|    Jun 20 Wed, 2018 7:10 pm
FLASH NEWS

നഗരസഭാ യോഗത്തില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

Published : 21st January 2017 | Posted By: fsq

 

വളാഞ്ചേരി: നഗരത്തിലെ ഒരുനക്ഷത്ര ഹോട്ടലില്‍ ബാര്‍ലൈസന്‍സ് ലഭിക്കുന്നതിനുള്ള നിരാക്ഷേപപത്രം  ലഭിക്കുന്നതിന് ബാര്‍ ഉടമകള്‍ നല്‍കി അപേക്ഷ നഗരസഭായോഗത്തില്‍ വെക്കാതെ നീട്ടിക്കൊണ്ടുപോയത് വിവാദമായി. കോടതി മുഖേന എന്‍ഒസി നേടിയെടുക്കാന്‍ ബാര്‍ ഉടമകള്‍ക്ക് സൗകര്യം ഒരുക്കികൊടുത്ത ഭരണ സമിതിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇതിനുത്തരവാദികളായ നഗരസഭ ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനും സ്ഥിരസമിതി അധ്യക്ഷന്മാരും രാജിവെക്കണമെന്നും ഇവരുടെ പേരില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നലെ നഗരസഭ യോഗം ആരംഭിച്ചപ്പോള്‍ തന്നെ ആവശ്യമുന്നയിച്ച് ബഹളം വെച്ചു. എന്നാല്‍ ഭരണ സമിതി ഇതിനുത്തരവാദികളല്ലെന്നും ആ കാലയളവിലെ സെക്രട്ടറി ഭരണ നേതൃത്വത്തെ അറിയിക്കാതെ നീട്ടിക്കൊണ്ടുപോവുകയായിരുന്നെന്നും സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെടാന്‍ യോഗം തീരുമാനമെടുക്കുകയായിരുന്നു. ഇത് അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല. വിജിലന്‍സ് അന്വേഷണം നടത്തി കുറ്റക്കാരെ പുറത്ത് കൊണ്ടുവരാന്‍ ചെയര്‍പേഴ്‌സണ്‍ തയ്യാറാവണമെന്നു പ്രതിപക്ഷ നേതാവ് ടി പി അബ്ദുല്‍ ഗഫൂര്‍ ആവശ്യപ്പെട്ടു. സെക്രട്ടറിയോട് വിശദീകരണം ചോദിച്ചു മറുപടി ലഭിച്ചതിനു ശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കാമെന്നും ഭരണപക്ഷവും പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷത്തെ 12 അംഗങ്ങള്‍ യോഗം ബഹിഷ്‌കരിച്ച് നഗരത്തില്‍ പ്രകടനം നടത്തി. പ്രകടത്തിന് ടി പി അബ്ദുല്‍ ഗഫൂര്‍, നടക്കാവില്‍ ഷംസുദ്ദീന്‍, ടി പി രഘുനാഥ്, സി എച്ച് സുബൈദ, കള്ളിക്കാട്ടില്‍ സുഗന്ധി, ടി പി രഘുനാഥ് നേതൃത്വം നല്‍കി. നഗരസഭാ ഭരണത്തിന് നേതൃത്വം കൊടുക്കുന്ന യുഡിഎഫ് നേതാക്കള്‍ ബാര്‍ ഉടമകളില്‍ നിന്ന് വന്‍ തുക കോഴ വാങ്ങിയതായും ഉദ്യോഗസ്ഥന്മാരെ പഴിചാരി രക്ഷപ്പെടാന്‍ കഴിയില്ലെന്നും പിന്നീട് പ്രതിപക്ഷാംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബാര്‍ ഉടമകളുടെ അപേക്ഷ നഗരസഭാ ഭരണ സമിതി യോഗത്തില്‍ വെക്കാതെ സെക്രട്ടറി നീട്ടിക്കൊണ്ടുപോയതായും വളാഞ്ചേരിയില്‍ ബാര്‍ അനുവദിക്കരുതെന്നും സര്‍ക്കാറിനോടാവശ്യപ്പെടുമെന്നും സെക്രട്ടറിയുടെ വിശദീകരണം കിട്ടിയാലുടന്‍ മറ്റു നിയമ നടപടികള്‍ സ്വീകരിക്കുമെന്നും യോഗത്തിനു ശേഷം ചെയര്‍പേഴ്‌സണ്‍ എം ഷാഹന മാധ്യമങ്ങളോട് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss