|    Sep 24 Sun, 2017 5:35 pm
FLASH NEWS

നഗര പരിധിയിലെ തെരുവ് വിളക്കുകള്‍ മുഴുവന്‍ എല്‍ഇഡിയിലേക്ക് മാറ്റാന്‍ പദ്ധതി

Published : 22nd July 2016 | Posted By: SMR

കൊല്ലം: കോര്‍പറേഷന്‍ പരിധിയിലെ പ്രധാന റോഡുകളിലെ തെരുവ് വിളക്കുകള്‍ മുഴുവന്‍ എല്‍ഇഡിയിലേക്ക് മാറ്റാന്‍ പദ്ധതി. നഗരജ്യോതി പദ്ധതി പ്രകാരമാണ് ഇത്. നിലവില്‍ കൊല്ലം മുതല്‍ ചന്ദനത്തോപ്പ് വരെയും നഗരത്തിലെ ഏതാനും റോഡുകളിലേയും തെരുവ് വിളക്കുകള്‍ എല്‍ഇഡിയിലേക്ക് മാറ്റിയിട്ടുണ്ട്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ വൈദ്യുതി ഉപയോഗത്തില്‍ വന്‍കുറവുണ്ടാവും. മേവറം മുതല്‍ ശക്തികുളങ്ങര വരെ എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് നടപടിയെടുക്കുമെന്ന് മേയര്‍ അഡ്വ. വി രാജേന്ദ്രബാബു അറിയിച്ചു. ഇന്നലെ ചേര്‍ന്ന കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തിലാണ് മേയര്‍ ഇക്കാര്യം അറിയിച്ചത്. നഗരത്തിലെ വഴിവിളക്കുകളെല്ലാം ഓണത്തിന് മുമ്പ് പ്രകാശിപ്പിക്കാന്‍ നടപടി സ്വീകരിക്കും. തെരുവ് വിളക്ക് പരിപാലനത്തിന് കരാറെടുത്തവര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത സാഹചര്യമുണ്ട്. വഴവിളക്കുകളുടെ പരിപാലനത്തിന് ഇപ്പോള്‍ നല്‍കിയിട്ടുള്ള കരാര്‍ റദ്ദാക്കുന്നത് ആലോചനയിലാണ്. കേടായ സോഡിയം വേപ്പര്‍ ലാമ്പുകളില്‍ അറ്റകുറ്റപണി നടത്താന്‍ കഴിയുന്നത് ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കും. തെരുവ് വിളക്കുകള്‍ കത്താത്തത് നഗരത്തിലെ പ്രധാന പ്രശ്‌നമായി മാറിയ സാഹചര്യത്തില്‍ കൗണ്‍സില്‍ ഇക്കാര്യത്തില്‍ കാര്യക്ഷമമായി ഇടപെടുമെന്നും മേയര്‍ അറിയിച്ചു.40 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്കുകള്‍ പിടിച്ചെടുക്കുന്നതിനുള്ള പരിശോധന ഈമാസം 25 മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ് ജയന്‍ അറിയിച്ചു. കോര്‍പറേഷന്‍ പരിധിയിയിലെ തങ്കശേരിയടക്കം മാര്‍ക്കറ്റുകളുടെ നവീകരണത്തിന് ഫിഷറീസ് വകുപ്പിന്റെ സഹകരണം ഉറപ്പാക്കും. സ്വീവേജ് പദ്ധതിക്ക് ഫണ്ട് ലഭിക്കാത്തതാണ് ബുദ്ധിമുട്ടുണ്ടാക്കുന്നത്. പദ്ധതി നിര്‍ത്തിവച്ചിട്ടില്ലെന്നും മേയര്‍ അറിയിച്ചു. നഗരത്തിലെ വിവിധ ജങ്ഷനുകളുടെ വികസനത്തിന് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കും. കൗണ്‍സിലില്‍ ചര്‍ച്ച ചെയ്താവും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും മേയര്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക