|    Apr 26 Thu, 2018 1:31 pm
FLASH NEWS

നഗരസഭാ പ്ലാറ്റിനം ജൂബിലി: അമ്പതുദിന പരിപാടികള്‍

Published : 5th October 2016 | Posted By: Abbasali tf

തിരുവനന്തപുരം: നഗരസഭയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെയും നിലവിലുള്ള കൗണ്‍സില്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെയും ഭാഗമായി 50ദിന പരിപാടി പ്രഖ്യാപിച്ചു. നവംബര്‍ 18ന് പൂര്‍ത്തിയാകുന്ന നിലയില്‍ വിവിധ മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങളാണ് നഗരസഭ സംഘടിപ്പിക്കുന്നതെന്ന് മേയര്‍ വി കെ പ്രശാന്ത് വാര്‍ത്താ സമ്മേളനത്തി ല്‍ അറിയിച്ചു. കല്ലടിച്ചാംമൂല ശുദ്ധജല പദ്ധതിയുടെ ഉദ്ഘാടനം, പാങ്ങോട് ഫിഷ് മാര്‍ക്കറ്റ് ഉദ്ഘാടനം, പേരൂര്‍ക്കട മാര്‍ക്കറ്റ് ഉദ്ഘാടനം, കുന്നുകുഴി സ്ലോട്ടര്‍ ഹൗസിന്റെ ശിലാസ്ഥാപനം എന്നിവ ഉള്‍പ്പെടെയുള്ളവയാണ് 50 ദിന പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്. 2015 നവംബറിലാണ് തിരുവനന്തപുരം നഗരസഭയിലെ നിലവിലുള്ള  കൗണ്‍സില്‍ അധികാരമേറ്റത്. അധികാരമേറ്റയുടന്‍ നടന്ന സ്‌കൂള്‍ കലോല്‍സവവും ആറ്റുകാല്‍ പൊങ്കാലയും എന്റെ നഗരം സുന്ദര നഗരം പദ്ധതിയുടെ ഭാഗമായി  ഗ്രീന്‍പ്രോട്ടോക്കോള്‍ ഉള്‍പ്പെടെയുള്ള പുതിയ ആശയങ്ങള്‍ നടപ്പാക്കിക്കൊണ്ട് വിജയകരമായി സംഘടിപ്പിക്കാന്‍ സാധിച്ചുവെന്ന് മേയര്‍ പറഞ്ഞു. 13ാം പഞ്ചവത്സര പദ്ധതിയുടെ നാലാം വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങളും മറ്റ് കേന്ദ്ര പദ്ധതികളും തിരഞ്ഞെടുപ്പ് കാരണം മന്ദഗതിയിലായിരുന്നു. നിരന്തരമായ അവലോകനവും ഇടപെടലും കൊണ്ട് ഈ പദ്ധതികളുടെ നിര്‍വഹണം ഊര്‍ജിതമാക്കാന്‍ കഴിഞ്ഞു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഭാഗമായി നഗരത്തിലെ വിവിധ ചേരി പ്രദേശങ്ങളിലെ ഭവന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടി. കരിമഠം കോളനിയിലെ രണ്ടും മൂന്നും ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ബിഎസ്‌യുപി പദ്ധതി പ്രകാരം പൂര്‍ത്തീകരിച്ചു. എന്‍യുഎല്‍എം പദ്ധതി പ്രകാരം 72 കുടുംബങ്ങള്‍ക്ക് കരിമഠത്ത് ഫഌറ്റുകള്‍ പുനര്‍നിര്‍മിച്ചു നല്‍കി.  കല്ലടിമുഖത്ത് 318 കുടുംബങ്ങള്‍ക്കായി പണി ആരംഭിച്ച ഫഌറ്റുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയും വീടുകളുടെ അലോട്ട്‌മെന്റ് ഉള്‍പ്പെടെ നടത്തുകയും ചെയ്തു. പദ്ധതിയില്‍ ഇല്ലാതിരുന്ന കുടിവെള്ളം, വൈദ്യുതി, സ്ട്രീറ്റ് ലൈന്‍ എന്നിവക്ക് പുതുതായി ഫണ്ട് വകയിരുത്തി ഗുണഭോക്താക്കള്‍ക്ക് സൗജന്യമായി നല്‍കി. ഈ പദ്ധതി പ്രദേശത്ത് പണിതീര്‍ത്ത സാക്ഷാത്കാരം യാചക പുനരധിവാസകേന്ദ്രം വിഷുദിനത്തില്‍ ഉദ്ഘാടനം ചെയ്തു. മതിപ്പുറത്ത് ആര്‍എവൈ പദ്ധതിപ്രകാരമുള്ള ഫഌറ്റുകളുടെ പണി പുനരാരംഭിക്കുന്നതിനും സാധിച്ചു. കല്ലടിമുഖം, കരിമഠം, മതിപ്പുറം, കണ്ണമ്മൂല പദ്ധതികള്‍ ചേരി നിര്‍മാര്‍ജന രംഗത്തെ മാതൃകാ സംരംഭങ്ങളാണ്. നഗരത്തിലെ മാലിന്യ നിര്‍മാര്‍ജന രംഗത്ത് മാതൃകാപരമായ ചുവടുവെപ്പുകള്‍ നടത്താനും സാധിച്ചു. പ്രതിദിനം നഗരത്തിലുള്ള മാലിന്യത്തിന്റെ അളവ് 450 ടണ്ണാണ.് കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാന്റില്ലാതെ തന്നെ ഉറവിട മാലിന്യ സംസ്‌കരണ പരിപാടി വഴി ഒരു പുതിയ മാതൃക തന്നെ തിരുവനന്തപുരത്തിന് സൃഷ്ടിക്കാനായി. തലസ്ഥാന നഗരിയില്‍ തെരുവ് നായ്ക്കളുടെ പ്രശ്‌നം പരിഹരിക്കുന്നതിനായി ആരംഭിച്ച പദ്ധതി പ്രകാരം 2000 ത്തോളം നായ്ക്കളെ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി. തെരുവ് വിളക്കുകള്‍ കാര്യക്ഷമമാക്കുന്നതിനായി മുടങ്ങികിടന്ന എല്‍ഇഡി ലൈറ്റ് പരിപാടിക്ക് സര്‍ക്കാര്‍ അനുവാദം നേടി സിഡ്‌കോയുമായി കരാറിലെത്തിയിട്ടുണ്ട്. സ്മാര്‍ട്ട്‌സിറ്റി പദ്ധതി നേടിയെടുക്കുന്നതിനുള്ള മത്സരത്തില്‍ തിരുവനന്തപുരം നഗരം രണ്ടാം ഘട്ടത്തിലേക്ക് കടന്നു. ഈ മത്സരത്തില്‍ വിജയിക്കുന്നതിനുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നഗരസഭ സംഘടിപ്പിച്ചു വരികയാണ്. പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗമായി ഒക്‌ടോബര്‍ 31, നവംബര്‍ ഒന്ന് തീയതികളില്‍ പ്രത്യേക കൗണ്‍സില്‍യോഗം ചേരാനും പ്രത്യേക പരിപാടികള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss