|    Oct 23 Mon, 2017 7:10 pm
FLASH NEWS

നഗരസഭ ശുചീകരണ വിഭാഗം തൊഴിലാളികള്‍ക്ക് ശമ്പളം മുടങ്ങിയിട്ട് നാല് മാസം

Published : 11th August 2017 | Posted By: fsq

 

മട്ടാഞ്ചേരി: കൊച്ചി നഗരസഭയില്‍ ദിവസ വേതനത്തിന് പണിയെടുക്കുന്ന ശുചീകരണ വിഭാഗം തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കിയിട്ട് നാല് മാസം പിന്നിടുന്നു. ശുചീകരണത്തിനായി അതാത് ഡിവിഷനിലെ കൗണ്‍സിലര്‍മാര്‍ വഴി നിയമിച്ച തൊഴിലാളികളാണ് ശമ്പളം ലഭിക്കാതെ വലയുന്നത്. കഴിഞ്ഞ നഗരസഭ ഭരണകാലത്ത് നിയമിച്ച പലരേയും കൗണ്‍സിലര്‍മാര്‍ മാറി വന്നപ്പോള്‍ മാറ്റുകയും ചെയ്തു. തൊഴില്‍ നിയമ പ്രകാരം 240 ദിവസം ജോലി ചെയ്താല്‍ താല്‍ക്കാലികമായി അവരെ തുടരാന്‍ അനുവദിക്കണമെന്നാണെന്നിരിക്കെ ഇത് പാലിക്കാതെ പുതിയതായി വന്ന കൗണ്‍സിലര്‍മാര്‍ അവര്‍ക്ക് താല്‍പ്പര്യമുള്ളവരെ വയ്ക്കുകയായിരുന്നു. കൂടുതലായി ആളെ വയ്്ക്കണമെങ്കില്‍ മാത്രമേ പുതിയവരെ നിയമിക്കാന്‍ പാടുള്ളൂ. ഇതിനെതിരേ ചിലര്‍ കോടതിയെ സമീപിക്കുകയും ചെയ്തു. ഒരു സര്‍ക്കിളില്‍ ആറ് പേരെ വീതം 22 സര്‍ക്കിളുകളിലായി 165 തൊഴിലാളികളാണ് ഇപ്പോള്‍ ദിവസ വേതനത്തിന് തൊഴിലെടുക്കുന്നത്. ഇതിന് പുറമേ താല്‍ക്കാലിക വിഭാഗത്തില്‍ 700 പേരും സ്ഥിരം തൊഴിലാളികളായി 833 പേരുമാണ് ശുചീകരണ വിഭാഗത്തില്‍ നഗരസഭയിലുള്ളത്. മറ്റ് രണ്ട് വിഭാഗങ്ങളുടേയും ശമ്പളം കൃത്യമായി ലഭിക്കുമ്പോള്‍ ദിവസ വേതനക്കാര്‍ക്ക് പലപ്പോഴും മാസങ്ങള്‍ കഴിഞ്ഞേ ശമ്പളം ലഭിക്കൂ. മാത്രമല്ല ഇവര്‍ക്ക് ജോലി ചെയ്യുന്നതിനുള്ള യാതൊരു രേഖകളും ലഭിക്കുന്നില്ലന്നും ആക്ഷേപമുണ്ട്. ശമ്പള സഌപ്പോ മറ്റോ ഇവര്‍ക്ക് ലഭിക്കാറില്ലത്രേ. ഇവരുടെ ശമ്പളം നേരത്തേ ബാങ്ക് വഴിയാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥ ലോബി ഇടപെട്ട് ഇത് അട്ടിമറിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. ഇവര്‍ പണിയെടുക്കുന്നതിന്റെ മൂന്നില്‍ ഒന്ന് പോലും വേതനം ലഭിക്കാറില്ലന്നും ആക്ഷേപമുണ്ട്. 26 തച്ച് പണിയെടുത്താല്‍ മുപ്പത് തച്ച് ഉദേ്യാഗസ്ഥര്‍ എഴുതുകയും 15 തച്ചിന്റെ കൂലി മാത്രമേ തൊഴിലാളികള്‍ക്ക് നല്‍കുന്നുള്ളൂവെന്നും ബാക്കി വരുന്ന തുക ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ പങ്കിട്ടെടുക്കുകയാണെന്നുമാണ് ആക്ഷേപം. എന്നെങ്കിലും സ്ഥിരപ്പെടുത്തുകയാണെങ്കില്‍ അതിന് തടസ്സമാവേണ്ടെന്ന് കരുതിയാണത്രേ തൊഴിലാളികള്‍ ഇതിനെതിരേ പ്രതികരിക്കാതിരിക്കുന്നത്. ഇവരുടെ വേതനം കിട്ടണമെങ്കില്‍ അതാത് കൗണ്‍സിലര്‍മാര്‍ കത്ത് നല്‍കുകയും ആ കത്ത് കൗണ്‍സില്‍ പാസാക്കുകയും ചെയ്യണമത്രേ. അങ്ങനെ തുക പാസായി വന്നാല്‍ തന്നെ മറ്റ് രണ്ട് വിഭാഗങ്ങള്‍ക്കും കരാറുകാര്‍ക്കും നല്‍കിയതിന് ശേഷം മാത്രമേ ഇവര്‍ക്ക് നല്‍കുകയുള്ളൂവത്രേ. കഴിഞ്ഞ മഴക്കാലത്ത് നഗരസഭയിലെ ചവര്‍ നീക്കത്തിന് അഹോരാത്രം തൊഴിലെടുത്തവരാണ് ഇപ്പോള്‍ ശമ്പളത്തിനായി അധികൃതരുടെ മുന്നില്‍ കൈ നീട്ടുന്നത്. ഓണത്തിന് മുമ്പെങ്കിലും തങ്ങള്‍ക്ക് ശമ്പളം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍. ദിവസ വേതനക്കാരുടെ ശമ്പളം അടിയന്തരമായി നല്‍കാന്‍ നഗരസഭ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് കൊച്ചിന്‍ സിറ്റി കോര്‍പറേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി സക്കറിയ ഫര്‍ണാണ്ടസ് ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക