|    Nov 20 Tue, 2018 3:20 am
FLASH NEWS

നഗരസഭാ കൗണ്‍സില്‍: വിവിധ അജണ്ടകള്‍ക്ക് അംഗീകാരം; പരാതികളുടെ പ്രളയം

Published : 1st May 2018 | Posted By: kasim kzm

വടകര: ഇന്നലെ ചേര്‍ന്ന വടകര നഗരസഭ കൗണ്‍സിലില്‍ പരാതികളുടെ പ്രളയം. വിവിധ മേഖലയില്‍ പൊതുജനങ്ങള്‍ക്ക് പ്രയാസമേകുന്ന വിഷയങ്ങള്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ ഉന്നയിച്ചതോടെ പരാതികളുടെ എണ്ണം നീണ്ടു. പൈപ്പ് പൊട്ടി വെള്ളം പാഴാവല്‍, മഴക്കാല പൂര്‍വ്വ ശുചീകരണം, റോഡ് തകര്‍ച്ച, ക്ഷേമ പെന്‍ഷന്‍ വിതരണം, കടല്‍ഭിത്ത നിര്‍മ്മാണം, മണല്‍ വാരല്‍, റേഷന്‍ വിതരണം തുടങ്ങിയ നിരവധി വിഷയങ്ങളാണ് കൗണ്‍സിലില്‍ ഉന്നയിക്കപ്പെട്ടത്.
നഗരസഭയിലെ കക്കട്ടില്‍ തുരുത്തിയിലെ മണല്‍ വാരല്‍ കേന്ദ്രത്തില്‍ നിന്നും മണല്‍ ലഭിക്കുന്നതിനായി ഒരു ദിവസത്തെ അധ്വാനമാണെന്നും, നടപടിക്രമങ്ങളുടെ പ്രയാസത്തില്‍ ആരും തന്നെ മണല്‍ വാങ്ങാന്‍ തയ്യാറാവുന്നില്ലെന്നും പ്രതിപക്ഷ കൗണ്‍സിലര്‍ ടി കേളു ഉന്നയിച്ചു. മുന്‍കാലങ്ങളില്‍ ദിവസേന 60, 65നും മുകളില്‍ ലോഡ് മണല്‍ കയറ്റിപ്പോകുന്നതില്‍ നിന്നും നിലവില്‍ 15 ലോഡായി ചുരുങ്ങിയിരിക്കുകയാണ്.
മാത്രമല്ല ഇവിടെ ഈടാക്കുന്ന വിലയും വന്‍ തോതില്‍ കൂടുതലാണെന്നും, നടപടിക്രമങ്ങള്‍ ചുരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വിവിധയിടങ്ങളില്‍ വെള്ളം പാഴാവുകയാണ്. അതോറിറ്റി ഉദ്യോഗസ്ഥരെ വിളിച്ചു ഓഫീസില്‍ പോയി പരാതി പറഞ്ഞിട്ടും പരിഹാരമുണ്ടാവുന്നില്ലെന്ന് വിവിധ കൗണ്‍സിലര്‍മാര്‍ പരാതിപ്പെട്ടു. മഴക്കാല പൂര്‍വ്വശുചീകരണവുമായി ബന്ധപ്പെട്ട് തീരദേശത്തുള്ള വാര്‍ഡുകളില്‍ ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്ന് എന്‍പിഎം നഫ്‌സല്‍ പറഞ്ഞു.
ഈ പ്രവൃത്തി നടത്താനുള്ള പദ്ധതിയായ അയങ്കാളി പദ്ധതിക്ക് നേതൃത്വം വഹിക്കുന്ന ഉദ്യോഗസ്ഥര്‍ ലീവിലാണ്. ഇദ്ദേഹം വരുന്നത് വരെ കാത്തിരുന്നാല്‍ പ്രവൃത്തികള്‍ ഒന്നും തന്നെ നടത്താന്‍ സാധിക്കില്ലെന്നും മഴക്കാലം വരുന്നതിന് മുമ്പ് ശുചീകരണ പ്രവൃത്തി നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീരദേശത്ത് തെരുവ് വിളക്കുകള്‍ അണഞ്ഞിച്ച് വര്‍ഷങ്ങളായെന്നും, കഴിഞ്ഞ ദിവസം കടല്‍ക്ഷോഭമുണ്ടായ ദിവസങ്ങളില്‍ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ സന്ദര്‍ശനം നടത്താന്‍ ഏറെ പ്രയാസപ്പെട്ടതായും പികെ ജലാലുദ്ധീന്‍ പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ വന്‍ അപാകതയുണ്ടെന്നും, സൈറ്റ് ഓഫിലായതിനാല്‍ പലരുടെയും പെന്‍ഷന്‍ വിതരണം മുടങ്ങിക്കിടക്കുകയാണെന്നും പി സഫിയ പറഞ്ഞു.
