|    Mar 23 Fri, 2018 1:00 pm
FLASH NEWS

നഗരസഭാ ഭരണസമിതിയില്‍ ‘എടാ’ വിവാദം പുകയുന്നു ; വൈസ് ചെയര്‍മാന്‍ രാജിക്കൊരുങ്ങി

Published : 28th November 2016 | Posted By: SMR

തൊടുപുഴ: നഗരസഭ ചെയര്‍പേഴ്‌സന്‍ വൈസ്‌ചെയര്‍മാനെ എടായെന്ന് വിളിച്ച് പൊതുജനമധ്യത്തിലും ജീവനക്കാരുടെ മുന്നിലുംവെച്ച് അപമാനിച്ചതായി ആക്ഷേപം. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തൊടുപുഴ നഗരസഭാ വൈസ് ചെയര്‍മാന്‍ ടി കെ സുധാകരന്‍ നായരെയാണ് പൊതുജനമധ്യത്തില്‍ വച്ച് അപമാനിച്ചത്.സംഭവം വിവാദമായതോടെ മുസ്‌ലിം ലീഗ് നേതാക്കള്‍ വിഷയത്തിലിടപെട്ടു.ലീഗീലെ ചില കൗണ്‍സിലര്‍മാരും പരാതിയുമായി രംഗത്തെത്തി.സംഭവത്തില്‍ പ്രതിഷേധിച്ച് വൈസ് ചെയര്‍മാന്‍ രാജിക്കൊരുങ്ങിയതായും സൂചനയുണ്ട്.ഇതോടെ 29നു നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയങ്ങളെല്ലാം ചൂടേറിയ ചര്‍ച്ചയാവും.നഗരസഭയിലെ നികുതിപിരിവും പെന്‍ഷന്‍വിതരണവുമായി ബന്ധപ്പെട്ടാണ് വിവാദവിഷയങ്ങളുടെ തുടക്കം.നഗരസഭ പരിധിയിലെ വാര്‍ഡുകളിലുള്ളവര്‍ വിധവ പെന്‍ഷന്‍,വാര്‍ധക്യ പെന്‍ഷന്‍ എന്നിവ നഗരസഭ അതിര്‍ത്തിയില്‍ നിന്നു സ്ഥലം വിറ്റുപോയിട്ടും കൈപ്പറ്റുന്നതായി നഗരസഭ ജീവനക്കാര്‍ കണ്ടെത്തിയിരുന്നു.സ്ഥലം വിറ്റുപോയവര്‍ സമീപ പഞ്ചായത്തുകളിലും ഇത്തരത്തില്‍ അപേക്ഷ വച്ച് അവിടെനിന്നും പെന്‍ഷന്‍ കൈപ്പറ്റി.ഇത് സര്‍ക്കാരിനു വന്‍ സാമ്പത്തിക നഷ്ടമാണ് വരുത്തുന്നത്.ഇതുകൂടാതെ കെട്ടിടനികുതിയിനത്തില്‍ 15വര്‍ഷമായിട്ട് നികുതിയടക്കാത്തവരെ കണ്ടെത്തി നികൂതി ഈടാക്കാന്‍ നഗരസഭ ആറംഗസംഘത്തെ നിയോഗിച്ചു.ഇവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഏതാനും ദിവസത്തിനിടെ എട്ടുലക്ഷം രൂപയാണ് നഗരസഭ പിരിച്ചെടുത്തത്.ഇതിനാവശ്യമായ നടപടിക്രമങ്ങള്‍ ഫിനാന്‍സ് കമ്മിറ്റിയും ജീവനക്കാരും ചേര്‍ന്നാണ് മുന്നോട്ടുകൊണ്ടുപോയിരുന്നത്.പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ ആവശ്യമായ രേഖകളുമായി നഗരസഭയിലെത്തണമെന്നും നഗരസഭ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.ഇതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച വന്‍തിരക്കാണ് നഗരസഭയിലുണ്ടായത്.രേഖകളുമായെത്തിയവര്‍ കെട്ടിട നികുതി കൂടി അടച്ചതോടെയാണ് എട്ട് ലക്ഷം രൂപ നഗരസഭയ്ക്ക് അധികവരുമാനമായത്.ഇത്രയും വരുമാനം ലഭിച്ചില്ലായിരുന്നുവെങ്കില്‍ നഗരസഭയിലെ ശമ്പളം ഉള്‍പ്പടെ മുടങ്ങുന്ന സ്ഥിതിവിശേഷമാണ് നിലവിലുണ്ടായിരുന്നത്. ഇതിനിടയൊണ് ഈ നികുതി പിരിവും പെന്‍ഷന്‍കാരെ വിളിച്ചുവരുത്തിയുള്ള പരിശോധനയും നിര്‍ത്തണമെന്ന ആവശ്യവുമായി ചെയര്‍പേഴ്‌സന്‍ രംഗത്തെത്തിയത്. നിര്‍ത്തലാക്കാന്‍ പറ്റില്ലെന്നും ഇതു ഫിനാന്‍സ് കമ്മിറ്റിയുടെ തീരുമാനമാണെന്നും വൈസ്‌ചെയര്‍മാന്‍ നിലപാട് സ്വീകരിച്ചു. വാഗ്വാദം ശക്തമായതോടെ ചെയര്‍പേഴ്‌സന്‍ നഗരസഭ ഓഫിസിനുള്ളില്‍ വച്ച് വൈസ് ചെയര്‍മാനെ എടായെന്ന് വിളിച്ചത്. ചെയര്‍പേഴസന്‍ ജനങ്ങളുടെ മുന്നില്‍വച്ച് ജീവനക്കരാരോടും രൂക്ഷമായി സംസാരിച്ചു. തുടര്‍ന്ന് ഇക്കാര്യങ്ങള്‍ വൈസ് ചെയര്‍മാന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. നഗരസഭയിലെ പ്രശ്‌നം ഇങ്ങനെ തുടരാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്സും ലീഗ് നേതൃത്വവും. അതേസമയം തന്നെ ബിജെപി കൗണ്‍സിലറോടും സുപ്പര്‍ചെയര്‍മാന്‍ ചമയേണ്ടായെന്ന് ചെയര്‍പേഴ്‌സന്‍ പറഞ്ഞതായും ആരോപണമുര്‍ന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss