|    Jul 23 Mon, 2018 7:53 am

നഗരപ്രിയ പദ്ധതി : ഗുണഭോക്താക്കള്‍ക്ക് നല്‍കിയത് പൂവന്‍കോഴികളെ

Published : 27th September 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: നഗരപ്രിയ പദ്ധതി പ്രകാരം നഗരസഭകള്‍ കേരള പൗള്‍ട്രി കോര്‍പറേഷന്റെ സഹായത്തോടെ ഗുണഭോക്താക്കള്‍ക്ക് നല്‍കിയ കോഴികള്‍ ഏറെയും പൂവന്‍കോഴികള്‍. നീലേശ്വരം, കാഞ്ഞങ്ങാട്, ചാലക്കുടി നഗരസഭകളിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം പദ്ധതി നടപ്പിലാക്കിയത്. ഗുണഭോക്തൃവിഹിതമായ 850 രൂപ കൈപ്പറ്റിയ ശേഷം അഞ്ച് കോഴിക്കുഞ്ഞുങ്ങള്‍, അഞ്ച് കിലോ കോഴിത്തീറ്റ, 50 രൂപയുടെ പ്രതിരോധമരുന്ന്, 1850 രൂപ വിലവരുന്ന ഒരു കോഴിക്കൂട് എന്നിവയാണ് നല്‍കിയത്. ഇതില്‍ 1000 രൂപ നഗരസഭ വിഹിതമാണ്. കോഴിക്കുഞ്ഞും തീറ്റയും കെഇപിസിഒ വകയാണ്. നീലേശ്വരം നഗരസഭയില്‍ 1000 ഗുണഭോക്താക്കള്‍ക്കും കാഞ്ഞങ്ങാട്ട് 1110 ഗുണഭോക്താക്കള്‍ക്കും ചാലക്കുടിയില്‍ 1000 ഗുണഭോക്താക്കള്‍ക്കുമാണ് കോഴിക്കുഞ്ഞുങ്ങളെ നല്‍കിയത്. കോഴി മുട്ട ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തിനായാണ് ഏറെ കൊട്ടിഘോഷിച്ച് പദ്ധതി നടപ്പിലാക്കിയത്. എന്നാല്‍ വിതരണം ചെയ്ത കോഴികളില്‍ പകുതിയിലേറെയും പൂവന്‍കോഴികളാണ്. നീലേശ്വരത്തെ ടി വി ബീനക്ക് നല്‍കിയ അഞ്ച് കോഴികളില്‍ മൂന്നെണ്ണം പൂവനായിരുന്നു. പി സുനിതക്ക് ലഭിച്ച അഞ്ച് കോഴികളില്‍ രണ്ടെണ്ണം പൂവനാണ്. മേല്‍കൂരയില്ലാത്ത സ്റ്റീല്‍ കമ്പികളില്‍ ഉണ്ടാക്കിയ കൂടിന് ചെറിയ വാതിലായതിനാല്‍ കോഴിയെ പുറത്തിറക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്. കോഴിക്കൂടിന് വലിയ വിടവുള്ളതിനാല്‍കുഞ്ഞുങ്ങളെ പാമ്പും കീരിയും പിടിച്ച് വിതരണം ചെയ്ത് ദിവസങ്ങള്‍ക്കകം തന്നെ കോഴികള്‍ മുഴുവന്‍ നഷ്ടപ്പെട്ട സ്ഥിതിയും ഉണ്ടായിരുന്നു. നഗരപ്രിയ പദ്ധതിയില്‍ കോഴികളെ ലഭിച്ചവര്‍ രണ്ട്മാസം പിന്നിട്ടപ്പോള്‍ കോഴി മുട്ടയിടാന്‍ തുടങ്ങിയോ എന്നല്ല കൂവി തുടങ്ങിയോ എന്നാണ് പരസ്പരം പലരും ചോദിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss