|    Jul 23 Sun, 2017 12:29 pm
FLASH NEWS

നഗരത്തില്‍ വീണ്ടും തീപ്പിടിത്തം; മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു

Published : 1st July 2016 | Posted By: SMR

കോഴിക്കോട്: മാവൂര്‍ റോഡി ല്‍ കെഎസ്ആര്‍ടിസിക്ക് സമീപം മുല്ലത്ത് കോംപ്ലക്‌സില്‍ തീപ്പിടിത്തം. കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന വുഡ്‌ലാന്‍ഡ് ഷോറൂമിന്റെ ജനറേറ്ററും ഗ്യാരിബാഗുകളും സൂക്ഷിച്ച റൂമിലാണ് ഇന്നലെ തീപ്പിടിത്തമുണ്ടായത്. വുഡ്‌ലാന്‍ഡ് ഷോറൂമിലെ ജനറേറ്റില്‍ നിന്നാണ് തീപടര്‍ന്നത്.
പുക ശ്വസിച്ച് ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് വുഡ്‌ലാന്‍ഡ് ഷോറൂമിന് മുകളിലെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിക്കുകയായിരുന്ന ഒരു വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വുഡ്‌ലാന്‍ഡ് ഷോറൂമിന്റെ ജനറേറ്ററും ഗ്യാരിബാഗുകളും താഴെ ഭാഗത്തെ എ സി പിയും കത്തിനശിച്ചു. സംഭവത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം മാവൂര്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.
ഇന്നലെ ഉച്ചക്ക് 1.15ഓടെയാണ് തീപ്പിടിത്തമുണ്ടായത്. ഷോറൂമില്‍ വൈദ്യുതി പോയതിനെ തുടര്‍ന്ന് പ്രവര്‍ത്തിപ്പിച്ച ജനറേറ്ററിലുണ്ടായ സ്പാര്‍ക്കാണ് തീപ്പിടത്തത്തിന് കാരണം. ജനറേറ്റര്‍ റൂമില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട തൊട്ടടുത്തെ എയര്‍ടെല്‍ ഷോറൂമിലെ ജീവനക്കാരാണ് വിവരം അറിയിച്ചത്. കറുത്ത പുക ബില്‍ഡിങ്ങിലാകെ പരന്നതോടെ പരിഭ്രാന്തരായ ജീവനക്കാര്‍ താഴെ ഇറങ്ങിയോടി. ജീവനക്കാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബീച്ച് അഗ്‌നിശമന വിഭാഗം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
വുഡ്‌ലാന്‍ഡ് ഷോറൂമിന് മുകളിലത്തെ രണ്ട് നിലകളിലായി ഏവിയേഷന്‍ ട്രെയ്‌നിങ് ഇന്‍സ്റ്റിറ്റിയൂട്ടും എംഐസിടി കംപ്യൂട്ടര്‍ ട്രെയ്‌നിങ് ഇന്‍സ്റ്റിറ്റിയൂട്ടും പ്രവര്‍ത്തിച്ചിരുന്നു. തീപ്പിടിത്തമുണ്ടായ ഉടനെ ഇവിടത്തെ വിദ്യാര്‍ഥികളെ പുറത്തെ കോണി വഴി രക്ഷപ്പെടുത്തി. ബില്‍ഡിങിലെ ഫയര്‍ എക്‌സിറ്റ് കോണിയുടെ ഭാഗത്ത് ആയിരുന്നു. ഇവിടെ വലിയ തോതില്‍ പുക ഉയര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ബില്‍ഡിങില്‍ നിന്ന് താഴെ ഇറക്കുന്നതിനിടെ ഒരു വിദ്യാര്‍ഥിക്ക് വീണ് നിസാര പരിക്കേറ്റു. ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ചവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപ്പിടിത്തമുണ്ടായ ഉടനെ മാവൂര്‍ റോഡിലേക്ക് ജനം ഒഴുകിയെത്തി. അഗ്‌നിശമന വാഹനങ്ങള്‍ക്കും ആംബുലന്‍സുകള്‍ക്കും വഴി ഒരുക്കുന്നതിന്റെ ഭാഗമായി മാവൂര്‍ റോഡ് വഴിയുള്ള ഗതാഗതം പോലിസ് നിര്‍ത്തിവെപ്പിച്ചു. ഇതുവഴിയുള്ള വാഹനങ്ങള്‍ മറ്റ് റോഡുകളിലേക്ക് വഴിതിരിച്ചുവിട്ടതിനാല്‍ നഗരത്തിലെ പല ഭാഗത്തും ഗതാഗതം തടസ്സപ്പെട്ടു. ബിച്ച്, വെള്ളിമാട്കുന്ന്, മീഞ്ചന്ത അഗ്‌നിശമന വിഭാഗങ്ങളുടെ എട്ട് യൂനിറ്റെത്തി അരമണിക്കൂര്‍ ശ്രമഫലമായാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ നിയന്ത്രണ വിധേയമാക്കി അരമണിക്കൂര്‍ കഴിഞ്ഞ് 2.10ഓടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
ജില്ലാ അഗ്‌നിശമന വിഭാഗം ഓഫിസര്‍ അരുണ്‍ ഭാസ്‌ക്കര്‍, മീഞ്ചന്ത യൂനിറ്റ് ഓഫിസര്‍ അജിത്കുമാര്‍, ബീച്ച് യൂനിറ്റ് ഓഫിസര്‍ ബിശ്വാസ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. അസിസ്റ്റന്റ് കമ്മീഷണര്‍ അശ്‌റഫിന്റെ നേതൃത്വത്തില്‍ ഉന്നത പോലിസുകാര്‍ സുരക്ഷാ നടപടികള്‍ക്ക് നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക