|    Apr 30 Sun, 2017 12:41 pm
FLASH NEWS

നഗരസഭാ ജങ്ഷനില്‍ ശാസ്ത്രീയ ഗതാഗത സംവിധാനമില്ല; അപകടം തുടര്‍ക്കഥയാവുന്നു

Published : 22nd November 2016 | Posted By: SMR

ചാലക്കുടി: രാഷ്ട്രീയ വടവലികളുടെ പേരില്‍ നഗരസഭ ജങ്്ഷനില്‍ ശാസ്ത്രീയമായ ട്രാഫിക് സംവിധാനം ഒരുക്കാത്തതിനെ തുടര്‍ന്ന് ഇവിടെ ഒരു കുരുന്ന് കൂടി ബലിയാടായി. നഗരസഭ ജങ്ഷന്‍ വീണ്ടും കുരുതികളമായിട്ടും ബന്ധപ്പെട്ടവരുടെ കണ്ണ് ഇനിയും തുറന്നിട്ടില്ല. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇവിടെ പൊലിഞ്ഞ മനുഷ്യജീവനുകളുടെ എണ്ണം പതിനഞ്ചിലെത്തി. വെള്ളിക്കുളം വീട്ടില്‍ ഹായത്ത് മന്‍സില്‍ മുനീറിന്റെ മകന്‍ അത്തീഫ് എന്ന എഴുവയസ്സുകാരനാണ് തിങ്കളാഴ്ച ദാരുണമായ അന്ത്യമുണ്ടായത്. അപകടമരണങ്ങളുടെ എണ്ണം പതിനഞ്ചാണെങ്കില്‍ ഇവിടെയുണ്ടായ അപകടങ്ങളുടെ എണ്ണം ഭയാനകമാണ്. എന്നിട്ടും ബന്ധപ്പെട്ടവര്‍ ഇവിടത്തെ പ്രശ്‌നങ്ങള്‍ നിസ്സാരവല്‍ക്കരിക്കുകയാണ്. പ്രധാന വിദ്യഭ്യാസ സ്ഥാപനങ്ങളടക്കം നിരവധി സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന ഈ തിരക്കേറിയ ജങ്ഷന്‍ മറികടക്കാതെ നഗരത്തിലെത്താനാകില്ല. വാഹനങ്ങള്‍ ക്രമം തെറ്റിച്ചാണ് പലപ്പോഴും ഇതുവഴി കടന്നു പോവാറ്. സിഗ്നല്‍ ഒഴിവാക്കാനായി പലപ്പോഴും ട്രാന്‍സ്‌പോര്‍ട്ട് ബസ്സടക്കമുള്ള വലിയ വാഹനങ്ങള്‍ സര്‍വീസ് റോഡ് വഴി വരുന്നതും ഇതുമൂലം ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും നിത്യസംഭവമാണ്. എന്നിട്ടും ട്രാഫിക് കമ്മിറ്റിയോ പോലിസോ ഇവ നിയന്ത്രിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ല. നഗരസഭ ജങ്ഷനില്‍ മേല്‍പാലം വേണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗവും അടിപ്പാത വേണമെന്നാവശ്യപ്പെട്ട് മറ്റൊരു വിഭാഗവും നേതൃത്വം നല്‍കിയ നിരവധി സമരങ്ങള്‍ക്കും നഗരസഭ ജങ്ഷന്‍ വേദിയായിട്ടുണ്ട്. മേല്‍പാലം അനുവദിച്ചെന്ന പ്രചാരണവുമായി ഒരു വിഭാഗം രംഗത്തെത്തിയപ്പോള്‍ അടിപ്പാതക്കുള്ള മണ്ണ് പരിശോധന നടത്തി മറുവിഭാഗവും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതു രണ്ടും ഇവിടെ വന്നില്ല. കാല്‍നടക്കാര്‍ക്ക് പോലും റോഡ് മുറിച്ച് കടക്കാന്‍ ദുഷ്‌കരമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. ദേശീയപാതയിലെ കാഴ്ച തടസ്സപ്പെടുത്തുന്ന തരത്തില്‍ റിട്ട.ജസ്റ്റിസിന്റേ പേരിലുള്ളതടക്കമുള്ള നിരവധി ബോര്‍ഡുകളും നീക്കം ചെയ്യണമെന്ന ആവശ്യവും ബന്ധപ്പെട്ടവര്‍ ചെവിക്കൊണ്ടിട്ടില്ല.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day