|    Apr 26 Wed, 2017 11:12 pm
FLASH NEWS

നഗരസഭ കോര്‍പറേറ്റുകള്‍ക്ക് കീഴടങ്ങുന്നതായി ആക്ഷേപം

Published : 25th November 2016 | Posted By: SMR

മഞ്ചേരി: മഞ്ചേരി നഗരസഭ കോര്‍പറേറ്റ് ഭീമന്‍മാര്‍ക്ക് കീഴടങ്ങുന്നതായി ആരോപണം. റിലയന്‍സ് മൊബൈല്‍ കമ്പനിയുടെ പുതിയ പദ്ധതിയായ ജിയോക്ക് വേണ്ടി കേബിള്‍ സ്ഥാപിക്കുന്നതിനുള്ള ഇടപാടില്‍ കുറഞ്ഞ തുക ഈടാക്കിയതാണ് വിവാദമായത്. നഗരസഭാ പരിധിയില്‍ ജിയോക്ക് വേണ്ടി കേബിള്‍ സ്ഥാപിക്കുന്നതിനു മീറ്ററിന് 378.75 രൂപ ഈടാക്കാനാണ് ഇന്നലെ നടന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചത്. അതുപ്രകാരം 20.83 ലക്ഷം രൂപയാണ് നഗരസഭയ്ക്ക് ലഭിക്കുക. അതേസമയം, സര്‍ക്കാര്‍ സംവിധാനത്തിലുള്ള ജലഅതോറിറ്റിക്ക് മീറ്ററിന് 1,064 രൂപയാണ് കേബിള്‍ സ്ഥാപിക്കാന്‍ ഈടാക്കിയത്. ഇതിലൂടെ 58.52 ലക്ഷം രൂപ നഗരസഭയ്ക്ക ലഭിക്കും. രണ്ടും താരതമ്യം ചെയ്യുമ്പോള്‍ 38 ലക്ഷം രൂപയുടെ നഷ്ടമാണ് നഗരസഭയ്ക്കുണ്ടാവുകയെന്ന് പ്രതിപക്ഷം ആരോപിച്ചു. അഞ്ചര കിലോമീറ്ററാണ് റിലയന്‍സിന് കേബിള്‍ കുഴിക്കാന്‍ അനുവദിക്കുന്നത്. സംഭവം വിവാദമായതോടെ പ്രതിപക്ഷ നേതാവ് അഡ്വ. കെ ഫിറോസ് ബാബു ഇടപെട്ട് വിയോജനക്കുറിപ്പ് നല്‍കി. കഴിഞ്ഞ മാസം ഇതിലും അഞ്ചു ലക്ഷം രൂപ കുറച്ച് വാങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും അന്നും പ്രതിപക്ഷം എതിര്‍ത്തതോടെ തീരുമാനം ഇന്നലെത്തേക്ക് മാറ്റുകയായിരുന്നു. അതേസമയം, ഇതില്‍ നഗരസഭയ്ക്ക് നഷ്ടമുണ്ടാവില്ലെന്നാണ് മുനിസിപ്പല്‍ അധികൃതരുടെ വിശദീകരണം. ഇതിലൊന്നും ഗൗരവം കാണാന്‍ ഇന്നലെ നടന്ന കൗണ്‍സില്‍ യോഗം താല്‍പര്യം കാണിച്ചിട്ടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ പരാതി. നഗരത്തിലെ റോഡിനു ഇരുവശങ്ങളിലുള്ള ബോര്‍ഡുകള്‍ എടുത്തുമാറ്റല്‍ തുടങ്ങിയ കാര്യങ്ങളാണ് ഇന്നലെ പാസാക്കിയത്. ഓവുചാലുകള്‍ക്ക് ആവശ്യമായ കവറിങ് സ്ലാബ് നിര്‍മിക്കാനും തീരുമാനിച്ചു. മഞ്ചേരി വീട്ടികുന്ന് ഭാഗങ്ങളില്‍ അനുവദിച്ച കുടിവെള്ള പദ്ധതിക്കായി വാട്ടര്‍ ടാങ്ക് സ്ഥാപിക്കാനുള്ള സ്ഥലം അനുവദിക്കല്‍, സാമൂഹിക സുരക്ഷ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പെന്‍ഷനുകളും മറ്റും കൈപറ്റുന്നതിനുള്ള പരിഷ്‌കാരങ്ങളുമാണ് കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്തത്. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വിഎം സുബൈദ അധ്യക്ഷത വഹിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day