|    Oct 15 Mon, 2018 4:11 pm
FLASH NEWS

നഗരസഭ ഉദ്യോഗസ്ഥര്‍ക്ക് ഇരട്ടത്താപ്പെന്ന് ആക്ഷേപം

Published : 26th September 2017 | Posted By: fsq

 

തൊടുപുഴ: നഗരസഭയിലെ ഉദ്യോഗസ്ഥരുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി ലീഗ് കൗണ്‍സിലര്‍ അനില്‍കുമാര്‍. താന്‍ മോശമായി പെരുമാറിയെന്നു പറഞ്ഞ് യോഗം ചേര്‍ന്നു മാപ്പ് പറയിച്ച ഉദ്യോഗസ്ഥര്‍, പട്ടയംകവലയിലെ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഇടതു കൗണ്‍സിലര്‍ റഷീദിനെതിരേ മിണ്ടുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. പട്ടയം കവലയില്‍ ഉദ്യോഗസ്ഥരെ വാഹനത്തില്‍ നിന്ന് ഇറക്കാന്‍ പോലും അനുവദിക്കാതിരുന്ന റഷീദിനെതിരേ ശബ്ദിച്ചാല്‍ പണി തെറിക്കുമെന്നു ഭയന്നാണിതെന്നാണ് ഭരണപക്ഷ കൗണ്‍സിലര്‍മാരും ആരോപിച്ചത്. റഷീദ് മോശമായി പെരുമാറിയോ എന്ന കൗണ്‍സിലിന്റെ ചോദ്യത്തിന് റവന്യൂ സൂപ്രണ്ട് ലീലാമ്മ മാത്യു ഉരുണ്ടുകളിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. കൗണ്‍സിലര്‍ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയിട്ടില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ ഇന്നലെ ഉച്ചയ്ക്ക് എന്തിനാണ് കൗണ്‍സിലര്‍ക്കെതിരെ സമരം നടത്തിയതെന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍ രേണുക രാജശേഖരനും രംഗത്തെത്തി. ഇതിനെ മറ്റുകൗണ്‍സിലര്‍മാരും പിന്തുണച്ചതോടെ ചെയര്‍പേഴ്‌സണ്‍ സൂപ്രണ്ടിനോട് വിശദീകരണം തേടുകയായിരുന്നു. എന്നാല്‍ തങ്ങളെ തടഞ്ഞത് ആരാണെന്നു വ്യക്തമായില്ലെന്ന നിലപാടാണ് സൂപ്രണ്ട് സ്വീകരിച്ചത്. ഉദ്യോഗസ്ഥരെ കൗണ്‍സില്‍ യോഗത്തില്‍ കൂട്ടം ചേര്‍ന്ന് ഹൈജാക്ക് ചെയ്യുന്നത് ശരിയായ നടപടിയല്ലെന്നും കൗണ്‍സിലര്‍ ആര്‍ ഹരി കുറ്റപ്പെടുത്തി. 2.30ന് ആരംഭിച്ച കൗണ്‍സിലില്‍ ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും അജണ്ട ചര്‍ച്ചയ്‌ക്കെടുക്കാത്തത് ശരിയായ കീഴ്‌വഴക്കമല്ലെന്നും അതിനാല്‍ കൗണ്‍സില്‍ യോഗം ബഹിഷ്‌ക്കരിക്കുകയാണെന്നും ആര്‍ ഹരി വ്യക്തമാക്കി. തൊട്ടു പിന്നാലെ ഇതേ നിലപാടെടുത്ത് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഇതിനിടെ വാര്‍ഡു കൗണ്‍സിലറുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരെ തടസപ്പെടുത്തിയതെന്ന ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടും കൗണ്‍സില്‍ യോഗത്തില്‍ വായിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss