|    Jun 27 Tue, 2017 2:03 am
FLASH NEWS

നഗരസഭ ആരോഗ്യവിഭാഗം രാത്രികാല പരിശോധന കര്‍ശനമാക്കി

Published : 6th November 2016 | Posted By: SMR

വടകര: നഗരസഭ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ മാലിന്യ നിര്‍മാര്‍ജ്ജന പദ്ധതിയായ കര്‍മ 2016ന്റെ ഭാഗമായി വടകര നഗരം സുന്ദര നഗരമായി പ്രഖ്യാപിച്ചിട്ടും മാലിന്യം തള്ളുന്നതിനെതിരെ പരിശോധന കര്‍ശനമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തില്‍ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്ന് രാത്രികാല പരിശോധനയും നഗരസഭ നടത്തുന്നുണ്ട്.  രാത്രികാല പരിശോധനയില്‍ വടകര ടൗണിലെ ഫാഷന്‍ ക്ലബ് എന്ന സ്ഥാപനത്തില്‍ നിന്നും പഴകിയ ചെരുപ്പുകളും മറ്റു മാലിന്യങ്ങളും രണ്ട് ചാക്കുകകളിലായി പൊതുസ്ഥലത്ത് തള്ളുന്നതിനിടയില്‍ നാട്ടുകാരുടെ സഹായത്തോടെ ആരോഗ്യവിഭാഗം പിടികൂടി. ഈ സ്ഥാപനത്തില്‍ നിന്നും 1010 രൂപ പിഴ ഈടാക്കി. കഴിഞ്ഞ ദിവസവും ഈ സ്ഥാപനത്തില്‍ നിന്ന് മാലിന്യം തള്ളിയിരുന്നു. സിറ്റി സ്റ്റൈല്‍ ഡ്രസ്സ് മേക്കേര്‍സ്, കോമ ജങ്ഷന്‍, കോര്‍ണര്‍ സ്‌റ്റേഷനറി, കാര്‍ ആക്‌സസറീസ്, കാരവന്‍ ഫൂട്ട്‌വേര്‍, എടോടി ടി.എന്‍ ബാലകൃഷ്ണന് സ്‌റ്റേഷനറി, ന്യൂ ആര്യ ഭവന്‍ ഹോട്ടല്‍, പഴങ്കാവ് ബാബു കൊറോള എന്നിവരുടെ കെട്ടിടം എന്നീ സ്ഥാപനങ്ങളില്‍ നിന്നും പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് ആരോഗ്യ വിഭാഗം കേസെടുത്തു. വടകര പഴയ ബസ്സ്സ്റ്റാന്‍ഡ് ന്യൂ ഇന്ത്യ ഹോട്ടലിന് സമീപം ഉന്തുവണ്ടിയില്‍ വില്‍പന നടത്തുകയായിരുന്ന ഉപ്പിലിട്ടതും പഴകിയതുമായി പഴവര്‍ഗ്ഗങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു. നഗരസഭ പ്രദേശത്തെ മുഴുവന്‍ കടകളില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ പ്രത്യേക തരംതിരിച്ച് വ്യാപാരി വ്യവസായി സംഘടനകളുടെയും നഗരസഭയുടെയും നേതൃത്വത്തില്‍ റീ സൈക്ലിങ് കേന്ദ്രങ്ങളിലേക്ക് കയറ്റി അയച്ചിട്ടുള്ളതാണ്. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളോടൊന്നും സഹകരിക്കാതിരിക്കുകയും സ്വന്തം കടയിലെ മാലിന്യങ്ങള്‍ രാത്രികാലങ്ങളില്‍ പൊതുസ്ഥലത്ത് നിക്ഷേപിക്കുകയും ചെയ്ത സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ് നടല്‍കുന്ന നടപടിയും തുടര്‍ന്ന് കട അടച്ചുപൂട്ടുന്നതുള്‍പ്പടെയുള്ള നടപടിയും സ്വീകരിക്കുന്നതാണെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ദിവാകരന്‍ അറിയിച്ചു. പരിശോധനക്ക്  ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി ഷജില്‍കുമാര്‍, ജെഎച്ച്‌ഐ സജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക