|    Jan 23 Tue, 2018 5:41 am
FLASH NEWS

നഗരസഭാ പ്രദേശത്ത് 52 കേന്ദ്രങ്ങളില്‍ എയ്‌റോബിക് ബിന്നുകള്‍ തയ്യാറാവുന്നു

Published : 5th August 2017 | Posted By: fsq

 

തിരുവനന്തപുരം: നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി കണ്ടെത്തിയ സ്ഥലങ്ങളില്‍ പുതിയതായി എയ്‌റോബിക് ബിന്നുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം നടത്തിവരികയാണെന്ന് മേയര്‍ വികെ പ്രശാന്ത്.  നഗരസഭാ പ്രദേശത്ത് ആകെ 52 കേന്ദ്രങ്ങളില്‍ എയ്‌റോബിക് ബിന്നുകള്‍ താമസിയാതെ തയ്യാറാകും. ഓരോ വാര്‍ഡുകളിലും ലഭ്യമായ സ്ഥലം പ്രയോജനപ്പെടുത്തി ചുരുങ്ങിയത് എയ്‌റോബിക് ബിന്നുകളുടെ ഒരു കേന്ദ്രമെങ്കിലും സ്ഥാപിക്കുന്നതിനാണ് നഗരസഭ തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എയ്‌റോബിന്നുകളും കിച്ചണ്‍ബിന്നുകളും പരിപാലിക്കുന്നതിനായി തൊഴിലാളികളെ കണ്ടെത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.  ഇതിന്റെ ഭാഗമായി ഈ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന കുടുംബശ്രീ പ്രവര്‍ത്തകരെയും നഗരസഭയുടെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി താല്‍ക്കാലികമായി നിയമിച്ച ശുചീകരണ തൊഴിലാളികളെയും ഉള്‍പ്പെടുത്തി പരിശീലനം നല്‍കിക്കഴിഞ്ഞു. നിലവിലുള്ള എയ്‌റോബിക് ബിന്നുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. ഇവ പരിപാലിക്കുന്നതിന് മൂന്ന്  ഷിഫ്റ്റുകളിലായി 24 മണിക്കൂറും തൊഴിലാളികളെ നിയമിക്കും. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന മൂദ്രാവാക്യം ഉയര്‍ത്തി ഉറവിട മാലിന്യ സംസ്‌ക്കരണത്തിന് ഊന്നല്‍ നല്‍കിയുള്ള മാലിന്യ സംസ്‌കരണ സംവിധാനം രൂപപ്പെടുത്തുന്നതിനാണ് നഗരസഭ തീരുമാനിച്ചിട്ടുള്ളത്. മേയര്‍ ചെയര്‍മാനായി നഗരസഭയുടെ മാലിന്യ പരിപാലന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തിരുവനന്തപുരം ശുചിത്വ പരിപാലന സമിതി എന്ന സമിതി രൂപീകരിച്ചുകഴിഞ്ഞു. മുട്ടത്തറയില്‍ റിസോഴ്‌സ് റെക്കവറി സെന്ററില്‍ പ്ലാസ്റ്റിക് ഷ്രഡ്ഡിങ് യൂണിറ്റ് പ്രവര്‍ത്തന സജ്ജമാക്കി. രണ്ട് ഷ്രഡ്ഡിംഗ് മെഷീനാണ് ഇപ്പോള്‍ ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഇതിലൂടെ പ്രതിദിനം ഒരു ടണ്‍ പ്ലാസ്റ്റിക് മാലിന്യം ഷ്രഡ്ഡ് ചെയ്യാനാകും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വീടുകളില്‍ നിന്ന് ചിട്ടയായി ശേഖരിക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്താന്‍ ഇത് സഹായകമാകും. ഇത് കൂടാതെ പേരൂര്‍ക്കട ആര്‍ആര്‍സിയില്‍ രണ്ട് ഷ്രഡ്ഡിംഗ് യൂണിറ്റുകളും രണ്ടുബെയിലിംഗ് യൂണിറ്റുകളും സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.സര്‍വീസ് പ്രൊവൈഡര്‍മാരാവാന്‍ താല്‍പര്യമുള്ള ഏജന്‍സികളെ കണ്ടെത്തുന്നതിന് നഗരസഭ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വീടുകളിലെ മാലിന്യ സംസ്‌ക്കരണത്തിന് വിവിധ രീതികള്‍ നഗരസഭ മുന്നോട്ട് വയ്ക്കുന്നുണ്ട്. പ്രതിമാസം 250 രൂപ നല്‍കി നഗരസഭ ചുമതലപ്പെടുത്തുന്ന സേവന ദാതാക്കളുടെ സഹായത്തോടെ കിച്ചണ്‍ ബിന്‍ സ്ഥാപിച്ച് ഉറവിട മാലിന്യ സംസ്‌കരണം നടത്തുകയും അജൈവമാലിന്യങ്ങള്‍ തരം തിരിച്ച് സേവനദാതാക്കള്‍ക്ക് കൈമാറുകയും ചെയ്യുന്ന പദ്ധതിയും സ്വന്തമായി കമ്പോസ്റ്റിങ്/ ബയോഗ്യാസ് സംവിധാനം വീട്ടില്‍ സ്ഥാപിച്ച് ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കുകയും അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് പ്രതിമാസം 60 രൂപ നിരക്കില്‍ അംഗീകൃത സേവനദാതാക്കള്‍ക്ക് കൈമാറുകയും ചെയ്യും. സ്വന്തമായി കമ്പോസ്റ്റിങ്/ ബയോഗ്യാസ് സ്ഥാപിച്ച് ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കുകയും അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് നഗരസഭ നിശ്ചയിക്കുന്ന ഫീസ് നിരക്കില്‍ ആര്‍ആര്‍എഫിലേക്ക് നേരിട്ട് കൈമാറുകയും ചെയ്യുന്ന പദ്ധതിയും പ്രതിമാസം 800 രൂപ നല്‍കി വീട്ടില്‍ നിന്നും മാലിന്യം ശേഖരിച്ചു കൊണ്ടു പോകുന്ന പദ്ധതിയും ഇതിലുള്‍പ്പെടുന്നുണ്ട്.  സാമ്പത്തികമായി പ്രാപ്തിയില്ലാത്തവരാണെന്ന് ബോധ്യപ്പെടുന്ന പക്ഷം കിച്ചണ്‍ബിന്‍ പരിപാലനത്തിനായി സബ്‌സിഡി നല്‍കുന്നതിന് സംയുക്തപാര്‍ട്ടി യോഗം തീരുമാനിച്ചിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day