|    Mar 23 Fri, 2018 8:25 pm
FLASH NEWS

നഗരൂരിലെ അനധികൃത കുന്നിടിക്കല്‍: ഭൂമാഫിയയുടെ നീക്കത്തിനു തിരിച്ചടി

Published : 19th October 2016 | Posted By: Abbasali tf

കിളിമാനൂര്‍: നഗരൂര്‍ പഞ്ചായത്തിലെ ഗണപതിയാംകോണം പെരുമാമല കുന്നിന്റെ അടിവാരം ഇടിച്ചുനിരത്താനുള്ള ഭൂമാഫിയാസംഘത്തിന്റെ നീക്കത്തിന് തിരിച്ചടി. ബി സത്യന്‍ എംഎല്‍എ, നഗരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം രഘു എന്നിവര്‍ മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും നിവേദനം നല്‍കുകയും തുടര്‍ന്ന് മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഓഫിസ് ജില്ലാ ജിയോളജിസ്റ്റിനോട് മണ്ണ് നീക്കം ചെയ്യാനായി നല്‍കിയ അനുമതി പുനപ്പരിശോധിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. നഗരൂര്‍ പഞ്ചായത്ത് കുടിവെള്ളപദ്ധതിയുടെ 25,000 ലിറ്റര്‍ സംഭരണശേഷിയുള്ള സംഭരണിയുടെ അടിവാരം മാഫിയകള്‍ ഇടിച്ചുനിരത്താന്‍ തുടങ്ങിയതോടെ നൂറുകണക്കിന് മനുഷ്യജീവനുകളാണ് ഭീതിയുടെ മുള്‍മുനയിലായത്. മാസങ്ങള്‍ക്ക് മുമ്പ് നഗരൂര്‍ പഞ്ചായത്തില്‍ നിന്നും പ്രദേശത്തെ നാല് സ്വകാര്യവ്യക്തികള്‍ കരസ്ഥമാക്കിയ കെട്ടിടനിര്‍മ്മാണ പെര്‍മിറ്റിന്റെ മറവിലാണ് ജിയോളജി ഡിപ്പാര്‍ട്ട്‌മെന്റിനെ സ്വാധീനിച്ച് ഏകദേശം അറൂനൂറോളം പാസുകള്‍ ഭൂമാഫിയ സംഘടിപ്പിച്ചത്. എന്നാല്‍ പരിസ്ഥിതിക്ക് അത്യന്തം ക്ഷതമേല്‍പ്പിക്കുന്ന ഈ നടപടി വ്യാപകമായ എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. വേണ്ടത്ര പഠനമോ, പ്രദേശമോ സന്ദര്‍ശിക്കാതെയാണ് അധികൃതര്‍ ഖനനത്തിന് അനുമതി നല്‍കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. നാട്ടുകാരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ മണ്ണ് നീക്കം ചെയ്യല്‍ തടഞ്ഞെങ്കിലും പാതിരാത്രിയായതോടെ അമ്പതോളം ടോറസ് ലോറികളും ഗുണ്ടാസംഘങ്ങളുമായി ഭൂമാഫിയ മണ്ണിടിച്ച് കടത്തുകയായിരുന്നു. സംഭവമറിഞ്ഞ് ചൊവ്വാഴ്ച രാവിലെ ഏഴോടെ എത്തിയ നാ ട്ടുകാര്‍ അനധികൃത മണ്ണെടുപ്പ് തടയുകയായിരുന്നു. അനുമതി നല്‍കിയതിന്റെ ഇരട്ടിയിലധികം മണ്ണ് ഇതിനകംതന്നെ കടത്തിയതായി നാട്ടുകാര്‍ ആരോപിക്കുന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥയായതിനെ തുടര്‍ന്ന് എത്തിയ എഎസ്പി ആദിത്യ ഐപിഎസ് നാട്ടുകാരുമായി ചര്‍ച്ചനടത്തുകയും ഭൂമാഫിയകളെ സ്ഥലത്ത് നിന്നും താല്‍കാലികമായി ഒഴിപ്പിക്കുകയുമായിരുന്നു. കയറ്റിയ മണ്ണുകള്‍ ടോറസുകളില്‍ നിന്നും തിരികെ ഇറക്കുകയും ചെയ്തു. എന്നാല്‍ രാത്രിയുടെ മറവില്‍ വീണ്ടും മണ്ണ് കടത്താനുള്ള മാഫിയകളുടെ നീക്കത്തിനാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലിനെതുടര്‍ന്ന് തിരശീലവീണത്. ജിയോളജി വകുപ്പില്‍ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് പരിസ്ഥിതി ആഘാത പഠനം നടത്തിയതിനുശേഷം ജില്ലാ കലക്ടറുടെ കൂടി തീരുമാനം അനുസരിച്ചു മാത്രമേ തുടര്‍നടപടികളുണ്ടാകൂവെന്ന് ബി സത്യന്‍ എംഎല്‍എ അറിയിച്ചു. അനുമതി നല്‍കിയതിലും അധികം മണ്ണ് കടത്തിയവര്‍ക്കെതിരെ കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss