|    Oct 21 Sun, 2018 1:50 am
FLASH NEWS

നഗരത്തിലെ ഹോട്ടല്‍ പണിമുടക്ക് പൂര്‍ണം; ജനം വലഞ്ഞു

Published : 14th September 2017 | Posted By: fsq

 

കണ്ണൂര്‍: ശുചിത്വ നിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകള്‍ക്കെതിരെയുള്ള കോര്‍പറേഷന്‍ നിലപാടില്‍ പ്രതിഷേധിച്ച് കോര്‍പറേഷന്‍ പരിധിയിലെ ഹോട്ടലുകളും റസ്‌റ്റോറന്റുകളും പണിമുടക്കിയത് ജനത്തെ ദുരിതത്തിലാക്കി. ചൊവ്വാഴ്ച രാത്രി 12 മുതല്‍ ഇന്നലെ രാത്രി 12 വരെ അടച്ചിടുകയായിരുന്നു. ഇതോടെ ഇന്നലെ ഭക്ഷണത്തിനായി പരക്കംപാച്ചിലിലായിരുന്നു ആളുകള്‍. വിവിധ മേഖലകളില്‍ ജോലിചെയ്യുന്നവരും നഗരത്തില്‍ എത്തിയവരും ചായയും ചോറും കിട്ടാതെ ബുദ്ധി. ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ താലൂക്ക് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം, കോര്‍പറേഷന്‍ പരിധിയില്‍ വരുന്ന 200 ഓളം ഹോട്ടലുകളും റസ്‌റ്റോറന്റുകളും പൂര്‍ണമായും അടഞ്ഞുകിടന്നു. നിര്‍മാണ മേഖലയിലും മറ്റു പലവിധ ജോലിയിലും ഏര്‍പ്പെട്ടിരിക്കുന്ന നൂറുക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികളും ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടി. ഇന്ത്യന്‍ കോഫി ഹൗസ് തുറന്നുപ്രവര്‍ത്തിച്ചെങ്കിലും ആളുകളുടെ തിരക്കുകാരണം അവിടെയെത്തിയ പലരും ഭക്ഷണം കിട്ടാതെ മടങ്ങി. അതേസമയം നഗരത്തിലെ കൂള്‍ ബാറുകളിലും തട്ടുകടകളിലും നല്ല തിരക്ക് അനുഭവപ്പെട്ടു. ഇന്നലെ പത്രവാര്‍ത്ത നല്‍കിയാണ് അന്നേദിവസം തന്നെ ഹോട്ടലുകള്‍ പണിമുടക്കിയതെന്നും പരാതിയുണ്ട്്. അതേസമയം ശുചിത്വം പാലിക്കാത്ത ഹോട്ടലുകള്‍ക്കെതിരെയുള്ള നിലപാടിയില്‍ കോര്‍പറേഷന്‍ ഭരണാധികള്‍ ഇരുതട്ടിലായതും ചര്‍ച്ചയായിട്ടുണ്ട്. ഇത്തരം ഹോട്ടലുകള്‍ക്കെതിരെ വിശദീകരണത്തിന് നോട്ടീസ് നല്‍കിയ ആരോഗ്യസ്റ്റാന്‍ിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍തന്നെ പിന്നീട് നിലപാടില്‍ മാറ്റംവരുത്തിയത് ഹോട്ടലുകള്‍ക്കു ഗുണ—മായി. ശുചിത്വക്കുറവ് കണ്ടെത്തിയ ഹോട്ടലുകള്‍ക്ക്, അതു പരിഹരിക്കാന്‍ 15 ദിവസത്തെ സാവകാശം നല്‍കിയിരുന്നുവെങ്കിലും നടപടിയെടുക്കാന്‍ അതുകൊണ്ടാവില്ലെന്നാണ് ചെയര്‍പേഴ്‌സന്‍ അഡ്വ. പി ഇന്ദിരയുടെ വാദം. എന്നാല്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഉടമകളെ ചര്‍ച്ചയ്ക്കു വിളിക്കാമെന്നും മേയര്‍ ഇ പി ലത പറഞ്ഞു. ഓവുചാലിലേക്കും റോഡുകളിലേക്കും മലിനജലം ഒഴുക്കിവിടുന്ന നഗരത്തിലെ അഞ്ചു ഹോട്ടലുകളുടെ ലൈസന്‍സാണ്് ഈയിടെ റദ്ദാക്കിയത്. അതില്‍ ഒരു ഹോട്ടല്‍ പ്രശ്‌നം പരിഹരിച്ചു തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. മറ്റു നാലു ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്. ഓരോ സ്ഥാപനവും അവയില്‍നിന്നുള്ള മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ പദ്ധതിയുണ്ടാക്കണമെന്ന നിബന്ധന അവയുടെ രജിസ്‌ട്രേഷന്‍ ഘട്ടത്തില്‍തന്നെ ഉള്ളപ്പോഴാണ് മിക്ക സ്ഥാപനങ്ങളും ഇതു പാലിക്കാതെ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുകയും മോട്ടോര്‍ വച്ചും അല്ലാതെയും മലിനജലം ഓവുചാലിലേക്കും റോഡിലേക്കും തുറന്നുവിടുകയും ചെയ്യുന്നത്്. ഓടയിലേക്ക് മലിനജലം കടത്തിവിടാതെ നിര്‍വാഹമില്ലെന്നും പകരം സീവേജ് സംവിധാനം ഉണ്ടാക്കണമെന്നുമാണ് ഹോട്ടല്‍ ഉടമകളുടെ ആവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss