|    Jan 25 Wed, 2017 12:56 am
FLASH NEWS

നഗരസഭയുടെ മാലിന്യനീക്കം നിലച്ചു; നഗരനിരത്തുകളില്‍ മാലിന്യം കുന്നുകൂടുന്നു

Published : 26th August 2016 | Posted By: SMR

പാലക്കാട്: നഗരത്തിലെ മാലിന്യനീക്കം വീണ്ടും നിലച്ചു. വീടുകളില്‍ നിന്ന് ജൈവവും അജൈവവുമായി തരംതിരിച്ച് കവറുകളിലാക്കി വലിച്ചെറിയുന്ന മാലിന്യങ്ങള്‍ നഗരപാതകള്‍ക്ക് ഇരുവശവും കുന്നുകൂടുകയാണ്.
മേപ്പറമ്പിലേക്കുള്ള ബൈപാസ് റോഡിലും കാണിക്കമാതാ സ്‌കൂളിനു സമീപത്തും ചക്കാന്തറ റോഡിനു സമീപത്തും ഗാന്ധിനഗറിലെ നിര്‍ദിഷ്ട ഗാന്ധിപാര്‍ക്കിനടുത്തും പുത്തൂര്‍ ചന്തക്കു സമീപത്തും മാട്ടുമന്ത എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിനു സമീപത്തും സ്റ്റേഡിയം പരിസരത്തും ദുര്‍ഗന്ധം വമിച്ച് മാലിന്യം കുന്നുകൂടുകയാണ്. മഴ പെയ്തതോടെ സാംക്രമികരോഗങ്ങള്‍ പടരുമെന്ന ഭീതിയും ഉയരുന്നുണ്ട്. മാലിന്യങ്ങള്‍ സംസ്‌കരിക്കാതെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള മാലിന്യം എത്തിക്കരുതെന്ന നിലപാടിലാണ് ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യസംസ്‌കരണ കേന്ദ്രം അറിയിച്ചത്. വിവിധ വാര്‍ഡുകളില്‍ സ്ഥാപിച്ച മാലിന്യശേഖരണ കേന്ദ്രങ്ങളില്‍ ദുര്‍ഗന്ധം വമിച്ച നിലയിലാണ്. മാലിന്യം അഴുക്കുചാലില്‍ പലയിടത്തും കെട്ടിക്കിടക്കുകയാണ്. രാവിലെ ഏഴ് മുതല്‍ 11വരെയാണ് നഗരസഭ ശുചീകരണ തൊഴിലാളികള്‍ വാര്‍ഡിലെത്തി മാലിന്യം ശേഖരിക്കുന്നത്. എന്നാല്‍ മാലിന്യം ശേഖരിക്കാന്‍ ചിലയിടങ്ങളില്‍ മാത്രമാണ് എത്തുന്നതെന്ന് നഗരവാസികള്‍ പറയുന്നു. നിര്‍ദിഷ്ട ഗാന്ധിപാര്‍ക്കിന് സമീപത്തെ മാലിന്യങ്ങള്‍ നീക്കി 10 ദിവസം കഴിയുമ്പോഴേക്കും വീണ്ടും ജനങ്ങള്‍ കവറുകളിലാക്കി മാലിന്യം തള്ളുകയാണെന്നാണ് കൗണ്‍സിലര്‍മാര്‍ പറയുന്നത്. മാലിന്യസംസ്‌കരണം സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ കാംപയിന്‍ സംഘടിപ്പിക്കണമെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു. മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ വാര്‍ഡുകളില്‍ ശേഖരണകേന്ദ്രം തുടങ്ങണമെന്നും അഭിപ്രായമുയരുന്നു. നഗരസഭാ അധികൃതര്‍ നഗരത്തില്‍ കുന്നുകൂടി രോഗം പടര്‍ത്തുന്ന നഗരമാലിന്യങ്ങളെ നീക്കം ചെയ്യുന്ന കാര്യത്തില്‍ അനങ്ങാപ്പാറനയമാണ് സ്വീകരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക