|    May 30 Tue, 2017 12:46 am
FLASH NEWS

നഗരത്തില്‍ നോണ്‍വെജ് ഹോട്ടലിനെതിരേ പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

Published : 19th October 2016 | Posted By: Abbasali tf

കോഴിക്കോട്: നോണ്‍വെജ് ഹോട്ടല്‍ തുടങ്ങുന്നതിനെതിരേ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് ഹിന്ദു ഐക്യവേദി. ക്ഷേത്രപരിസരത്ത് നോണ്‍വെജ് ഹോട്ടല്‍ തുടങ്ങുകയാണെന്ന പ്രചാരണത്തിലൂടെ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് ഹിന്ദു ഐക്യവേദി രംഗത്തെത്തിയത്. കോഴിക്കോട് പാളയത്ത് തളി റോഡില്‍ ചേളന്നൂര്‍ സ്വദേശി ഹരിദാസ് തുടങ്ങാനിരിക്കുന്ന ഹോട്ടലിനെതിരെയാണ് ഹിന്ദു ഐക്യവേദിയുടെ പ്രചാരണം. ഹോട്ടല്‍ തുടങ്ങാനിരിക്കുന്ന കെട്ടിടത്തിന്റെ എതിര്‍വശത്ത് ഹോട്ടല്‍ അനുവദിക്കില്ലെന്നു കാണിച്ച് ബോര്‍ഡുവച്ച് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. സമീപത്ത് മൂന്ന് ക്ഷേത്രങ്ങളുണ്ടെന്നാണ് ബോര്‍ഡില്‍ സൂചിപ്പിക്കുന്നത്. തളി റോഡില്‍ ഏകദേശം 400 മീറ്റര്‍ ചുറ്റളവിനുള്ളിലായാണ് രേണുകാ മാരിയമ്മന്‍ ക്ഷേത്രവും കന്യകാ പരമേശ്വരി ക്ഷേത്രവും മഹാഗണപതിബാലസുബ്രഹ്മണ്യ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. നോണ്‍വെജ് ഹോട്ടല്‍ തുടങ്ങുന്നത് ക്ഷേത്രങ്ങളെ അശുദ്ധമാക്കുമെന്ന വാദമാണ് ഹിന്ദു ഐക്യവേദി ഉയര്‍ത്തുന്നത്. രേണുകാ മാരിയമ്മന്‍ ക്ഷേത്രത്തില്‍ നിന്ന് 20 മീറ്റര്‍ മാത്രം മാറി മല്‍സ്യ, മാംസാഹാരങ്ങള്‍ ലഭിക്കുന്ന രണ്ട് ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കന്യകാ പരമേശ്വരി ക്ഷേത്രത്തില്‍ നിന്ന് നൂറുമീറ്ററിലധികം അകലത്തിലാണ് ഹരിദാസ്, ഹോട്ടല്‍ കെട്ടിടത്തിന്റെ നവീകരണ പ്രവൃത്തി നടത്തുന്നത്. മറ്റ് ഹോട്ടലുകളോടൊന്നും ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചിട്ടില്ല. ഇതേ മുറിയില്‍തന്നെ നാലുവര്‍ഷം ഹരിദാസും മൂന്നുവര്‍ഷം മറ്റൊരാളും നോ ണ്‍ വെജിറ്റേറിയന്‍ ഹോട്ടല്‍ നടത്തിയിരുന്നു. അന്നും എതിര്‍പ്പുയര്‍ത്തിയിരുന്നില്ല. കുറച്ചു കാലമായി പൂട്ടിക്കിടന്ന അതേ മുറിയില്‍ വീണ്ടും ഹരിദാസ് ഹോട്ടല്‍ തുടങ്ങാന്‍ ശ്രമിക്കുമ്പോഴാണ് എതിര്‍പ്പുയരുന്നത്. ഹിന്ദു ഐക്യവേദി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമം നടത്തുകയാണെന്ന് എതിര്‍പ്പുയരുന്നുണ്ട്. ഹിന്ദു ഐക്യവേദിയെ മറയാക്കി സമീപത്തെ ഹോട്ടലുകാര്‍ പ്രശ്‌നമുണ്ടാക്കുകയാണെന്നും ആക്ഷേപമുണ്ട്. അതേസമയം, കാലങ്ങളായി രേണുകാ മാരിയമ്മന്‍ കോവിലിനു തൊട്ടു മുന്നില്‍ ബീഫ് ബിരിയാണിയും എല്ലാ ഇറച്ചി, മീന്‍ വിഭവങ്ങളും വിളമ്പുന്ന വലിയ ഹോട്ടലുണ്ടായിരുന്നു. സമീപത്തു തന്നെ പാര്‍വതി ഹോട്ടലടക്കം നോണ്‍വെജ് ഹോട്ടലുകള്‍ പ്രവര്‍ത്തിച്ചുപോരുന്നുമുണ്ട്. വിവിധ ക്ഷേത്രക്കമ്മിറ്റികളും വിഷയത്തില്‍ എതിര്‍പ്പ് ഉയര്‍ത്തിയിട്ടില്ലെന്നിരിക്കെയാണ് പുതിയ നോണ്‍വെജ് ഹോട്ടല്‍ അനുവദിക്കില്ലെന്നറിയിച്ചുകൊണ്ട് സംഘപരിവാര്‍ ബോര്‍ഡ് ഉയര്‍ന്നത്. നിലവിലുള്ള ഭക്ഷണശാലകള്‍ക്ക് എതിരല്ലെന്നും പുതുതായി നോണ്‍വെജ് ഹോട്ടല്‍ ക്ഷേത്രപരിസരത്ത് ആരംഭിക്കുന്നതിനെതിരെയാണ് പ്രതിഷേധമെന്നും ഹിന്ദു ഐക്യവേദി പറയുന്നു. വിവാദം സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ബോര്‍ഡ് ഉയര്‍ത്തിയവര്‍ പ്രതിരോധത്തിലായിരിക്കയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day