|    Oct 18 Wed, 2017 6:40 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

നജഫ്ഗഡില്‍ നിന്നൊരു രാജകുമാരി

Published : 2nd February 2016 | Posted By: SMR

പി എന്‍ മനു

കോഴിക്കോട്: ഡല്‍ഹിയിലെ നജഫ്ഗഡെന്ന കൊച്ചുഗ്രാമം ഇതിനു മുമ്പ് പ്രശസ്തമായത് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗിലൂടെയാണ്. നജഫ്ഗഡിലെ രാജാവെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന സെവാഗിന്റെ നാട്ടില്‍ നിന്ന് ഒരു രാജകുമാരി കൂടി ഉദയം ചെയ്തിരിക്കുന്നു. ഹര്‍ഷിത സെഹ്‌റാവത്തെ ന്ന കൊച്ചുമിടുക്കിയാണ് നജഫ്ഗഡിന്റെയും ഡല്‍ഹിയുടെയും അഭിമാനമായത്.
ദേശീയ സ്‌കൂള്‍ കായികമേളയുടെ നാലാംദിനമായ ഇന്നലത്തെ ശ്രദ്ധാകേന്ദ്രം നജഫ്ഗഡില്‍ നിന്നുള്ള വിസ്മയതാരം ഹര്‍ഷിതയായിരുന്നു. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ ഹ ര്‍ഷിതയുടെ തകര്‍പ്പന്‍ പ്രകടനത്തിനു മുന്നില്‍ ദേശീയ റെക്കോഡാണ് തരിപ്പണമായത്. ദേശീയ റെക്കോഡിനെ ബഹുദൂരം പിന്നിലാക്കിയ ഈ കൊച്ചുമിടുക്കി രാജ്യത്തിന്റെ തന്നെ ഭാവിവാഗ്ദാനമാണെന്ന് തെളിയിച്ചുകഴിഞ്ഞു.
46.35 മീറ്ററെന്ന അടുത്ത കാലത്തൊന്നും ഒരുപക്ഷെ ആര്‍ക്കും എത്തിപ്പിടിക്കാനാവാത്ത ദൂരമാണ് ഹര്‍ഷിത മല്‍സരത്തില്‍ കുറിച്ചത്. ആദ്യ ഏറില്‍ തന്നെ 42 മീറ്റര്‍ ദൂരം പിന്നിട്ട് റെക്കോഡ് തിരുത്തിയ താരം തൊട്ടടുത്ത ഏറില്‍ ഇത് വീണ്ടും മെച്ചപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന റാഞ്ചി മീറ്റില്‍ ഉത്തര്‍പ്രദേശിന്റെ ഐഷ പട്ടേല്‍ സ്ഥാപിച്ച 36.60 മീറ്ററെന്ന റെക്കോഡാണ് ഹര്‍ഷിതയ്ക്കു മുന്നില്‍ വഴിമാറിയത്. അന്നു മല്‍സരിച്ചപ്പോള്‍ ഏഴാംസ്ഥാനവുമായി നിരാശയായി മടങ്ങേണ്ടിവന്ന ഹര്‍ഷിത ഇത്തവണ റെക്കോഡ് പ്രകടനവുമായി തിരിച്ചുവരികയായിരുന്നു.
ദേശീയ ജൂനിയര്‍ മീറ്റില്‍ സുവര്‍ണനേട്ടം കൊയ്യുകയെന്ന ലക്ഷ്യത്തോടെ തയ്യാറെടുക്കുന്ന ഹര്‍ഷിത ഡല്‍ഹി ശാന്തി ഗ്യാന്‍ നികേതന്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. സുനില്‍ സെറാവത്ത്- രേണു സെറാവത്ത് എന്നിവരുടെ മകളായ ഹര്‍ഷിതയെ പരിശീലിപ്പിക്കുന്നത് സതീന്ദ്ര യാദവാണ്.
ഹര്‍ഷിതയുടെ മാസ്മരിക പ്രകടനം കണ്ട മല്‍സരത്തില്‍ കേരളത്തിനും അല്‍പ്പം അഭിമാനിക്കാന്‍ വകയുണ്ട്. കേന്ദ്രീയ വിദ്യാലയത്തിനായി മല്‍സരിച്ച തമിഴ്‌നാട്ടില്‍ നിന്നുള്ള മലയാളി താരം എം മേധയ്ക്കാണ് ഈയിനത്തില്‍ വെള്ളി. ദേശീയ റെക്കോഡിനെ മറികടന്ന പ്രകടനവുമായാണ് മേധ വെള്ളി കരസ്ഥമാക്കിയത്. 37.76 മീറ്റര്‍ ദൂരമാണ് താരം എറിഞ്ഞത്. ചെന്നൈ താംബരത്തു താമസിക്കുന്ന ബിഎസ്എന്‍എല്‍ ജീവനക്കാരനായ കെ എസ് മനോജിന്റെയും അധ്യാപികയായ സുചിത്രയുടെയും മകളാണ് മേധ. കഴിഞ്ഞ റാഞ്ചി മീറ്റില്‍ താരം നാലാംസ്ഥാനത്തായിരുന്നു. പെരുമാള്‍ രാമസ്വാമിയാണ് മേധയുടെ പരിശീലകന്‍.
കേരളത്തിന്റെ പി ആര്‍ ഐശ്വര്യയാണ് ഈയനത്തി ല്‍ വെങ്കലം കരസ്ഥമാക്കിയത്. 34.62 മീറ്ററാണ് താരം എറിഞ്ഞ ദൂരം. എന്നാല്‍ കഴിഞ്ഞ സ്‌കൂള്‍ മീറ്റില്‍ 38 മീറ്റര്‍ എറിഞ്ഞ് താരം സ്വര്‍ണം കരസ്ഥമാക്കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക