|    Oct 17 Wed, 2018 3:53 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

നജീബ് അഹ്മദിന്റെ തിരോധാനം : അന്വേഷണം പൂര്‍ത്തിയാക്കാന്‍ സിബിഐ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍

Published : 7th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: എബിവിപി പ്രവര്‍ത്തകരുടെ മര്‍ദനത്തെ തുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) കാംപസില്‍ നിന്നു കാണാതായ നജീബ് അഹ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍  അന്വേഷണത്തിനു കൂടുതല്‍ സമയം വേണമെന്ന് സിബിഐ. ഡല്‍ഹി ഹൈക്കോടതിയില്‍ അന്വേഷണസ്ഥിതി സംബന്ധിച്ച് റിപോര്‍ട്ട് സമര്‍പ്പിച്ചാണ് സിബിഐ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.   എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതി സിബിഐക്ക് നിര്‍ദേശം നല്‍കി. നജീബിനെ കണ്ടെത്തുന്നതിന് അന്വേഷണത്തിന്റെ  എല്ലാ വഴികളും സ്വീകരിക്കണമെന്നും സിബിഐയോട് കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ ഒക്ടോബര്‍ 14ന് അര്‍ധരാത്രിയാണ് ജെഎന്‍യു കാംപസില്‍ നിന്ന് ബയോടെക്‌നോളജി വിദ്യാര്‍ഥിയായ നജീബിനെ കാണാതായത്. ഹോസ്റ്റല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാക്കു തര്‍ക്കത്തെ തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകര്‍ നജീബിനെ ക്രൂരമായി മര്‍ദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കാണാതാവുന്നത്. ഇക്കാര്യം ജെഎന്‍യു അധികൃതര്‍ നിയോഗിച്ച അന്വേഷണസംഘം കണ്ടെത്തുകയും എബിവിപി പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് റിപോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.അതേസമയം, തിരോധാനവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലിസിലെ പ്രത്യേക വിഭാഗം അന്വേഷണം നടത്തിയിരുന്നെങ്കിലും പുരോഗതിയുണ്ടായിരുന്നില്ല. തുടര്‍ന്ന് നജീബിന്റെ മാതാവ് കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കേസ് സിബിഐക്ക് വിട്ടത്. എന്നാല്‍ കേസില്‍ സിബിഐയും കാര്യമായ അന്വേഷണം നടത്തുന്നില്ലെന്ന ആക്ഷേപമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss