|    Oct 20 Sat, 2018 6:49 pm
FLASH NEWS

നഗരത്തില്‍ വാഹന പാര്‍ക്കിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു

Published : 30th August 2016 | Posted By: SMR

കൊല്ലം:  ഓണക്കാലത്തുണ്ടാകുന്ന അഭൂതപൂര്‍മായ തിരക്ക് കണക്കിലെടുക്ക് നഗരപ്രദേശങ്ങളിലെ വാഹനപാര്‍ക്കിങിന് ശക്തമായ നിയന്ത്രണം കൊണ്ടുവരുമെന്ന് മേയര്‍ വി രാജേന്ദ്രബാബു.
ഇന്നലെ ചേര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിലാണ് മേയര്‍ ഇക്കാര്യം അറിയിച്ചത്. താല്‍ക്കാലികമായ പാര്‍ക്കിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണ് ശ്രമിക്കുന്നത്. അതിനായി മൈതാനങ്ങള്‍ വാടകക്ക് എടുത്തശേഷം ഫീസ് ഈടാക്കികൊണ്ട് പാര്‍ക്കിങ് അനുവദിക്കും.
വിശാലമായ സൗകര്യങ്ങളുള്ള പാര്‍വതി മില്‍ കോംപൗണ്ട് ഉള്‍പ്പെടെ മറ്റ് സ്ഥലങ്ങളും കോര്‍പ്പറേഷന്‍ ഇതിനായി വാടകയ്ക്ക് എടുക്കും. ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കി നഗരത്തില്‍ എത്തുന്നവര്‍ക്ക് ആയാസരഹിതമായ സഞ്ചാരം ഉറപ്പാക്കാനാണ് ഇതെന്ന് മേയര്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു.
ഓണാഘോഷത്തിനായി സ്ഥാപനങ്ങളുടെയും വ്യക്തികളുടെയുമെല്ലാം സഹകരണം അഭ്യര്‍ഥിച്ചിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ തനത് ഫണ്ടില്‍ നിന്നും ഓണാഘോഷത്തിനായി ചെലവാക്കും. ഇത് കൂടാതെ 15 ലക്ഷം രൂപ ഫണ്ടുണ്ട്. ഘോഷയാത്രയും അത്തപ്പൂക്കളമല്‍സരവും നടത്തുമെന്നും മേയര്‍ പറഞ്ഞു.നഗരത്തിലെ ഗതാഗത കുരുക്ക് സംബന്ധിച്ച് തേജസ് ഇന്നലെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. പാലക്കടവിലെ ഗതാഗത കുരുക്ക് പരിഹരിക്കുവാന്‍ വണ്‍വേ സമ്പ്രദായം ഏര്‍പ്പെടുത്തണമെന്ന് എസ്ഡിപിഐ അംഗം എസ് നിസാര്‍ ആവശ്യപ്പെട്ടു. ദേശീയപാതയോരത്തെ ബസ് ബേകള്‍ നിര്‍മിക്കാനുള്ള കോര്‍പറേഷന്‍ തീരുമാനം സ്വാഗതാര്‍ഹമാണ്.
കരിക്കോട് മുതല്‍ ചന്ദനത്തോപ്പ് വരെ ദേശീയപാതയ്ക്ക് ഒരു വശം പഞ്ചായത്ത് പ്രദേശമാണ്. അതിനാല്‍ അവിടെ കൂടി ബസ് ബേകള്‍ സ്ഥാപിച്ചാല്‍ മാത്രമെ പൂര്‍ണമായ ഗുണം ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കുരീപ്പുഴ ചണ്ടി ഡിപ്പോയില്‍ 16 ഏക്കര്‍ സ്ഥലം സ്വന്തമായുള്ള കോര്‍പ്പറേഷന്‍ ആ ഭൂമി വിനിയോഗിക്കാത്തതിനെ പ്രതിപക്ഷ നേതാവ് എ കെ ഹഫീസ് വിമര്‍ശിച്ചു. ആര്‍എസ്പി അംഗം ഗോപകുമാറും ഇതേ അഭിപ്രായമായിരുന്നു ഉന്നയിച്ചത്. കൃത്യമായ പരിഹാരം ഇല്ലാത്തത് കാരണം ആളുകള്‍ സെപ്റ്റിക് മാലിന്യം ഓടകളിലും ടാങ്കര്‍ ലോറികളില്‍ സംഭരിച്ച് നഗരപരിധിയിലുള്ള റോഡിന്റെ
വശങ്ങളിലും തള്ളുന്നതും യോഗത്തില്‍ ചര്‍ച്ചയായി. ബീച്ചിലെ വാച്ച് ടവര്‍ സമ്പന്നര്‍ക്കായി നല്‍കിയെന്ന ആക്ഷേപം പ്രേംഉഷാര്‍ ഉന്നയിച്ചു. ഭവനനിര്‍മാണം പൂര്‍ത്തിയാക്കിയിട്ടും ഗുണഭോക്താക്കള്‍ക്ക് മുഴുവന്‍ ഗഡുക്കളും നല്‍കിയിട്ടില്ലെന്നും ഓണത്തിന് മുമ്പ് അത് കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അയത്തില്‍ ജങ്ഷനില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന് ലൈലാകുമാരി പറഞ്ഞു. പോലിസിന്റെ പട്രോളിങ് കാര്യക്ഷമമല്ലാത്തത് കാരണം പഞ്ചായത്ത് പ്രദേശങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. മൂന്ന് സെന്റ് സ്ഥലവും കെട്ടിടവും നല്‍കിയാല്‍ വിജയകരമായി എബിസി പ്രോഗ്രാം നടപ്പാക്കാനാകുമെന്ന് വെറ്റിനറി ഉദ്യോഗസ്ഥര്‍ വാക്കുനല്‍കിയിട്ടുണ്ടെന്ന് എ മോഹനന്‍ ചൂണ്ടിക്കാട്ടി. ഹൈസ്‌കൂള്‍ ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് മാസങ്ങളായി പണിമുടക്കിയിരിക്കുകയാണെന്നും എത്രയും വേഗം ഇത് പ്രകാശിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നുംകോകില എസ് കുമാര്‍ ആവശ്യപ്പെട്ടു. സെപ്തംബര്‍ 12നകം എല്ലാ ഡിവിഷനിലും സോഡിയം വേപ്പര്‍ ലാമ്പ് പ്രകാശിപ്പിക്കുമെന്ന് പൊതുമരാമത്ത് ചെയര്‍പേഴ്‌സണ്‍ ചിന്ത സജിത് ഉറപ്പുനല്‍കി. ക്ഷേമപെന്‍ഷന്‍ കുടിശിക സഹിതം ഓണത്തിന് മുമ്പ് കൊടുക്കും. കോര്‍പ്പറേഷനില്‍ 34200 പെന്‍ഷന്‍കാരുണ്ട്. എന്നാല്‍ കുടുംബശ്രീ സര്‍വെ ലിസ്റ്റില്‍പെടാത്തവര്‍ക്ക് പെന്‍ഷന്‍ നല്‍കില്ലെന്നും അര്‍ഹരായവരുണ്ടെങ്കില്‍ അവരെ സര്‍വെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കൗണ്‍സിലര്‍മാര്‍ അടിയന്തരമായി ഇടപെടണമെന്നും ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാകുമാരി അറിയിച്ചു. ചര്‍ച്ചയില്‍ ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എസ് ജയന്‍,അഞ്ജു കൃഷ്ണന്‍, ബേബി സേവ്യര്‍, മീനുരാജ്, പ്രസന്നന്‍, ഗോപകുമാര്‍, രാജ്‌മോഹന്‍, അജിത്കുമാര്‍, പ്രശാന്ത്, സോണിഷ, സത്താര്‍, ശാന്തിനി ശുഭദേവന്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss