|    Jun 21 Thu, 2018 8:31 am
FLASH NEWS

നഗരസഭയ്ക്കുള്ളില്‍ അനധികൃത ക്വാറി തുടങ്ങാന്‍ നീക്കം

Published : 15th October 2016 | Posted By: Abbasali tf

പത്തനംതിട്ട: നഗരസഭ ഒന്നാംവാര്‍ഡില്‍ പുക്കോട്-മേലെവെട്ടിപ്രം റോഡില്‍ പെരിങ്ങലമല മുസ്്‌ലിം പള്ളിക്ക് സമീപം അനധിക്യതമായി കരിങ്കല്‍ ക്വാറി തുടങ്ങാന്‍ നീക്കം. ഇതിനായി  കുന്നിടിച്ച് മണ്ണ് മാറ്റി ശേഷം മേല്‍പ്പാറകള്‍ ഇളക്കി തുടങ്ങി. എന്നാല്‍ ഇത് സംബന്ധിച്ച് നാട്ടുകാര്‍ ജില്ലാ കലക്ടര്‍ക്ക് രേഖാമൂലം പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ല. ഒരേക്കറോളം വരുന്ന സ്ഥലത്താണ് വന്‍ തോതില്‍ ക്വാറി തുടങ്ങുന്നതിനുള്ള പ്രാരാരംഭ നടപടികള്‍ തുടങ്ങിയിരിക്കുന്നത്. രണ്ടുവര്‍ഷം മുമ്പാണ് ഇവിടെ  കുന്ന് ഇടിച്ചു നിരത്തി മണ്ണ് നീക്കം ചെയ്ത് തുടങ്ങിയത്. എന്നാല്‍ ഇത് സമീപത്തെ വീടുകള്‍ക്ക് അപകട ഭീഷണിയായതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. കലക്ടറുടെ ഉത്തരവ് ഉണ്ടാവുന്നത് വരെ ഈ ഭൂമിയില്‍ യാതൊരു നിര്‍മാണ പ്രവര്‍ത്തനവും നടത്താന്‍ പാടില്ലെന്ന് റവന്യൂ വിഭാഗം വസ്തു ഉടമയ്ക്ക് താക്കീത് നല്‍കിയിരുന്നു. എന്നാല്‍ വസ്തു ഉടമ മൈനിങ് ആന്റ് ജിയോളജി വകുപ്പില്‍ നിന്ന് വീട് വയ്ക്കുന്നതിനായി കുന്ന് ഇടിച്ചു നിരത്തുന്നെന്ന് കാട്ടി വ്യാജമായി അനുമതി വാങ്ങി. ഈ അനുമതിയുടെ മറവില്‍ ഒരു വര്‍ഷത്തോളം കുന്നിടിച്ച് നിരത്തി മണ്ണ് കടത്തി. ഇതിന് അന്നത്തെ നഗരസഭയിലെ ഒരു കൗണ്‍സിലറും ഒത്താശ ചെയ്തതായി നാട്ടുകാര്‍ ആരോപിക്കുന്നു. ഈ കൗണ്‍സിലറുടെ പാടശേഖരവും ഇവിടത്തെ് മണ്ണ് ഉപയോഗിച്ച് നികത്തി നല്‍കുകയും ചെയ്തു.മണ്ണെടുപ്പ് തകൃതിയായതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെ മണ്ണെടുപ്പ് അവസാനിപ്പിച്ചു. നിലവില്‍ ഇപ്പോള്‍ മേല്‍പ്പാറ ഇളക്കുന്ന പ്രവര്‍ത്തനങ്ങളാണ് ് നടന്നു കൊണ്ടിരിക്കുന്നത്. പൊതു അവധി ദിനങ്ങള്‍ നോക്കിയാണ് ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. രണ്ടിലധികം ജാക്ക് ഹാമറുകള്‍ ഉപയോഗിച്ചാണ് പാറകള്‍ പൊട്ടിച്ചു മാറ്റുന്നത്. ശാസ്ത്രീയ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള നിര്‍മാണ പ്രവര്‍ത്തനമൂലം ക്വാറിക്ക് മുകളിലുള്ള കുന്ന് ഇടിഞ്ഞ് താഴുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. ഇത് സമീപത്ത് താമസിക്കുന്ന മൂന്നോളം കുടുംബങ്ങള്‍ക്ക് ജീവന് ഭീക്ഷണി ഉയര്‍ത്തുന്നുണ്ട്.  ഇക്കാര്യം ചൂണ്ടി കാട്ടി സമീപവാസികള്‍ ഹൈക്കോടതിയില്‍ നിന്നു  ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ അനുകൂല വിധി സമ്പാദിച്ചു. എന്നാല്‍ ഇതിനെ മറികടന്നാണ് ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നത്.  ഇതിന് പോലിസ് ഉദ്യോഗസ്ഥരുടെ മൗനാനുവാദവും ഉണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കുന്നിടിച്ച് നിരത്തിയതോടെ പെരിങ്ങമല പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss