|    Jun 21 Thu, 2018 2:27 am
FLASH NEWS

നഗരത്തിലെ ശാസ്ത്രീയ അറവുശാല ഇനിയെന്ന്?

Published : 12th August 2017 | Posted By: fsq

 

കോഴിക്കോട്: ഇറച്ചി ഭക്ഷണ കൊതിയന്‍മാരുടെ നഗരമായി സംസ്ഥാനത്തു തന്നെ അറിയപ്പെടുന്ന നഗരമാണ് കോഴിക്കോട്. കോഴിക്കോടന്‍ രുചി പെരുമയെക്കുറിച്ച് ഏത് വിഐപി വന്നാലും അഭിമുഖം തുടങ്ങുന്നതു തന്നെ കോഴിക്കോടന്‍ പാചകത്തിലെ പാരമ്പര്യവും കൈപുണ്യവും ഒക്കെ പറഞ്ഞുകൊണ്ടാണ്. എന്നാല്‍ നഗരത്തില്‍ വൃത്തിയും വെടിപ്പുമുള്ള ഒരു അറവുശാല നഗരത്തിലില്ലെന്ന കാര്യം ഈ പാവങ്ങള്‍ക്ക് അറിയില്ല. ഞങ്ങള്‍ കോഴിക്കോട്ടുകാര്‍ ഇക്കാര്യം മനഃപൂര്‍വം മറച്ചുവയ്ക്കുക കൂടി ചെയ്യുന്നു. നഗരം മോഡി കൂട്ടലിന്റെ തിരക്കാണ് നഗരസഭയ്ക്കും സര്‍ക്കാരിനും. കോഴിക്കോട് എത്രയും വേഗത്തില്‍ ശാസ്ത്രീയമായ രീതിയിലുള്ള അറവുശാല സ്ഥാപിക്കണമെന്ന് ഹൈക്കോടതിയും പലകുറി പറഞ്ഞു. എന്നിട്ടും അറവുശാല വന്നില്ല. അറവുശാല എന്നുവരും എന്ന പല വര്‍ഷങ്ങളായി മേയറടക്കമുള്ളവരോട് പത്രക്കാരും ചോദിക്കാറുണ്ട്. ഉടനെ എന്ന മറുപടിയും കിട്ടും. ആരോഗ്യ സ്ഥിരിം സമിതി ചെയര്‍മാനോട് ഇന്നലെയും തിരക്കി. അദ്ദേഹം പറഞ്ഞത് പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനം തുടങ്ങിയെന്നാണ്. നഗരത്തിലുണ്ടായിരുന്ന അറവുശാല കോതിയിലായിരുന്നു. അവിടെ തന്നെയാണ് പുതിയ അത്യാധുനിക സംവിധാനത്തോടെ അറവുശാല പണിയുക. അറവുശാല കോതിയില്‍ വരുന്നതിനെ നാട്ടുകാര്‍ പലതവണ എതിര്‍ത്തിരുന്നതാണ്. അവിടെ കാല്‍പന്തുകളിക്ക് സ്ഥലം അനുവദിക്കണമെന്നതാണ് കോതിക്കാരുടെ ആവശ്യം. എന്തായാലും കോതിയില്‍ അറവുശാല വരാതെ നഗരത്തിലെ തെരുവുനായ ശല്യവും പേപ്പട്ടികളുടെ കടിയും അവസാനിക്കില്ല. ഇറച്ചിക്കടകളില്‍ നിന്നും അറവുഇടങ്ങളില്‍ നിന്നുമുള്ള മാംസാവശിഷ്ടങ്ങള്‍ കനോലി കനാലിലും കല്ലായിപുഴയിലും അറബിക്കടലിലും നിക്ഷേപിക്കുന്നതിനാലാണ് ഇത്രയേറെ തെരുവ് നായകള്‍ പെരുകിയത്. പുഴകളും വഴിയോരങ്ങളും മാംസാവശിഷ്ടങ്ങള്‍ ഒഴിവാക്കാനുള്ള ഇടമായി മാറിയിട്ട് കാലം ഏറെയായി. വയനാട്ടിലെ നീലഗിരി മാതൃകയില്‍ കോടികള്‍ ചെലവഴിച്ച് ശാസ്ത്രീയ അറവുശാല സ്ഥാപിക്കണമെന്ന കാര്യത്തില്‍ മേയര്‍ക്ക് ഏറെ താല്‍പര്യമുണ്ട്. എന്നാല്‍ പ്രാവര്‍ത്തികമാക്കാന്‍ എവിടെയൊക്കെയോ കുരുക്കുകള്‍ ഉണ്ട്. കനോലി കനാലും കല്ലായിപ്പുഴ ശുചീകരണവും ഒക്കെ വേണ്ട രീതിയിലാവണമെങ്കില്‍ അറവുമാലിന്യങ്ങള്‍ ഇവിടെ കൊണ്ടുവന്ന് തള്ളുന്നത് നിര്‍ത്തണം. അതിന് അറുശാല വേണം. അറവുശാല വേണമെന്ന ആവശ്യത്തിന് ഒരു മാംസാഹാര പ്രിയരും സമരം നടത്തിയില്ലെന്നതും ആശ്ചര്യകരമാണ്. കഴിഞ്ഞ ദിവസം കല്ലായ് ഭാഗത്ത് പരേയും തെരുവ് നായ കടിച്ചു. അവരൊക്കെ ആശുപത്രിയിലുമായി. ഇനിയും തെരുവ് നായകളുടെ ഭീഷണി ഉണ്ടാകും. ഇത് തടയണമെങ്കിലും വേണം നഗരത്തിന് അറവുശാല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss