|    Nov 21 Wed, 2018 9:20 am
FLASH NEWS

നങ്ങേലിയുടെ ആത്മാഹുതി

Published : 26th July 2016 | Posted By: mi.ptk

പി വി വേണുഗോപാല്‍

‘ഏതീരടി ചൊല്ലി നിര്‍ത്തണമെന്നറിയാതെ
ഞാനെന്തിനോ കാതോര്‍ത്തു നില്‍ക്കവെ
നിശ്ശബ്ദരാക്കപ്പെടുന്ന മനുഷ്യര്‍തന്‍
ശബ്ദങ്ങളെങ്ങു നിന്നോ കേള്‍ക്കുന്നു
നമ്മള്‍ ജയിക്കും ജയിക്കുമൊരുദിനം
നമ്മളൊറ്റക്കല്ല നമ്മളാണീ ഭൂമി’…

ലയാളത്തിന്റെ മഹാകവി ഒഎന്‍വി കുറുപ്പിന്റെ ‘ദിനാന്തം’ എന്ന കവിതയിലെ മുന്‍പറഞ്ഞ വരികള്‍ ഉദ്ധരിച്ചാണ് ധനമന്ത്രി ഡോ. തോമസ് ഐസക് കേരളത്തിന്റെ ബജറ്റ് അവതരിപ്പിച്ച് അവസാനിപ്പിച്ചത്. ഏതീരടി ചൊല്ലി നിര്‍ത്തണമെന്നറിയാതെ കുഴങ്ങി നിന്ന മന്ത്രിയുടെ കാതില്‍ ഖജനാവ് നിറയ്ക്കാന്‍ അധികാരിവര്‍ഗം നടത്തിയ ഹിസാംത്മകമായ നീക്കങ്ങളില്‍ അരഞ്ഞു പോയ അടിയാളരുടെ പരശ്ശതം നിലവിളി ശബ്ദങ്ങള്‍ പതിഞ്ഞിട്ടുണ്ടാവണം. അതിലൊന്ന് തീര്‍ച്ചയായും നങ്ങേലിയുടേതായിരിക്കും. ഖജനാവ് നിറയ്ക്കാന്‍ അധികാരിവര്‍ഗം നടത്തിയ പ്രാകൃതമായ നികുതി പിരിവിനെതിരേ മുലയറുത്ത് പ്രതിഷേധിച്ച നങ്ങേലിയുടെ ശബ്ദം.
1800കളുടെ തുടക്കത്തിലായിരുന്നു ചേര്‍ത്തല കരപ്പുറം കാപ്പുന്തല കുടുംബത്തിലെ നങ്ങേലിയുടെ വിപ്ലവകരമായ ജീവനൊടുക്കല്‍. അക്കാലത്ത് മലയാളി സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. ജാത്യാചാരപ്രകാരം പുരുഷന്മാര്‍ കുപ്പായമിടുന്നതും സ്ത്രീകള്‍ ബ്ലൗസും ജാക്കറ്റും ധരിക്കുന്നതും അത്ര സാധാരണമായിരുന്നില്ല എന്നു മാത്രമല്ല, അങ്ങനെ ചെയ്യുന്നത് ധിക്കാരമാണെന്നു കൂടി ചിലര്‍ വ്യാഖ്യാനിച്ചിരുന്നുവെന്നാണ് മലബാര്‍ മാന്വലില്‍ വില്യം ലോഗന്‍ പറയുന്നത്. നമ്പൂതിരിമാരുടെ ആഹ്ലാദത്തിനുവേണ്ടി നായര്‍ സ്ത്രീകള്‍ മാറുമറയ്ക്കരുതെന്ന് പരശുരാമന്‍ വിലക്കിയിരുന്നെന്ന അസംബന്ധ കഥയായിരുന്നത്രെ ഈ ദുഷിച്ച ജാത്യാചാരത്തിന്റെ കാതല്‍.

2

 

കുറച്ചുനാള്‍ യൂറോപ്പില്‍ താമസിച്ച ശേഷം തിരികെ വന്ന ഒരു നായര്‍ യുവതി ആറ്റിങ്ങല്‍ റാണിയുടെ മുമ്പില്‍ മറച്ച മാറുമായി ചെന്നപ്പോള്‍ റാണി കൊടുത്ത കല്‍പന ആ മാറ് ഛേദിച്ചുകളയാനാണ് എന്ന് ‘ചില കേരള ചരിത്ര പ്രശ്‌നങ്ങള്‍’ എന്ന ഗ്രന്ഥത്തില്‍ പ്രഫ. ഇളങ്കുളം കുഞ്ഞന്‍പിള്ള പറയുന്നു. അപരിഷ്‌കൃതമായ അവസ്ഥയ്ക്കു മാറ്റംവരുത്താന്‍ യത്‌നിച്ച ഒരുപക്ഷേ ആദ്യത്തെ സാമൂഹിക പരിഷ്‌കര്‍ത്താവ് ടിപ്പു സുല്‍ത്താനായിരുന്നു. 1788ല്‍ ടിപ്പു സുല്‍ത്താന്‍ കോഴിക്കോട് സന്ദര്‍ശിച്ച വേളയില്‍ എല്ലാ സ്ത്രീകളോടും മാറ് മറച്ചു നടക്കാന്‍ കല്‍പനയുണ്ടായി. പക്ഷേ,   സവര്‍ണരുടെ മേല്‍ക്കോയ്മ ഭയപ്പെട്ടിരുന്ന സ്ത്രീകള്‍  മാറ് മറയ്ക്കാന്‍ വിസമ്മതിച്ചതായും അതില്‍ കുപിതനായ ടിപ്പുസുല്‍ത്താന്‍ മാറു മറയ്ക്കാത്തവരുടെ സ്തനങ്ങള്‍ ഛേദിച്ചു കളയാന്‍ വരെ ഉത്തരവിട്ടിരുന്നതായും കേരള സാംസ്‌കാരിക ചരിത്രത്തില്‍ കാണുന്നു. തുടര്‍ന്നുവന്ന ക്രിസ്ത്യന്‍ മിഷനറിമാരിലൂടെയാണ് മാറുമറയ്ക്കാനുള്ള അവകാശബോധം സ്ത്രീകളില്‍ അങ്കുരിച്ചു തുടങ്ങിയത്.

മുലക്കരത്തിനെതിരേ നങ്ങേലിയുടെ ആത്മാഹുതി
എന്നാല്‍, മലയാള സ്ത്രീകളുടെ മാറു മറയ്ക്കാനുള്ള ത്വരയെ എങ്ങനെ പണമാക്കി മാറ്റാമെന്നതായിരുന്നു തിരുവിതാംകൂര്‍ ഭരിച്ച രാജാക്കന്മാരുടെ ചിന്ത. മാറു മറയ്ക്കുന്നവരില്‍ നിന്ന് നികുതിയീടാക്കുക എന്ന തീരുമാനത്തിലാണ് ആ ചിന്ത അവസാനിച്ചത്. അങ്ങനെയാണ് മുലക്കരത്തിന്റെ ആരംഭം. നികുതി പിരിച്ചെടുക്കാന്‍ വാളും പരിചയുമായി രാജകിങ്കരന്മാരാണ് എത്തുക. നങ്ങേലി പാവപ്പെട്ട ഒരു ഈഴവ കുടുംബത്തിലാണ് ജനിച്ചത്. മുലക്കരം കൊടുക്കാന്‍ ഒരു വഴിയുമില്ല. നികുതി പിരിക്കാന്‍ പാര്‍വത്യക്കാരന്റെ നേതൃത്വത്തില്‍ കിങ്കരന്മാര്‍ പലവട്ടം വന്നുപോയി. പല ഭീഷണിയും മുഴക്കി. ഒരു ദിവസം നികുതി പിരിക്കാന്‍ അവര്‍ വീണ്ടും വന്നു. ഭീഷണിപ്പെടുത്തി. സഹിക്കവയ്യാതായപ്പോള്‍ നങ്ങേലി തന്റെ രണ്ട് മുലകളും കത്തികൊണ്ട് മുറിച്ച് ഒരു നാക്കിലയില്‍ പാര്‍വത്യക്കാര്‍ക്ക് നേരെ നീട്ടി. അധികം താമസിയാതെ നങ്ങേലി ബോധംകെട്ടു വീണ് രക്തം വാര്‍ന്ന് മരിക്കുകയും ചെയ്തു. വിവരമറിഞ്ഞ് ഓടിയെത്തിയ ഭര്‍ത്താവ് കണ്ടപ്പന്‍ നങ്ങേലിയെ ദഹിപ്പിച്ച ചിതയില്‍ച്ചാടി ആത്മഹത്യ  ചെയ്തു. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല പട്ടണത്തില്‍ ‘മുലച്ചിപ്പറമ്പ്’ എന്ന സ്ഥലം ഇപ്പോഴും സ്ഥിതിചെയ്യുന്നുണ്ട്.
3നങ്ങേലി ജീവനൊടുക്കിയതിനുശേഷം മുലക്കരം നിയമംമൂലം നിര്‍ത്തലാക്കിയെങ്കിലും മലയാളത്തിലെ അവര്‍ണ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനുള്ള അവകാശം അംഗീകരിച്ചു കൊടുക്കാന്‍ മാടമ്പിതമ്പുരാക്കന്മാര്‍ തയ്യാറായില്ല. ആറാട്ടുപുഴ വേലായുധപ്പണിക്കരും മഹാത്മ അയ്യങ്കാളിയുടെയുമൊക്കെ നേതൃത്വത്തില്‍ രക്തരൂഷിതമായ നിരവധി സമരങ്ങള്‍ തന്നെ വേണ്ടിവന്നു ആ അവകാശം സ്ഥാപിച്ചെടുക്കാന്‍. അതിലേറ്റവും പ്രധാനപ്പെട്ടതാണ് ചാന്നാര്‍ ലഹള. ചാന്നാര്‍ ലഹള, റാണി ഗൗരി പാര്‍വതി ബായിയുടെ കാലത്ത് 1822ലാണ് ആരംഭിച്ചത്. 1829ല്‍ അവസാനിക്കുകയും ചെയ്തു.          ആദ്യഘട്ടത്തില്‍ ചാന്നാര്‍ സ്ത്രീകള്‍ മാറ് മറയ്ക്കാനുള്ള അവകാശം നേടിയെടുത്തു. രണ്ടാം ഘട്ടത്തില്‍ മാറിലെ ജാക്കറ്റിന് പുറത്ത് ഒരു രണ്ടാംമുണ്ട് കൂടി ഉപയോഗിക്കാനുള്ള അവകാശവും നേടിയെന്ന് ദലിത് ബന്ധു എന്‍ കെ ജോസ് വിവരിക്കുന്നു.
അവര്‍ണ സ്ത്രീകള്‍ മാറുമറയ്ക്കാതിരിക്കുക എന്നത് സവര്‍ണരുടെ ആചാരങ്ങളില്‍പ്പെട്ടതാണ്, അതിനെ ഭേദഗതി ചെയ്യാന്‍ ഒരു ദിവാനും റസിഡന്റിനും അധീശശക്തിക്കും അധികാരമില്ല എന്ന നിലപാടാണ് അന്ന് സവര്‍ണര്‍ സ്വീകരിച്ചത്. അയിത്ത ജാതിക്കാരി സ്ത്രീയാണ് ദൂരെ നിന്നും വരുന്നതെന്ന് കാലേക്കൂട്ടിത്തന്നെ മനസ്സിലാക്കി ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും അയിത്തമാവാതിരിക്കാനുള്ള അകലം പാലിക്കുകയും ചെയ്യുന്നതിനു വേണ്ടിയാണ് അയിത്തജാതിക്കാര്‍ മാറു മറയ്ക്കരുത് എന്ന് ആവശ്യപ്പെടുന്നത് എന്ന ഒരു ന്യായീകരണവും അവര്‍ ഉന്നയിക്കാറുണ്ടെന്നും ഹൈന്ദവനീതിയും ന്യായവുമെല്ലാം എപ്പോഴും ആ വിധത്തിലാണെന്നും ദലിത് ബന്ധു കൂട്ടിച്ചേര്‍ക്കുന്നു. സവര്‍ണര്‍ അധഃസ്ഥിത വിഭാഗങ്ങളോട് കാട്ടിയിരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ പാശ്ചാത്യപരിഷ്‌കൃതലോകവും കീഴാളജനതയും ഒറ്റക്കെട്ടായി പോരാടിയ ഇന്ത്യയിലെതന്നെ അപൂര്‍വം സമരങ്ങളില്‍ ഒന്നായിരുന്നു ചാന്നാര്‍ വിപ്ലവം.

മീശക്കരം, അലക്കുകല്ലുകരം
മുലയ്ക്ക് മാത്രമല്ല, മീശയ്ക്കും അലക്കുകല്ലിനും തെങ്ങില്‍ കയറുന്ന തളപ്പിനും ഏണിക്കും വരെ നികുതി പിരിച്ചിരുന്നു രാജാക്കന്മാര്‍. ഒരു ജോലിയും ചെയ്യാന്‍ വയ്യാത്ത ബലഹീനരില്‍ നിന്നു ‘ഏഴ’ എന്ന പേരിലുള്ള നികുതി ഈടാക്കിയിരുന്നു. മണ്ണില്‍നിന്ന് പൊന്‍തരികള്‍ അരിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ തട്ടാന്‍മാര്‍ നല്‍കേണ്ട പണമാണ് പൊന്നരിപ്പ്. മനുഷ്യരെ കൊന്ന കന്നുകാലികള്‍ രാജാവിന് അവകാശപ്പെട്ടതാണ്. അതാണ് ചെങ്കൊമ്പ്. തെങ്ങിലും പനയിലും കയറി ഉപജീവനം    നടത്തുന്നവരെയും രാജാവ് വെറുതെവിട്ടില്ല.
4

അവര്‍ നല്‍കേണ്ട നികുതിയാണ് ഏണിക്കാണം അല്ലെങ്കില്‍ തളാപ്പുകരം. മണ്‍പാത്ര നിര്‍മാതാക്കളായ കുശവന്മാരില്‍ നിന്ന് ചെക്കീരയും തട്ടാന്‍മാരില്‍നിന്ന് തട്ടാശപ്പട്ടവും ഈടാക്കി. എന്തിനധികം, മേല്‍മീശ വയ്ക്കാന്‍ രാജാവ് മീശക്കാശും പിരിച്ചിരുന്നെന്ന് എം എന്‍ വിജയന്‍ മാഷ് എഴുതിയിട്ടുണ്ട്. തുണിനെയ്ത്തുകാരില്‍ നിന്നു ‘തറിക്കടമ’, അലക്കുകാരില്‍നിന്നു ‘വണ്ണാരപ്പാറ’ മീന്‍പിടിത്തക്കാരില്‍നിന്നു ‘വലക്കരം’ തുടങ്ങിയ നികുതികള്‍ ഈടാക്കിയിരുന്നു. കള്ളുചെത്തുന്ന കത്തിക്ക് ‘കത്തി’ എന്ന നികുതിയും ചാരായം വാറ്റുന്ന ചട്ടിക്ക് ‘ചട്ടി’എന്ന നികുതിയും കൊടുക്കണമായിരുന്നു. ആഭരണം ധരിക്കാന്‍ ‘മേനിപ്പൊന്ന്’ അഥവാ ‘അടിയറ’ എന്ന നികുതി കൊടുക്കണം.
1818 മേടം 19ാം തിയ്യതിവരെ തിരുവിതാംകൂറിലെ നായന്മാര്‍ക്ക് സ്വര്‍ണാഭരണം ധരിക്കണമെങ്കില്‍ നികുതി കൊടുക്കണമായിരുന്നു. വീട് മേയാനും കല്യാണത്തിനു പന്തലിടാനും ‘രാജഭോഗം’ നല്‍കണം. മോതിരമിടാനും തലയില്‍ ഉറുമാല്‍ കെട്ടാനും രാജാവിന് ‘കാഴ്ച’  സമര്‍പ്പിക്കണം. കല്യാണം കഴിക്കാനും നികുതിയുണ്ടായിരുന്നു. ‘പൊലിപ്പൊന്ന്’ എന്നായിരുന്നു പേര്. അനന്തരാവകാശികള്‍ മരണപ്പെട്ടാല്‍ നല്‍കേണ്ട നികുതിയാണ് പുരുഷാന്തരം. രാജകുടുംബത്തിലെ വിവാഹത്തിന് കുടിയാന്മാര്‍ നല്‍കേണ്ടതാണ് കാഴ്ച. അവകാശികളില്ലാത്തവരുടെ സ്വത്തുക്കള്‍ രാജാവ് ഏറ്റെടുക്കുമ്പോള്‍ അതിന് അറ്റാലകം. കുടുംബം അന്യംനിന്നു പോവാതിരിക്കാന്‍ ദത്തെടുത്താലും രാജാവിന് ദത്തുകാഴ്ച നല്‍കണമായിരുന്നു.
ജനങ്ങളില്‍ നിന്ന് ഇങ്ങനെ കിരാതമായി ഊറ്റിയെടുത്ത പണത്തിലൊരുഭാഗം കൊണ്ട് രാജാക്കന്മാരും അവരുടെ ഉപദേശകരായ നമ്പൂതിരിമാരും സുഖലോലുപതയില്‍ ആറാടി. മറ്റൊരു ഭാഗം കൊണ്ട് രാജക്കന്മാര്‍ മണ്ണിനും പെണ്ണിനും വേണ്ടി യുദ്ധങ്ങള്‍ നടത്തി. പിന്നെയും അവശേഷിച്ച അനേകലക്ഷം കോടിയുടെ സമ്പത്താണ് നിധികുംഭങ്ങളായി ശ്രീ പദ്മനാഭന്റെ നിലവറയ്ക്കുള്ളില്‍ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്നത്.
ദരിദ്രന്റെയും ദലിതന്റെയും ചോരയും വിയര്‍പ്പും കണ്ണീരും കൊണ്ട് നനഞ്ഞ സമ്പത്തിന്മേലാണല്ലോ എന്നും അധികാരത്തിന്റെ ദന്തഗോപുരങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. എത്രയൊക്കെ തമസ്‌കരിച്ചാലും നിശ്ശബ്ദരാക്കപ്പെട്ട ആയിരക്കണക്കിനു നങ്ങേലിമാര്‍ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളില്‍ നിന്ന് നമ്മള്‍ ജയിക്കും ജയിക്കുമൊരുദിനം; നമ്മളൊറ്റക്കല്ല നമ്മളാണീ ഭൂമിയെന്നു പാടിക്കൊണ്ടേയിരിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss