|    Apr 24 Mon, 2017 3:10 am
FLASH NEWS

നജീബിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നെന്ന് പോലിസ്; ഇല്ലെന്ന് ബന്ധുക്കള്‍

Published : 9th November 2016 | Posted By: SMR

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ (ജെഎന്‍യു) നിന്നു കാണാതായ വിദ്യാര്‍ഥി നജീബ് അഹമ്മദിന് മാനസികാസ്വസ്ഥ്യമുണ്ടായിരുന്നുവെന്ന് ഡല്‍ഹി പോലിസ്. ഉറക്കമില്ലായ്മയ്ക്ക് അദ്ദേഹം മരുന്നുകുടിച്ചിരുന്നുവെന്നും സാധാരണ ആഗ്രഹങ്ങള്‍ക്ക് വിപരീതമായി പ്രവര്‍ത്തിക്കുന്ന ഒരുതരം രോഗത്തിന് അടിമയായിരുന്നുവെന്നുമാണ് പോലിസ് വൃത്തങ്ങള്‍ പറയുന്നത്.
നജീബ് അഹമ്മദ് സ്വമേധയാ ഹോസ്റ്റല്‍ ഉപേക്ഷിച്ച് പോയതായിരിക്കുമെന്ന നിഗമനത്തിലാണ് പോലിസ് എത്തിയിരിക്കുന്നത്. എബിവിപി പ്രവര്‍ത്തകരുടെ മര്‍ദനത്തെ തുടര്‍ന്ന് ഒക്ടോബര്‍ 15നാണ് നജീബിനെ ഹോസ്റ്റലില്‍നിന്ന് കാണാതായത്.  അതേസമയം, ഡല്‍ഹി പോലിസ് കഥകള്‍ മെനയുകയാണെന്ന് നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് പറഞ്ഞു. നജീബ് പൂര്‍ണ ആരോഗ്യവാനായിരുന്നു. എന്റെ മകനെ കണ്ടെത്താന്‍ കഴിയാത്ത പോലിസ് ഇത്തരത്തില്‍ കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു.
നജീബിനെ കണ്ടെത്തുന്നതിന് പകരം പോലിസ് അവനെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നായിരുന്നു നജീബിന്റെ സഹോദരി സദഫിന്റെ പ്രതികരണം. നജീബിനെ കണ്ടെത്താനായി ഡല്‍ഹി പോലിസ് പരമാവധി ശ്രമിക്കുന്നുണ്ടെന്ന് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജംഗ് പറഞ്ഞു. നജീബ് വിഷാദ രോഗത്തിന് ചികില്‍സ തേടിയിരുന്നുവെന്ന് ജംഗും വ്യക്തമാക്കി. ഞങ്ങള്‍ നല്ല നിലയില്‍തന്നെ തിരച്ചില്‍ നടത്തുന്നുണ്ടെന്നും തിരച്ചില്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ, നജീബ് അഹമ്മദിന്റെ മാതാവ് ഫാത്തിമാ നഫീസ്, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെയും ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജംഗിനേയും കണ്ടു. ഇരുവരും നജീബിനെ കണ്ടെത്താനുള്ള എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
അതേസമയം, നജീബിനെ കണ്ടെത്താന്‍ വൈകുന്നതിലും അക്രമികളായ എബിവിപി പ്രവര്‍ത്തകര്‍ക്കെതിരേ നടപടി എടുക്കാത്തതിലും പ്രതിഷേധിച്ച് കാംപസിന് അകത്തും പുറത്തും വന്‍ പ്രതിഷേധമാണ് നടക്കുന്നത്.
ജെഎന്‍യുവിലെ ഗര്‍ഭനിരോധ ഉറകളുടെ എണ്ണം കണ്ടെത്തിയ കേന്ദ്രസര്‍ക്കാരിന് ഒരു മാസത്തോളമായി കാണാതായ നജീബിനെ കണ്ടെത്താന്‍ സാധിക്കുന്നില്ലെന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ പരിഹസിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day