|    Jul 20 Fri, 2018 2:02 pm
FLASH NEWS

നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍ : പ്രക്ഷോഭം ശക്തമാക്കാന്‍ ആക്ഷന്‍ കമ്മിറ്റി

Published : 24th September 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാത അട്ടിമറിക്കുന്നതിനെതിരേ ശക്തമായ ജനകീയ മുന്നേറ്റമുണ്ടാവുമെന്നു നീലഗിരി വയനാട് എന്‍എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി. കേരളത്തിന്റെ വികസനത്തിന് ഇനി ഏറ്റവും അത്യാവശ്യം നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാതയാണ്. കന്യാകുമാരി മുതല്‍ കോഴിക്കോട് വരെയും ഷൊര്‍ണൂര്‍ മുതല്‍ വയനാട് വരെയുമുള്ള പ്രദേശത്ത് നിന്നു ബംഗളൂരുവിലേക്കും മൈസൂരുവിലേക്കുമുള്ള എളുപ്പമാര്‍ഗമാണ് ഈ പാത. എന്നാല്‍, കേന്ദ്രാനുമതി ലഭിക്കുകയും 3000 കോടി രൂപ കേന്ദ്രം വകയിരുത്തുകയും ചെയ്ത പാതയെ കണ്ണൂര്‍ ജില്ലയുടെ ഏതാനും ഭാഗങ്ങള്‍ക്കു മാത്രം പ്രയോജനപ്പെടുന്ന തലശ്ശേരി-മൈസൂരു പാതയ്ക്കു വേണ്ടി അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ഇതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണം. അനുമതി ലഭിക്കാത്ത തലശ്ശേരി-മൈസൂരു പാതയ്ക്കായി കേരള സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയെ ബംഗളൂരുവിലയച്ച് ചര്‍ച്ച നടത്തിയെങ്കിലും നിലമ്പൂര്‍-നഞ്ചന്‍കോട് പാതയുടെ കാര്യത്തില്‍ നിസ്സംഗത തുടരുകയാണ്. വന്‍ നഷ്ടമാവുമെന്നു വിവിധ ഏജന്‍സികള്‍ റിപോര്‍ട്ട് നല്‍കിയ തലശ്ശേരി-മൈസൂരു പാതയ്ക്കു വേണ്ടി വന്‍ ലാഭമുണ്ടാക്കുന്ന, കേരളത്തിന് മുഴുവന്‍ പ്രയോജനപ്പെടുന്ന പാതയെ ഇല്ലാതാക്കുന്ന നടപടി അംഗീകരിക്കാനാവില്ല. നിലമ്പൂര്‍-നഞ്ചന്‍കോട് പാതയ്ക്കായി വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ ഏകോപിപ്പിച്ച് ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ആക്ഷന്‍ കമ്മിറ്റി മുന്‍കൈയെടുക്കും. ഇതിന്റെ ഭാഗമായി നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍ പാതാ കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മുന്‍ കേന്ദ്രമന്ത്രി പി സി തോമസ് പങ്കെടുക്കുന്ന  കണ്‍വന്‍ഷന്‍ നാളെ രാവിലെ 10ന് സുല്‍ത്താന്‍ ബത്തേരി വ്യാപാരഭവനില്‍ ചേരും. ഇതിന്റെ തുടര്‍ച്ചയായി ഒക്ടോബര്‍ ആദ്യവാരം എറണാകുളത്ത് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മേഖലയിലെ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന വിപുലമായ കണ്‍വന്‍ഷനും സംഘടിപ്പിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss