|    Oct 19 Thu, 2017 5:49 am
FLASH NEWS

നഗരസഭാ തിരഞ്ഞെടുപ്പ് : മട്ടന്നൂരില്‍ ആഹ്ലാദപ്രകടനത്തിന് പോലിസ് നിയന്ത്രണം

Published : 10th August 2017 | Posted By: fsq

 

മട്ടന്നൂര്‍: നഗരസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഇന്നു നടക്കുന്നതിനിടെ നഗരസഭാ പരിധിയില്‍ ആഹ്ലാദപ്രകടനത്തിനു പോലിസിന്റെ കടുത്ത നിയന്ത്രണം. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും പോലിസിന്റെയും നേതൃത്വത്തില്‍ നടത്തിയ യോഗത്തിലാണു തീരുമാനം. ഇരിചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ ആളുകളെ കയറ്റിയും എഴുന്നേറ്റ് നിന്നും അപകടകരമായ രീതിയില്‍ ഓടിക്കാന്‍ പാടില്ല. അത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. പ്രകടനങ്ങളില്‍ ഉത്തരവാദപ്പെട്ട നേതൃത്വം ഉണ്ടായിരിക്കണം. ഫലപ്രഖ്യാപനത്തിന് ശേഷം മൂന്നാം സ്ഥാനത്ത് വരുന്ന കക്ഷിക്ക് ആദ്യം പ്രകടനം നടത്താനും രണ്ടാം സ്ഥാനത്ത് വരുന്ന കക്ഷി 30 മിനുട്ടിന് ശേഷം പ്രകടനം നടത്താനും ഒന്നാം സ്ഥാനത്ത് വരുന്ന കക്ഷി അവസാനമായി പ്രകടനം നടത്താനും തീരുമാനിച്ചു. പ്രകടനങ്ങള്‍ മടന്നൂര്‍ എച്ച്എസ്എസ്-പാലോട്ടുപള്ളി-പ്രകാശ് ജങ്ഷന്‍ വഴി മട്ടന്നൂര്‍ ബസ്്സ്റ്റാന്റില്‍ അവസാനിക്കണം. കണ്ണൂര്‍ റോഡിലോ, തലശ്ശേരി റോഡിലോ പ്രകടനം നീളാന്‍ പാടില്ല. മട്ടന്നൂര്‍ ടൗണിലുള്ള എല്ലാ പ്രകടനങ്ങളും ഉച്ചയ്ക്ക് ശേഷം മൂന്നിനും വാര്‍ഡ് തലങ്ങളില്‍ വൈകീട്ട് ആറിനും അവസാനിപ്പിക്കണം. സമയക്ലിപ്തത പാലിക്കാത്തവര്‍ക്കെതിരേ നടപടി സ്വീകരിക്കും. സാമൂഹിക മാധ്യമങ്ങള്‍ വഴി അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍, അഭ്യൂഹപ്രചാരണങ്ങള്‍ എന്നിവ നടത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കും. പരാജയപ്പെട്ട സ്ഥാനാര്‍ഥിയുടെയോ പ്രവര്‍ത്തകരുടെയോ നേതാക്കളുടെയോ വീടിന് സമീപത്തുവച്ച് അപകീര്‍ത്തികരമായ മുദ്രാവാക്യങ്ങള്‍ വിളിക്കാനോ പടക്കം പൊട്ടിക്കാനോ പാടില്ല. വാര്‍ഡ് തലത്തില്‍ വിജയിച്ച സ്ഥാനാര്‍ഥികള്‍ക്കു മാത്രമേ ഇന്നു പ്രകടനം നടത്താന്‍ അനുമതിയുള്ളൂ. ഒരു വാര്‍ഡിലെ പ്രകടനം മറ്റ് വാര്‍ഡുകളില്‍ കടക്കാന്‍ പാടില്ല. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പ്രാദേശിക നേതാക്കള്‍ തമ്മില്‍ പരസ്പര ധാരണയുണ്ടാക്കണം. യോഗത്തില്‍ ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ അധ്യക്ഷത വഹിച്ചു. മട്ടന്നൂര്‍ സിഐ എ വി ജോണ്‍, എസ്‌ഐ എ വി ദിനേശ്, എന്നിവരും വിവിധ രാഷ്ട്രീയകക്ഷികളെ പ്രതിനിധീകരിച്ച് എ കെ ഹരീന്ദ്രനാഥന്‍(സിപിഎം), വി എന്‍ മുഹമ്മദ്(മുസ്്‌ലിം ലീഗ്), ദാമോദരന്‍ മാസ്റ്റര്‍(കോണ്‍ഗ്രസ്), കെ മോഹനന്‍(ബിജെപി) പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക