|    May 29 Mon, 2017 7:36 am
FLASH NEWS

നഗരസഭയ്ക്ക് ലഭിച്ച ഭൂമി നഷ്ടമായിട്ടും ഭരണാധികാരികള്‍ക്ക് മൗനം

Published : 1st September 2016 | Posted By: SMR

കളമശ്ശേരി: നിയമപോരാട്ടത്തിലൂടെ നഗരസഭയ്ക്കു ലഭിച്ച ഭൂമി നഷ്ടമായിട്ടും അധികൃതര്‍ മൗനം പാലിക്കുന്നതില്‍ ദുരൂഹത. കളമശ്ശേരി നഗരസഭയിലെ ഇടപ്പള്ളി തോടിനു സമീപത്ത് നഗരസഭയ്ക്കു ലഭിച്ച ഭൂമിയാണ് നഗരസഭാ അധികാരികള്‍പോലും അറിയാതെ നഷ്ടമായത്.
നിയമയുദ്ധത്തിലൂടെ താലൂക്ക് സര്‍വേയര്‍ അളന്നുതിട്ടപ്പെടുത്തി കല്ലിട്ട് നഗരസഭയ്ക്ക് നല്‍കിയ സ്ഥലമാണ് നഗരസഭപോലും അറിയാതെ റവന്യൂ അധികാരികള്‍ പുനരന്വേഷണം നടത്തി വീണ്ടും അളന്ന് കൈയേറ്റം ഇല്ലെന്നുകണ്ട് തിരിച്ചുനല്‍കിയത്.
നഗരസഭയ്ക്ക് ഇത്തരത്തില്‍ 2009ല്‍ ലഭിച്ച പുറമ്പോക്ക് ഭൂമിയാണ് നഗരസഭ അറിയാതെ ഏഴു വ്യക്തികള്‍ക്ക് പതിച്ചുനല്‍കിയത്. ഇതുസംബന്ധിച്ച് പ്രതിഷേധം ശക്തമാവുകയും നഷ്ടപ്പെട്ട ഭൂമി നഗരസഭ തിരിച്ചുപിടിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതൃത്വവും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സമരങ്ങള്‍ നടത്തുകയും റവന്യൂ അധികൃതര്‍ പതിച്ചുനല്‍കിയ സ്ഥലത്ത് കൊടിനാട്ടുകയും ചെയ്തിരുന്നു. പാര്‍ട്ടിക്കകത്തുനിന്നും തദ്ദേശവാസികളില്‍നിന്നും പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് നഗരസഭ അധികൃതര്‍ ജില്ലാ കലക്ടര്‍ക്കു പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് താലൂക്ക് സര്‍വെയറോട് സംഭവം സംബന്ധിച്ച് അടിയന്തരമായി റിപോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. നഗരസഭ അറിയാതെ പതിച്ചുനല്‍കിയ ഭൂമിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും കലക്ടര്‍ നിര്‍ദേശിച്ചു. കലക്ടര്‍ക്ക് പരാതിനല്‍കി ഒരുമാസം പിന്നിട്ടിട്ടും സംഭവം സംബന്ധിച്ച് ഇപ്പോള്‍ നഗരസഭ അധികൃതര്‍ മൗനത്തിലാണ്. നഗരസഭയ്ക്ക് കോടതിനിര്‍ദേശത്തെത്തുടര്‍ന്ന് പതിനേഴോളം വ്യക്തികളില്‍നിന്നും അഞ്ചോളം ഏക്കര്‍ ഭൂമിയാണ് തോട് പുറമ്പോക്കായി നഗരസഭയ്ക്കു ലഭിച്ചത്.  പുറമ്പോക്ക് ഭൂമിയായി 2009ല്‍ ലഭിച്ച സ്ഥലം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനിടയിലാണ് നഷ്ടമായത്. ഭൂമി പതിച്ചുനല്‍കി മാസങ്ങള്‍ പിന്നിട്ടിട്ടും നഗരസഭ അധികൃതര്‍ തിരിച്ചുപിടിക്കാന്‍ നടപടിയെടുക്കാതെവന്നതോടെയാണ് ഭരണകക്ഷിയിലെ കോണ്‍ഗ്രസ് നേതൃത്വം പ്രതിഷേധവുമായി രംഗത്തുവന്നത്. ജൂലൈ അവസാനം നടന്ന കോണ്‍ഗ്രസ് യോഗത്തില്‍ ഭൂമി നഷ്ടപ്പെട്ടത് നടപടിയെടുക്കാത്ത നഗരസഭാ ഭരണത്തിനെതിരേ രൂക്ഷവിമര്‍ശനം ഉയരുകയും ഭൂമി പതിച്ചുനല്‍കിയ റവന്യൂ അധികൃതര്‍ക്കെതിരേ ശക്തമായ സമരം നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നെങ്കിലും നഷ്ടപ്പെട്ട ഭൂമിതിരിച്ചെടുക്കാന്‍ നഗരസഭ അധികൃതരോ സമരം പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതൃത്വമോ ഇതുവരെ തയ്യാറായിട്ടില്ല. കോടികള്‍ വിലവരുന്ന ഭൂമി നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day