കടല്‍ഭിത്തി നിര്‍മ്മിക്കാനാവശ്യമായ നടപടികള്‍ നഗരസഭ കൈകൊള്ളണമെന്ന് മുഹമ്മദ് റാഫി ആവശ്യപ്പെട്ടു. പഴയ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്‍ അടഞ്ഞുകിടക്കുന്നതിനാല്‍ പൊതുജങ്ങള്‍ ഏറെ പ്രയാസപ്പെടുകയാണെന്ന് എ കുഞ്ഞിരാമന്‍ പറഞ്ഞു. വയോജകര്‍ക്കുള്ള കട്ടില്‍ വിതരണം വിതരണം ചെയ്യുന്നതില്‍ വലിയ അപാകത സംഭവിച്ചിട്ടുണ്ടെന്നും, പലരും മരിച്ചുപോയതായും ഗംഗാധരന്‍ പറഞ്ഞു.
പൈപ്പ് പൊട്ടിയ പ്രശ്‌നം വാട്ടര്‍ അതോറിറ്റിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും, എംഎല്‍എ അടക്കമുള്ള ഉന്നത ജനപ്രതിനിധികളോട് വിഷയത്തെ കുറിച്ച് അടിയന്തിര ചര്‍ച്ച ചെയ്യുമെന്നും ചെയര്‍മാന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. വയോജകര്‍ക്കുള്ള കട്ടില്‍ വിതരണത്തില്‍ അനര്‍ഹര്‍ ഉള്‍പെട്ടതും, വിലയിലെ പ്രശ്‌നവുമാണ് വിതരണം ചെയ്യാന്‍ വൈകിയതെന്നും, അനര്‍ഹരെ ഒഴിവാക്കിക്കൊണ്ടുള്ള പട്ടിക തയ്യാറാക്കി വിതരണം ചെയ്യും.
മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തുന്നതില്‍ എസ്റ്റിമേറ്റ് തയ്യാറാക്കി മഴക്ക് മുമ്പ് തന്നെ ചെയ്യുമെന്നും ചെയര്‍മാന്‍ പറഞ്ഞു. മാത്രമല്ല ശുചീകരണവുമായി ബന്ധപ്പെട്ട് ശേഖരിക്കുന്ന മാലിന്യം അതാത് വാര്‍ഡുകളില്‍ തന്നെ സംസ്‌കരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ചെയര്‍മാന്‍ പറഞ്ഞു. കടല്‍ഭിത്തി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എംഎല്‍എയുമായി ചര്‍ച്ച ചെയ്യും.
പൊതുസ്ഥലത്ത് ക്യാമറ സ്ഥാപിക്കുന്നത് എംഎല്‍എയുടെ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ചതിന് ശേഷം ആവശ്യമുള്ള ക്യാമറ സ്ഥാപിക്കാന്‍ നഗരസഭ മുന്‍കൈ എടുക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. കംഫര്‍ട്ട് സ്റ്റേഷന്റെ പുനപ്രവൃത്തി കഴിഞ്ഞതാണെന്നും നിലവിലെ മാലിന്യ ടാങ്ക് നിറഞ്ഞതിനാലാണ് സ്റ്റേഷന്‍ തുറക്കാന്‍ പ്രയാസമായത്. അടുത്ത ദിവസം തന്നെ ടാങ്ക് ക്ലീന്‍ ചെയ്ത്, കംഫര്‍ട്ട് സ്റ്റേഷന്‍ തുറക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.
യോഗത്തില്‍ ചെയര്‍മാന്‍ കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് ഇ അരവിന്ദാക്ഷന്‍, പി അശോകന്‍, വി ഗോപാലന്‍ മാസ്റ്റര്‍, എംപി അഹമ്മദ്, ടിഐ നാസര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss