|    Oct 21 Sat, 2017 7:46 pm
FLASH NEWS

നഗരത്തില്‍ യുവാക്കളുടെ ബൈക്ക് റേസിങ് വര്‍ധിക്കുന്നു; നടപടിയെടുക്കാതെ ട്രാഫിക് പോലിസും മോട്ടോര്‍ വാഹന വകുപ്പും

Published : 26th September 2016 | Posted By: SMR

തിരുവനന്തപുരം: നഗരത്തില്‍ യുവാക്കളുടെ അപകടകരമായ ബൈക്ക് റേസിങ് വര്‍ധിക്കുന്നു. മുമ്പ് ഓണാവധി ദിവസങ്ങളിലും മറ്റും യുവാക്കള്‍ ബൈക്കില്‍ നടത്തിയ അഭ്യാസപ്രകടനങ്ങള്‍ മറ്റു യാത്രക്കാരില്‍ ഭീതിജനിപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു.
അമിതവേഗക്കാരെ കണ്ടെത്താന്‍ കാമറകളുണ്ടെങ്കിലും പോലിസോ, മോട്ടോര്‍ വാഹന വകുപ്പോ വേഗതാ പരിശോധനകളൊന്നും നടത്തുന്നില്ല. കരുത്തു കൂടിയ എന്‍ജിനുള്ള ബൈക്കുകള്‍ ഹരമായി മാറിയതോടെയാണു നഗരത്തിലെ റോഡുകള്‍ റേസിങ് ട്രാക്കായി മാറിയത്. നേരത്തെ 150 സിസി വരെയായിരുന്നു ബൈക്കുകളുടെ പരമാവധി കരുത്ത്. ഇപ്പോള്‍ 200 സിസിക്ക് മുകളിലുള്ള ബൈക്കുകളാണ് യുവാക്കള്‍ക്ക് താല്‍പര്യം.
കരുത്ത് കൂടുന്നതിനനുസരിച്ച് അപകടസാധ്യതയും കൂടും. വേണ്ടത്ര വൈദഗ്ധ്യവും പരിശീലനവുമില്ലാതെ ഇത്തരം ബൈക്കുകള്‍ ഓടിക്കുന്നവരുടെ എണ്ണം കൂടുകയാണെന്നും ദിവസേന അപകടങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ട്രാഫിക് പോലിസ് ചൂണ്ടിക്കാട്ടുന്നു. ദിനംപ്രതി അപകടങ്ങളുണ്ടായിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാവാത്തതാണു യുവാക്കള്‍ക്കു വളമാവുന്നത്. പോലിസ് പരിശോധനയില്‍ ഇത്തരത്തിലുള്ള അഭ്യാസവും കൂടി ഉള്‍പ്പെടുത്തിയാല്‍ മാത്രമേ യുവാക്കള്‍ ഇതില്‍ നിന്നു പിന്തിരിയുകയുള്ളൂ.
തിരക്കേറിയ സമയത്തു പോലും മറ്റു വാഹനങ്ങള്‍ക്കിടയിലൂടെ തെന്നി പാഞ്ഞുപോവുന്ന ബൈക്ക് റേസിങ് വീരന്‍മാരെ കണ്ടാല്‍ തന്നെ സാധാരണക്കാര്‍ തങ്ങളുടെ വാഹനം ഒതുക്കും. ഇത്തരം അഭ്യാസങ്ങള്‍ കണ്ട് പകച്ച് സ്വയം അപകടത്തില്‍പ്പെടുന്ന വാഹനങ്ങളുമുണ്ട്. ദേശീയപാതയില്‍ വാഹനങ്ങളുടെ വേഗം പരിശോധിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പും പോലിസും ഇന്റര്‍സെപ്റ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് പ്രതിമാസം ലക്ഷക്കണക്കിനു രൂപയുടെ വരുമാനവുമുണ്ട്.
എന്നാല്‍, നഗരത്തില്‍ ഇത്തരം ഇന്റര്‍സെപ്റ്ററുകളും കാമറകളും കുറവാണ്. തിരുവനന്തപുരത്തു കവടിയാറിലും ഓവര്‍ബ്രിഡ്ജിലും പനവിളയിലും കഴക്കൂട്ടത്തുമാണു മോട്ടോര്‍ വാഹന വകുപ്പിന്റെ വേഗത പരിശോധനാ സൗകര്യമുള്ള കാമറയുള്ളത്. എന്നാല്‍ ഈ കാമറകളിലൊന്നും വേഗം രേഖപ്പെടുത്തുന്നില്ല. ട്രാഫിക് ജങ്ഷനുകളില്‍ വാഹനങ്ങള്‍ ചുവപ്പു സിഗ്‌നല്‍ മറികടക്കുന്നുണ്ടോ എന്നു മാത്രമാണ് ഈ കാമറകളിലൂടെ പരിശോധിക്കുന്നത്.
കാമറാ ദൃശ്യങ്ങളില്‍ നിന്ന് ഈ വിവരം ശേഖരിക്കുന്നതിന് സി-ഡിറ്റിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. അമിതവേഗവും സീറ്റ് ബെല്‍റ്റും ഹെല്‍മറ്റുമൊക്കെ ഈ കാമറ വഴി പരിശോധിക്കാനാവുമെങ്കിലും ചുവപ്പു സിഗ്‌നല്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്നാണ് സി-ഡിറ്റിന് നല്‍കിയ കരാറില്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക