|    Jan 22 Sun, 2017 5:53 pm
FLASH NEWS

നഗരത്തില്‍ വികസനത്തിന്റെ വസന്തകാലം വിരിയിച്ച് വേണുഗോപാല്‍ പടിയിറങ്ങി

Published : 25th May 2016 | Posted By: SMR

കൊച്ചി: നഗരത്തില്‍ വികസനത്തിന്റെ വസന്തകാലം വിരിയിച്ച ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റി(ജിസിഡിഎ)യുടെ അമരത്ത് നിന്നും എന്‍ വേണുഗോപാല്‍ പടിയിറങ്ങുന്നു.
യുഡിഎഫ് സര്‍ക്കാര്‍ പ്രതിനിധിയായിട്ടായിരുന്നു നാലരവര്‍ഷം മുമ്പ് എന്‍ വേണുഗോപാല്‍ ജിസിഡിഎയുടെ ചെയര്‍മാനായി അധികാരമേറ്റത് പുതിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കുന്നതിന് മുന്നോടിയായിട്ടാണ് വേണുഗോപാല്‍ ജിസിഡിഎയുടെ ചെയര്‍മാന്‍ സ്ഥാനം ഒഴിയുന്നത്. കേവലം നഗരവികസനമെന്നതിനപ്പുറം വേണുഗോപാലിന്റെ നേതൃത്വത്തില്‍ ജൈവ- കാര്‍ഷിക മേഖലയില്‍ ഉള്‍പ്പടെ ജിസിഡിഎ നടപ്പാക്കിയ പുത്തന്‍ വികസന സങ്കല്‍പം കേരളത്തിന്റെ തന്നെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
കൊറിയന്‍ സാങ്കേതികതയിലുള്ള പാലങ്ങളായാലും ഡോ. എപിജെ. അബ്ദുല്‍ കലാം മാര്‍ഗായാലും നക്ഷത്രവനം പദ്ധതിയായാലും ലേസര്‍ ഷോ ആയാലും ഇതിലെല്ലാം ഒരു പുതിയ കാഴ്ചപ്പാട് അവതരിപ്പിക്കാന്‍ എന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ ജിസിഡിഎക്കു കഴിഞ്ഞിട്ടുണ്ട്.
ജില്ലയില്‍ ആദ്യമായി ജൈവകൃഷിക്ക് പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ആദ്യത്തെ പൊതുമേഖലയിലെ സ്ഥാപനമായിരുന്നു ജിസിഡിഎ. കൃഷിയില്‍ വിപ്ലവകരമായ സന്ദേശമാണ് ജിസിഡിഎ നല്‍കിയത്. അതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇന്ന് നാട്ടില്‍ പലയിടത്തും ജൈവകാര്‍ഷിക മേഖലയ്ക്ക് വികാസമുണ്ടായിട്ടുണ്ട്.
ഓണത്തിനും വിഷുവിനുമെല്ലാം കീടനാശിനി പ്രയോഗമില്ലാത്ത പച്ചക്കറികളുടെ ലഭ്യത ഉറപ്പാക്കിയെന്നതിനപ്പുറം ഇവയെല്ലാം കൃഷിചെയ്തും നാട്ടുകാരില്‍ അവബോധം സൃഷ്ടിക്കാനായി. ഇപ്പോള്‍ കടവന്ത്ര പോലിസ് സ്റ്റേഷനു സമീപത്തെ ഭൂമിയില്‍ വളരുന്ന നേന്ത്രവാഴകള്‍ ഒക്‌ടോബറില്‍ വിളവെടുപ്പിന് സജ്ജമാവും. കഴിഞ്ഞ ദിവസമാണ് ചീര വിളവെടുത്തത്. ജിസിഡിഎയുടെ ഈ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയത്തിനതീതമായി പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ടൂറിസം പ്രോല്‍സാഹനത്തിന്റെ ഭാഗമായി രാജേന്ദ്രമൈതാനം വികസിപ്പിച്ചെടുത്ത് സജ്ജമാക്കിയ ഇന്റര്‍നാഷനല്‍ മള്‍ട്ടി മീഡിയ ലേസര്‍ ഷോയും ഫൗണ്ടന്‍ ഡാന്‍സിങും ഈ രംഗത്തെ ഒരു പൊതുമേഖല സ്ഥാപനത്തിന്റെ ആദ്യചുവടുവയ്പായിരുന്നു. തിങ്കളാഴ്ചയൊഴികെ മുടക്കമില്ലാതെ നടക്കുന്ന ലേസര്‍ ഷോ ഇന്ന് കൊച്ചിയിലെത്തുന്ന സഞ്ചാരികളുടെ പ്രത്യേക ആകര്‍ഷണകേന്ദ്രമായി മാറിയിട്ടുണ്ട്. അറ്റ്‌ലാന്റിസ് ക്രോസ് റോഡ് ഒഴിവാക്കി പനമ്പിള്ളി നഗറില്‍നിന്നും തേവരയിലേക്കും എംജി റോഡിലേക്കും പ്രവേശിക്കാന്‍ പാകത്തില്‍ പുതിയ റോഡ് തുറന്നതും വേണുഗോപാലിന്റെ ഭരണമികവിന്റെ തെളിവായിരുന്നു.
വിവിധ കാരണങ്ങളാല്‍ 35 വര്‍ഷമായി മുടങ്ങിക്കിടന്നതാണ് ഈ പദ്ധതി. കൊച്ചി കപ്പല്‍ശാലയുടെ സഹായത്തോടെ ഭൂമി നല്‍കിയാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. കൊച്ചിയിലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനകേന്ദ്രങ്ങളിലൊന്നായ മറൈന്‍ഡ്രൈവ് വാക്ക്‌വേ ഇന്ന് ഡോ. എപിജെ അബ്ദുല്‍ കലാമിന്റെ നാമധേയത്തിലാണ് അറിയപ്പെടുന്നത്. കിന്‍കോ ജട്ടി മുതല്‍ ഗോശ്രി പാലത്തിന് സമീപം വരെയുള്ള പുതിയ പരിസ്ഥിതി സൗഹൃദ നടപ്പാത ഇക്കാലയളവില്‍ പുതുതായി നിര്‍മിച്ചതാണ്.
ഡോ. കലാമിന്റെ ചിത്രങ്ങളും വചനങ്ങളും ആലേഖനം ചെയ്ത് നടപ്പാത മനോഹരമാക്കുന്ന പണികള്‍ നടന്നുവരികയാണ്. കൊച്ചി കപ്പല്‍ശാലയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ 4.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട് ഈ നടപ്പാതയ്ക്ക്. ജിസിഡിഎ ഓഫിസ് ഇന്ന് സോളാര്‍ വൈദ്യുതി ലഭ്യമാക്കിയ ആദ്യ സ്ഥാപനമാണ്. 50 ശതമാനവും സോളാര്‍ വൈദ്യുതിയിലാണ് ഇന്ന് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഭൂലഭ്യത ഇല്ലാതായതിനാല്‍ കാല്‍നൂറ്റാണ്ടായി മുടങ്ങിക്കിടന്ന ബണ്ട് റോഡ് പദ്ധതി കുരുക്കഴിച്ച് 800 മീറ്റര്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി. 15 മീറ്റര്‍ വീതിയില്‍ ശാസ്ത്രിനഗറില്‍നിന്ന് കെ പി വള്ളോന്‍ റോഡിലെത്തുന്നതായിരുന്നു ഈ നിര്‍മാണം. ദേശീയപാതയിലേക്കുള്ള ബാക്കി റോഡ് പൂര്‍ത്തീകരിക്കാനുള്ള നടപടി നടന്നുവരികയാണെന്ന് എന്‍ വേണുഗോപാല്‍ പറഞ്ഞു. മാനാശേരിയില്‍ 48 ഇടത്തരം ഫഌറ്റുകള്‍ നിര്‍മിച്ചു. ഇപ്പോള്‍ മുഴുവന്‍ ഫഌറ്റുകളിലും താമസക്കാരായി. കാക്കനാട് 25 സ്റ്റുഡിയോ അപ്പാര്‍ട്ടുമെന്റ് പൂര്‍ത്തിയാക്കി വാടകയ്ക്ക് നല്‍കിവരുന്നു.
ചെലവു കുറഞ്ഞതും കാലതാമസമില്ലാതെ നിര്‍മിക്കാനും കഴിയുന്ന കൊറിയന്‍ സാങ്കേതികതയിലുള്ള രണ്ടു പാലങ്ങള്‍ ഇക്കാലയളവില്‍ നിര്‍മിച്ചു. പേരണ്ടൂര്‍ കനാലിനു കുറുകെയായിരുന്നു ആദ്യപാലം. റയില്‍വേയുടെ കിഴക്കേ കവാടത്തിലേക്കുള്ള യാത്ര ഇതോടെ സുഗമമായി.
കലൂര്‍ ജിസിഡിഎ മാര്‍ക്കറ്റ് പരിസരത്തും ഒമ്പതുമീറ്ററ് വീതിയില്‍ പുതിയ പാലം നിര്‍മിച്ചത് യാത്ര സുഗമമാക്കി. ആറു മാസക്കാലാവധിയില്‍ നിര്‍മാണം തുടങ്ങിയ രണ്ടു പദ്ധതികളും അഞ്ചുമാസത്തിനകം പൂര്‍ത്തീകരിക്കാനായി എന്നതു മാത്രമല്ല കണക്കുകൂട്ടിയതിനേക്കാള്‍ കുറച്ചു തുകയില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനായെന്നും വേണുഗോപാല്‍ പറഞ്ഞു.
കലൂര്‍ ജിസിഡിഎ മാര്‍ക്കറ്റ് നവീകരണം പൂര്‍ത്തീകരണഘട്ടത്തിലാണിപ്പോള്‍. കലൂര്‍ സ്വകാര്യമാര്‍ക്കറ്റിലെ പ്രധാന വിഭാഗങ്ങളെല്ലാം ഇതു പൂര്‍ത്തിയാവുന്നതോടെ ഇവിടേക്ക് മാറ്റും. വിശാലമായ പാര്‍ക്കിങ് സൗകര്യവും പുതിയ പാലവും യാത്രയും സുഗമമാക്കും. കാല്‍ നൂറ്റാണ്ടായി മുടങ്ങിക്കിടന്ന കൊട്ടേക്കനാല്‍ റോഡിലെ തടസങ്ങള്‍ നീക്കി തുറന്നു കൊടുത്തു. കലൂര്‍ പിവിഎസ് ആശുപത്രിക്കു സമീപത്തുനിന്ന് ഇപ്പോള്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്റ് വരെ നേരെ വരാനാവുന്ന തരത്തിലാണിപ്പോള്‍ റോഡ്.
ടോള്‍ നിര്‍ത്തലാക്കി. കൊച്ചിയിലെ ബിഒടി പാലത്തിലെ 14 വര്‍ഷമായുള്ള ടോള്‍ നിയമപരമായി നിര്‍ത്തലാക്കിയത് ലക്ഷക്കണക്കിന് യാത്രക്കാര്‍ക്കാണ് ആശ്വാസമായത്. പനമ്പിള്ളി നഗറില്‍ കൈരളി അപ്പാര്‍ട്ടുമെന്റിനു സമീപത്ത് ശാസ്ത്രി നഗറില്‍ ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കെഎംആര്‍എലിന്റെ സഹായത്തോടെയുള്ള സൗന്ദര്യവല്‍ക്കരണ പദ്ധതി നടക്കുന്നു. നിരവധി എതിര്‍പ്പുകളാണ് ഇതിന് നേരിടേണ്ടിവന്നത്. ഇപ്പോള്‍ കോടതിയുടെ അനുമതിയോടെ പദ്ധതി പൂര്‍ത്തീകരണഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും എന്‍ വേണുഗോപാല്‍ പറഞ്ഞു.
ഏഴുവര്‍ഷത്തിനുശേഷമാണ് കടവന്ത്രയില്‍നിന്ന് കതൃക്കടവ് പാലം വരെ ബിഎംബിസി നിലവാരത്തില്‍ റോഡ് പുതുക്കിനിര്‍മിച്ചത്. കലൂര്‍ കതൃക്കടവ് പാലം വരെയുള്ള ബാക്കി ഭാഗത്തിന് പ്രത്യേക അനുമതി ലഭ്യമാക്കിയിട്ടുണ്ട്. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന്റെ ഒരുഭാഗത്ത് കാടും അഴുക്കും നിറഞ്ഞ് നിന്ന ഭാഗം വൃത്തിയാക്കി നക്ഷത്രവനം സ്ഥാപിച്ചു. കോട്ടുവള്ളി പഞ്ചായത്തിന്റെ അഭ്യര്‍ഥന പ്രകാരം അവിടെ ഒരു ഷോപ്പിങ് കോംപ്ലക്‌സും കമ്മ്യൂനിറ്റി ഹാളും നിര്‍മിച്ചു നല്‍കി. അമ്പലമുഗളില്‍ 130 പാവപ്പെട്ടവര്‍ക്ക് ജിസിഡിഎ സ്ഥലം അളന്നുതിട്ടപ്പെടുത്തി പട്ടയം നല്‍കി. ഉദയകോളനിയില്‍ 22 പേര്‍ക്കും പുതുതായി പട്ടയം നല്‍കിയെന്നും വേണുഗോപാല്‍ പറഞ്ഞു. പബ്ലിക് ലൈബ്രറിയുമായി ചേര്‍ന്ന് ജിസിഡിഎയില്‍ സ്ഥാപിച്ച എക്സ്റ്റന്‍ഷന്‍ കൗണ്ടര്‍ വന്‍വിജയമായി. എല്ലാ ആഴ്ചയും പുസ്തകം നല്‍കുന്ന ലൈബ്രറി പദ്ധതി മുഴുവന്‍ സമയമാക്കാന്‍ നടപടിയായിവരുന്നു.
ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഭക്ഷണം നല്‍കുന്നതിനുള്ള കാന്റീനും കോണ്‍ഫ്രന്‍സ് ഹാളുമടങ്ങിയ പുതിയ കെട്ടിട സമുച്ചയം തുറന്നു. ഒരു ലക്ഷം ലിറ്റര്‍ ശേഷിയുള്ള മഴവെള്ള സംഭരണിയും ആവശ്യത്തിന് ശുദ്ധീകരിച്ചെടുക്കാനുള്ള പ്ലാന്റും സ്ഥാപിച്ചു. കൃഷിക്കുപയോഗിക്കുന്ന വെള്ളം മുഴുവന്‍ ഇതുവഴി ശേഖരിക്കാന്‍ കഴിയുമെന്നും വേണുഗോപാല്‍ പറഞ്ഞു. ഓഫിസ് സാമ്പത്തിക വിഭാഗം കംപ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാക്കി.
മാനാശേരിയില്‍ രാജ്യത്തെ ആദ്യ പരിസ്ഥിതി സൗഹാര്‍ദ പ്രദേശമാക്കി കൂടുമല്‍സ്യകൃഷി തുടങ്ങി. അഞ്ചേക്കര്‍ വിസ്തൃതിയുള്ള പദ്ധതി പ്രദേശം നേരത്തെ മാലിന്യനിക്ഷേപകേന്ദ്രമായിരുന്നു. ഒക്‌ടോബറോടെ 2030 ടണ്‍ മല്‍സ്യ വിളവെടുപ്പ് പ്രതീക്ഷിക്കുന്നു. എയര്‍ ഇഞ്ചക്ടര്‍ സംവിധാനം ആദ്യമായി ഉപയോഗിക്കുന്ന പദ്ധതി കൂടിയാണിത്.
ടൂറിസത്തിനും പ്രാധാന്യം നല്‍കും വിധം നടപ്പാതയും കുട്ടികള്‍ക്കായി പാര്‍ക്കും ഭക്ഷണശാലയും ഇവിടെ ഉയരുമെന്നും അദ്ദേഹം പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രഗല്ഭ വ്യക്തികള്‍, പൊതുജനങ്ങള്‍ എന്നിവരില്‍നിന്ന് മികച്ച പ്രതികരണവും പ്രോല്‍സാഹനവുമാണ് തനിക്ക് ലഭിച്ചത്. ജിസിഡിഎയിലെ ജീവനക്കാര്‍ കക്ഷിരാഷ്ട്രീയം മാറ്റിവച്ച് തനിക്ക് സഹകരണം നല്‍കി. അവരുടെ സഹകരണമാണ് യഥാര്‍ഥത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ സഹായിച്ചതെന്നും എന്‍ വേണുഗോപാല്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 57 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക