|    Oct 20 Fri, 2017 5:27 am

നഗരസഭ ട്രഞ്ചിങ് ഗ്രൗണ്ട് പൂവാടിയാക്കാനുള്ള പദ്ധതിക്ക് കൗണ്‍സിലിന്റെ അംഗീകാരം

Published : 11th March 2016 | Posted By: SMR

ഗുരുവായൂര്‍: നഗരസഭ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യമല ഒഴിവാക്കി ട്രഞ്ചിങ് ഗ്രൗണ്ട് പൂവാടിയാക്കാനുള്ള പദ്ധതിക്ക് കൗണ്‍സിലിന്റെ അംഗീകാരം. മാലിന്യ പ്രശ്‌നത്തിന്റെ രൂക്ഷതയറിയുന്ന ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഒറ്റക്കെട്ടായാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്.
പരീക്ഷണം വിജയിച്ചാല്‍ മാത്രം പണം നല്‍കിയാല്‍ മതി എന്ന ഉറപ്പോടെ ചെന്നൈ ആസ്ഥാനമായ ജ്വാല എക്യുപ്‌മെന്റ്‌സ് എന്ന കമ്പനിയാണ് പദ്ധതി ഏറ്റെടുത്തിട്ടുള്ളത്. കമ്പനിയുടെ പ്രതിനിധി രാജശേഖര വാര്യര്‍ പ്രവര്‍ത്തനങ്ങള്‍ കൗ ണ്‍സിലില്‍ വിശദീകരിച്ചു. നിലവിലെ മാലിന്യങ്ങളിലെ ജൈവവും അജൈവവും വേര്‍തിരിച്ച് കുന്നായി ഉയര്‍ന്നു നില്‍ക്കുന്ന ജൈവമാലിന്യങ്ങള്‍ കത്തിച്ചു കളയുകയാണ് ചെയ്യുക. ഇതിനായി പ്രത്യേക ഇന്‍സിനേറ്റര്‍ സ്ഥാപിക്കും.
നൂറ് അടിയോളം ഉയരത്തിലുള്ള പുകക്കുഴലുള്ള ഇന്‍സിനേറ്ററാണ് എന്നതിനാല്‍ സമീപപ്രദേശത്ത് പുകകൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവില്ല. 600 മുതല്‍ 800 ഡിഗ്രി വരെ ചൂടിലാണ് മാലിന്യം കത്തിക്കുന്നതെന്നതിനാല്‍ വെളുത്ത പുകയാണ് ഉണ്ടാവുക.
ആദ്യഘട്ടത്തില്‍ മാലിന്യം ചിക്കിചികയല്‍ കഴിഞ്ഞാല്‍ പിന്നീട് മണത്തിന്റെ പ്രശ്‌നം ഉണ്ടാകില്ലെന്നും കമ്പനി ഉറപ്പ് നല്‍കി. അജൈവ മാലിന്യങ്ങള്‍ കയറ്റി കൊണ്ടു പോകും. കുന്നായി ഉയര്‍ന്നു നില്‍ക്കുന്ന ഭാഗത്തെ മാലിന്യം കത്തിച്ചു കഴിഞ്ഞാല്‍ തറനിരപ്പില്‍ നിന്ന് രണ്ട് മീറ്ററോളം ഉയരത്തില്‍ മാലിന്യം യന്ത്രങ്ങളുപയോഗിച്ച് അമര്‍ത്തി ഉറച്ച പ്രതലമാക്കി മാറ്റും. ഇതിന് മുകളില്‍ പൂന്തോട്ടമോ, പാര്‍ക്കിങ് ഗ്രൗണ്ടോ നഗരസഭക്ക് നിര്‍മിക്കാവുന്നതാണ്.
ഇതുവരെയുള്ള മാലിന്യത്തിന്റെ തോതുവെച്ച് 23 ലക്ഷം രൂപയാണ് മാലിന്യം നീക്കി ഉറച്ച പ്രതലം ഒരുക്കി കൊടുക്കുന്ന ഘട്ടം വരെയുള്ള കാര്യങ്ങള്‍ക്ക് കമ്പനി ആവശ്യപ്പെട്ടിട്ടുള്ളത്. ഈ തുക പദ്ധതി പൂര്‍ത്തിയായി നഗരസഭക്ക് ബോധ്യം വന്നതിന് ശേഷം നല്‍കിയാല്‍ മതി.
ആകെ ആറ് മാസത്തോളം സമയമാണ് കമ്പനി ആവശ്യപ്പെട്ടിട്ടുള്ളത്. ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിക്കാനും കത്തിച്ചുകളയാനും തറ ഉറപ്പിക്കാനുമായി രണ്ട് മുതല്‍ മൂന്ന് മാസം വരെ വേണ്ടിവരും. അഞ്ച് ടണ്‍ മാലിന്യം പ്രതിദിനം കത്തിക്കാന്‍ ശേഷിയുള്ള ഇന്‍സിനേറ്ററാണ് സ്ഥാപിക്കുന്നത്. വിദഗ്ധ തൊഴിലാളികളെ തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവരും.
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങിയ സംഘം പദ്ധതിയുടെ പുരോഗതി വിലയിരുത്തും. വെള്ളിയാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.
നഗരസഭ നടപ്പാക്കുന്ന വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിനായി ആറ് കേന്ദ്രങ്ങളില്‍ ബിന്നുകള്‍ സ്ഥാപിക്കുന്ന ജോലി വ്യാഴാഴ്ച തുടങ്ങും. യോഗത്തില്‍ നഗരസഭാധ്യക്ഷ പ്രഫ.പി കെ ശാന്തകുമാരി അധ്യക്ഷത വഹിച്ചു. എ ടി ഹംസ, റഷീദ് കുന്നിക്കല്‍, കെ വി വിവിധ്, ടി ടി ശിവദാസന്‍, ആന്റോ തോമസ്, സുരേഷ് വാര്യര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക