | Posted By: fsq

 

കല്‍പ്പറ്റ: നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍പ്പാതയുടെ പ്രാരംഭ പ്രവര്‍ത്തനത്തിനായി രണ്ടുകോടി രൂപ സര്‍ക്കാര്‍ ഡിഎംആര്‍സിക്ക് കൈമാറി. സര്‍വേ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച എട്ടുകോടി രൂപയില്‍ ആദ്യ ഗഡുവായാണ് രണ്ടുകോടി കൈമാറിയത്. ഇതുസംബന്ധിച്ച ഉത്തരവ് ഇന്നലെ ധനമന്ത്രലായം പുറത്തിറക്കി. കഴിഞ്ഞ ഒമ്പതിനു ചേര്‍ന്ന, ഡിഎംആര്‍സി ചെയര്‍മാന്‍ ഡോ. ഇ ശ്രീധരന്‍ പങ്കെടുത്ത ജനപ്രതിനിധികളുടെ യോഗം റെയില്‍പ്പാതയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സര്‍ക്കാര്‍ നടപടിയും. പാതയ്ക്ക് ആകെ 5,000 കോടി ചെലവ് വരുമെന്നാണ് പ്രതീക്ഷ. ഇതില്‍ 2,500 കോടി റെയില്‍വേയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നു വഹിക്കും. ബാക്കി 2,500 കോടി വായ്പയായി സമാഹരിക്കാം. ഇതില്‍ സംസ്ഥാനം 1,300 കോടി രൂപ നീക്കിവച്ചാല്‍ മതിയാവും. സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി നല്‍കേണ്ട തുകയില്‍ നിന്നാണ് ആദ്യഗഡുവായി രണ്ടുകോടി നല്‍കുന്നത്. 2016 ജൂണ്‍ എട്ടിനാണ് സംസ്ഥാന സര്‍ക്കാര്‍ പാതയുടെ ഡിപിആര്‍ തയ്യാറാക്കാന്‍ ഡിഎംആര്‍സിയെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയത്. വിശദമായ പ്രൊജക്റ്റ് റിപോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കാന്‍ ജൂണ്‍ 24നാണ് ഡിഎംആര്‍സിയെ ചുമതലപ്പെടുത്തിയത്. എട്ടു കോടി രൂപ അനുവദിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അതിനു ശേഷമാണ് ട്രാഫിക് സര്‍വേയും മറ്റ് ഔദ്യോഗിക പ്രവൃത്തികളും ഡിഎംആര്‍സി പൂര്‍ത്തിയാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായത്. ജനുവരി മൂന്നിന് കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ എന്ന പേരില്‍ റെയില്‍വേയുമായി സംയുക്ത കമ്പനി രൂപീകരിച്ചു. ഒമ്പതിനു ചേര്‍ന്ന യോഗത്തില്‍ റെയില്‍പ്പാതയ്ക്കായി 18 മാസം കൊണ്ട് വിശദമായ പ്രൊജക്റ്റ് റിപോര്‍ട്ട് തയ്യാറാക്കാന്‍ കഴിയുമെന്ന് ഇ ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു. അങ്ങനെ വന്നാല്‍ ആറുവര്‍ഷം കൊണ്ട് പാത യാഥാര്‍ഥ്യമാക്കാന്‍ കഴിയും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss