|    Jul 22 Sun, 2018 4:33 pm
FLASH NEWS

നഗര ഉപജീവന മിഷന്‍ കണക്കെടുപ്പ് അയഥാര്‍ഥം

Published : 16th September 2017 | Posted By: fsq

 

റജീഷ് കെ സദാനന്ദന്‍

മഞ്ചേരി: തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്ക് പുനരധിവാസ കേന്ദ്രമൊരുക്കാന്‍ നഗരസഭകളൊരുങ്ങുമ്പോള്‍ ഭരണകൂടങ്ങള്‍ കാണാതെപോകുന്നത് നിരവധി ജീവിതങ്ങള്‍. നഗര ഉപജീവന മിഷന്‍ നടത്തിയ കണക്കെടുപ്പില്‍ കണ്ടെത്തിയതിന്റെ നാലിരട്ടിയിലേറെ പേര്‍ തീര്‍ത്തും അരക്ഷിതരായി ജില്ലയുടെ തെരുവോരങ്ങളില്‍ കഴിയുന്നു. വസ്തുതയോട് ഒട്ടും നീതി പുലര്‍ത്താത്ത കണക്കാണ് തെരുവില്‍ കഴിയുന്നവരുടെ കാര്യത്തില്‍ സര്‍വെ നടത്തി നഗര ഉപജീവന മിഷന്‍ തയ്യാറാക്കിയിരിക്കുന്നത്.  പ്രത്യേക സര്‍വെയില്‍ കണ്ടെത്തിയ വിവരമനുസരിച്ച് മഞ്ചേരി നഗരസഭാ പരിധിയില്‍ രണ്ടു സ്ത്രീകളും ഏഴു പുരുഷന്‍മാരുമടക്കം ഒമ്പതുപേര്‍ തെരുവില്‍ അന്തിയുറങ്ങുന്നു എന്നാണ്. എന്നാല്‍ കച്ചേരിപ്പടിയിലെ ഇന്ദിരാഗാന്ധി ബസ് ടെര്‍മിനല്‍ മാത്രം കേന്ദ്രീകരിച്ച് ഇതിന്റെ അഞ്ചിരട്ടിയോളം പേര്‍ അരക്ഷിതരായി കഴിയുന്നുണ്ട്. ബസ് സ്റ്റാന്റ് കെട്ടിടവും സമീപത്തെ പണി തീരാത്ത സ്വകാര്യ കെട്ടിടങ്ങളുമാണ് തെരുവിന്റെ മക്കള്‍ രാപ്പാര്‍ക്കാന്‍ ആശ്രയിക്കുന്നത്. അനാഥരും ഭിക്ഷാടകരും മാനസിക വൈകല്യമുള്ളവരും നാടോടികളും നാട്ടില്‍ സ്വന്തമായി സ്ഥലവും വീടുമുണ്ടായിട്ടും ഇവിടെ തെരുവിലലയുന്ന ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമെല്ലാം ഇതിലുള്‍പ്പെടും. സ്ത്രീകളും കുട്ടികളും വരെ നിരത്തുവക്കുകളിലെ കെട്ടിടങ്ങളില്‍ തീര്‍ത്തും അരക്ഷിതരായി കഴിയുന്നുണ്ട്. മയക്കുമരുന്നിനടിമപ്പെട്ടവരും മദ്യപരും തെരുവു നായ്ക്കളും നഗരം വാഴുന്ന രാത്രികളില്‍ സുരക്ഷക്ക് യാതൊരു മാര്‍ഗ്ഗവുമില്ലാതെയാണ് ഭൂരിഭാഗവും ജീവിതം കഴിച്ചുകൂട്ടുന്നത്. നാടോടി സംഘങ്ങളാണിതില്‍ കൂടുതലും. കച്ചേരിപ്പടി ബ്സ്റ്റാന്റിനു പുറമെ പുതിയ ബസ് സ്റ്റാന്റും പഴയ ബസ് സ്റ്റാന്റും നഗരമധ്യത്തിലെ മറ്റു കെട്ടിട വരാന്തകളും ഉപയോഗപ്പെടുത്തി കഴിയുന്നവരും ഏറെയാണ്. സ്ഥിരമായി ഒരിടത്തല്ല തങ്ങുന്നതെന്നതിനാല്‍ കണക്കെടുപ്പുകാരുടെ കണ്ണില്‍ ഇത്തരക്കാര്‍ പെടാതെ പോകുന്നു. നഗര ഉപജീവന മിഷന്റെ കണക്ക് പ്രകാരം ജില്ലയില്‍ തെരുവിലുറങ്ങുന്നവര്‍ 155 പേരാണ്. നഗരസഭകളിലെ കണക്കാണിത്.  ജില്ലയിലെ നഗരങ്ങളില്‍ തെരുവില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കാന്‍ മലപ്പുറത്തും പെരിന്തല്‍മണ്ണയിലും കേന്ദ്രങ്ങള്‍ ഒരുക്കുന്നുണ്ട്. കണക്കില്‍ എണ്ണക്കുറവുള്ള നഗരസഭകള്‍ ഇതിനു മുന്‍കയ്യെടുത്തിട്ടില്ല. ദേശീയ നഗര ഉപജീവന മിഷന്റെ 26 പുനരധിവാസ കേന്ദ്രങ്ങള്‍ സംസ്ഥാനത്തുണ്ടെങ്കിലും ജില്ലയില്‍ തെരുവോരങ്ങളില്‍ രാപാര്‍ക്കുന്നവരിപ്പോഴും അരക്ഷിതരാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss