|    Oct 24 Wed, 2018 2:16 am
FLASH NEWS

നഗരസഭ മാസ്റ്റര്‍ പ്ലാനിനെതിരേ പ്രതിഷേധം

Published : 20th January 2017 | Posted By: fsq

 

പറവൂര്‍: നഗരസഭ നടപ്പാക്കാന്‍ പോകുന്ന മാസ്റ്റര്‍ പ്ലാനിനെതിരെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നുവരുന്നു. ഇതിന്റെ തുടക്കമെന്ന നിലയില്‍ മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ യുണൈറ്റഡ് (എംസിപിഐയു) ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം ആരംഭിക്കുന്നതിന് മുന്നോടിയായി ലഘുലേഖ വിതരണം ചെയ്തു. മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുമ്പോള്‍ നഗരവാസികള്‍ക്കുണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ വെളിപ്പെടൂത്തുന്ന ലഘൂലേഖയാണ് ഇവര്‍ വിതരണം ചെയ്തത്. മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതോടെ നഗരത്തിലെ നല്ലൊരു വിഭാഗം ജനങ്ങള്‍ക്കും ഏറെ പ്രയാസം നേരിടുമെന്നും വികസനത്തിനായി സ്ഥലങ്ങള്‍ ഒഴിഞ്ഞുകൊടുക്കേണ്ടി വരുമെന്നും ലഘുലേഖയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാട്ടുമ്മല്‍തുരുത്ത് പോലുള്ള ചെറിയ പ്രദേശത്ത് പോലും 20 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കുന്നതിന് മാസ്റ്റര്‍ പ്ലാനില്‍ വ്യവസ്ഥയുണ്ടെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. ദേശീയപാത 17-നായി മൂന്ന് പതിറ്റാണ്ട് മുമ്പ് ഏറ്റെടുത്ത സ്ഥലത്ത് റോഡ് നിര്‍മിച്ചാല്‍ തന്നെ നഗരത്തിലേയും സമീപ പ്രദേശങ്ങളിലേയും ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ സാധിക്കും. മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട് വിവിധ സന്നദ്ധ സംഘടനകളോടും രാഷ്ട്രീയ പാര്‍ട്ടികളോടും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ നഗരസഭ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് റസിഡന്റ്‌സ് അസോസിയേഷന്‍ അപ്പെക്‌സ് കൗണ്‍സില്‍ നല്‍കിയ മറുപടിയില്‍ ദേശീയപാത 17-നായി ഏറ്റെടുത്ത സ്ഥലത്ത് റോഡ് നിര്‍മിച്ചാല്‍ ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയുമെന്നാണ് അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളത്. 2013-ലാണ് നഗരസഭ അംഗീകരിച്ച മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയും സര്‍ക്കാര്‍ ഇത് അംഗീകരിച്ച് പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തത്. ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് മാസ്റ്റര്‍ പ്ലാനിലെ അപാകതകള്‍ ബോധ്യപ്പെട്ട കോണ്‍ഗ്രസ് നേതൃത്വം മാസ്റ്റര്‍ പ്ലാന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ഇതേ തുടര്‍ന്ന് അന്നത്തെ നഗരകാര്യവകുപ്പ് സെക്രട്ടറി സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് താല്‍ക്കാലികമായി മരവിപ്പിക്കുകയും ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss