|    Nov 18 Sun, 2018 12:37 am
FLASH NEWS

നഗരമധ്യത്തിലെ കെട്ടിടത്തകര്‍ച്ച: ഭാഗ്യം തുണച്ചു; ആളപായമില്ല

Published : 3rd August 2018 | Posted By: kasim kzm

പാലക്കാട്: നഗരമധ്യത്തില്‍ ഇന്നലെ ഉച്ചയോടെ തകര്‍ന്നു വീണ കെട്ടിടത്തില്‍ ആരുംതന്നെ കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തിയതായി അധികൃതര്‍. അപകടത്തില്‍ പരിക്കേറ്റ 11 പേരെയും ഉടന്‍ രക്ഷിക്കാനായി. ഇവര്‍ക്ക് വിദ്ഗധ ചികില്‍സ നല്‍കി. ആരും തന്നെ കുടുങ്ങിയതായി വിവരമില്ലെന്നു പാലക്കാട്— തഹസില്‍ദാര്‍ വിശാലാക്ഷി അറിയിച്ചു.
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ലോക്കല്‍ പോലിസ്, നാട്ടുകാര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഇപ്പോള്‍ കെട്ടിടാവശിഷ്ട്ടങ്ങള്‍ നീക്കികൊണ്ടിരിക്കുകയാണ്. രാത്രി വൈകിയും അടിയന്തിര സാഹചര്യം ഉണ്ടെങ്കില്‍ നേരിടാനുള്ള ഡോക്ടര്‍മാരെയും ജീവനക്കാരെയും മൂന്ന് ആംബുലന്‍സും സജ്ജമാക്കിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് സംഭവസ്ഥലത്തു നിന്നും 300 മീറ്റര്‍ ചുറ്റളവില്‍ ജില്ലാ കലക്ടര്‍ ഡി ബാലമുരളി നിരോധനാജ്ഞ (144) പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവസ്ഥലം എംഎല്‍എ മാരായ പി ഉണ്ണി, ഷാഫി പറമ്പില്‍, ജില്ലാ പഞ്ചായത്ത്— പ്രസിഡന്റ്— കെ ശാന്തകുമാരി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ സന്ദര്‍ശിച്ചു. നിലവില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ 10 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.
ആരുടേയും നില ഗുരുതരമല്ല.. പരിക്കേറ്റവര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനും പൊതുജനങ്ങള്‍ക്ക് വിവരം കൈമാറാനുമായി പാലക്കാട് ജില്ലാ ആശുപത്രിയില്‍ കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. തകര്‍ന്നു വീണ കെട്ടിടത്തിന് മുന്‍സിപ്പല്‍ രേഖകള്‍ പ്രകാരം 49 വര്‍ഷത്തെ പഴക്കമുളളതായി കണക്കാക്കുന്നുണ്ട്.
കെട്ടിടത്തിന്റെ കാലപഴക്കം, നാശനഷ്ടം എന്നിവ സംബന്ധിച്ച് വിശദറിപ്പോര്‍ട്ട് നല്‍കുന്നതിന് പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെ അറ്റകുറ്റപണികള്‍ ചെയ്തു വരുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണു പ്രാഥമിക നിഗമനം.
മൂന്നു നില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലും ഏഴ് കടകളും ഒന്നാംനിലയിലെ അഞ്ചു സ്ഥാപനങ്ങളും രണ്ടാംനിലയിലെ ലോഡ്ജും പൂര്‍ണ്ണമായും തകര്‍ന്ന് നിലം പതിച്ചിട്ടുണ്ട്. ഫയര്‍ ആന്‍ഡ് റെസ്‌ക്യു, പോലിസ്, ജില്ലാ മെഡിക്കല്‍ വിഭാഗം എന്നിവരും രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.പുറമെ ജില്ലയില്‍ കുറച്ച് ദിവസങ്ങളായി കാംപ് ചെയ്ത് വരുന്ന ദേശീയ ദുരന്ത നിവാരണ സേനയിലെ 12 പേരും തൃശൂര്‍ ജില്ലയില്‍ നിന്നുളള 45 ഉദ്യോഗസ്ഥരടങ്ങുന്ന ദേശീയ ദുരന്തനിവാരണ സേനയും സംഭവസ്ഥലത്തെത്തിയിരുന്നു. തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തികള്‍ പുരോഗമിച്ച് വരികയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss