|    Mar 30 Thu, 2017 10:22 am
FLASH NEWS

നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പ്പാത: മൈസൂരുവില്‍ യോഗം ചേര്‍ന്നു

Published : 30th July 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: മൈസൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി, വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ്, നീലഗിരി-വയനാട് എന്‍എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി എന്നിവയുടെ സംയുക്തയോഗം മൈസൂരില്‍ ചേര്‍ന്ന് നഞ്ചന്‍കോട്- നിലമ്പൂര്‍ റെയില്‍പ്പാതയുടെ ഭാവി കര്‍മപരിപാടികള്‍ ആസൂത്രണം ചെയ്തു.
റെയില്‍പ്പാത അനുവദിക്കുന്നതിന് കര്‍ണാടകയിലെ ചേംബര്‍ ഓഫ് കൊമേഴ്‌സുകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കര്‍ണാടകയുടെ വാണിജ്യ-വ്യവസായ വികസനത്തിന് ബാംഗ്ലൂരിനെയും മൈസൂരിനെയും കൊച്ചി തുറമുഖവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പ്പാത വലിയ പങ്കുവഹിക്കും. ബാംഗ്ലൂരില്‍നിന്ന് ആറു മണിക്കൂര്‍ കൊണ്ട് കൊച്ചിയിലെത്താവുന്ന റെയില്‍ ഇടനാഴിയാണ് നഞ്ചന്‍കോട്-നിലമ്പൂര്‍ ഭാഗം പൂര്‍ത്തിയാവുന്നതോടെ സാധ്യമാവുക. പാതയുടെ പരിസ്ഥിതി പ്രാധാന്യവും ചര്‍ച്ച ചെയ്തു. മൈസൂരിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ വന്യയുടെ പ്രതിനിധി പ്രവീണും യോഗത്തില്‍ പങ്കെടുത്തു. റെയില്‍പ്പാത പൂര്‍ത്തിയാവുന്നതോടെ വയനാട്ടിലെയും പശ്ചിമഘട്ടത്തിലെയും റോഡുകളില്‍നിന്ന് ആയിരക്കണക്കിന് മോട്ടോര്‍വാഹനങ്ങളും കാര്‍ബണ്‍ മലിനീകരണവും ഇല്ലാതാവും.
ബാംഗ്ലൂര്‍, മൈസൂര്‍ നഗരങ്ങളുടെ പ്രധാന കുടിവെള്ള സ്രോതസ്സ് വയനാട്ടില്‍ ഉല്‍ഭവിക്കുന്ന കബനിയാണ്.  കാര്‍ബണ്‍ മലിനീകരണമില്ലാത്ത ജലലഭ്യത ഉറപ്പുവരുത്താന്‍ കൂടി ഈ റെയില്‍പ്പാത കൊണ്ട് സാധിക്കും. വെറും 10.5 കിലോമീറ്റര്‍ ദൂരം മാത്രമാണ് ഈ പാത വനത്തിലൂടെ കടന്നുപോവുന്നത്.  കര്‍ണാടകയിലെ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ പാതയുടെ തുടര്‍നടപടികള്‍ വേഗത്തിലാക്കാനായി മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. യോഗത്തില്‍ മൈസൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി പ്രസിഡന്റ് എ എസ് സതീഷ്, സെക്രട്ടറി എം സി ബെന്‍സാലി, വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി, നീലഗിരി-വയനാട് എന്‍എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ. ടി എം റഷീദ്, മോഹന്‍ ചന്ദ്രഗിരി, അഡ്വ. സാദിഖ് നീലിക്കണ്ടി, ടി ഒ റെയ്മണ്‍, ജോസ് കപ്യാര്‍മല, മോഹന്‍ നവരംഗ്, ശിവാജി റാവു, ബാബു സംസാരിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day