|    Jan 23 Mon, 2017 6:00 am
FLASH NEWS

നഗരത്തിലെ വഴിവാണിഭക്കാരെ ഒഴിപ്പിച്ചു തുടങ്ങി

Published : 20th January 2016 | Posted By: SMR

പത്തനംതിട്ട: നഗരത്തിലെ അനധികൃത വഴിവാണിഭക്കാരെ ഒഴിപ്പിച്ചു തുടങ്ങി. ഇതിന് ശേഷം അടുത്ത മാസം ഒന്നു മുതല്‍ നഗരത്തില്‍ ഗതാഗത പരിഷ്‌കരണം നടപ്പാക്കാനും ലക്ഷ്യമിടുന്നു. വഴിയോര കച്ചവടക്കാര്‍ ഒഴിഞ്ഞു പോവണമെന്നും അവര്‍ക്കായി മാര്‍ക്കറ്റില്‍ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള സ്ഥലത്ത് കച്ചവടം നടത്തണമെന്നും കാട്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ രണ്ടാഴ്ച മുമ്പ് നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ 15 വരെ ഇതിനായി സമയവും അനുവദിച്ചിരുന്നു. നഗരസഭ നല്‍കിയ സമയ പരിധിക്കുള്ളില്‍ കച്ചവടക്കാര്‍ ഒഴിഞ്ഞു പോവാതിരുന്നതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് ഒഴിപ്പിക്കല്‍ ആരംഭിച്ചത്.
രണ്ടു ദിവസങ്ങളിലായി പോലിസ് സ്‌റ്റേഷന്‍ റോഡ്, പഴയ സ്വകാര്യ ബസ് സ്റ്റാന്‍ഡ്, കുമ്പഴ റോഡ് എന്നിവിടങ്ങളിലെ വഴിയോര കച്ചവടക്കാരെയാണ് ഒഴിപ്പിച്ചത്. ആദ്യ ദിനം 25 പേരെ ഒഴിപ്പിച്ചതില്‍ നാലു പേര്‍ മാത്രമാണ് മലയാളികള്‍. ശേഷിക്കുന്നത് തമിഴ്‌നാട് സ്വദേശികളാണ്. ഇവരോട് മാര്‍ക്കറ്റില്‍ തയ്യാറാക്കിയിട്ടുള്ള സ്ഥലത്ത് വന്ന് കച്ചവടം ചെയ്യാന്‍ പറഞ്ഞെങ്കിലും ആരും ഇതുവരെ എത്തിയിട്ടില്ലെന്ന് ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ് പറഞ്ഞു.
സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ കച്ചവടം ഒഴിപ്പിച്ച ഭാഗം പേ ആന്റ് പാര്‍ക്ക് ആക്കി മാറ്റുമെന്ന് വൈസ് ചെയര്‍മാന്‍ പി കെ ജേക്കബ് പറഞ്ഞു. ഇവിടെ വലിയ വാഹനങ്ങള്‍ക്കും ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍ക്കുമായി പ്രത്യേകം പാര്‍ക്കിങ് സ്ഥലം അടയാളപ്പെടുത്തി നല്‍കും. സ്വകാര്യ ബസ്സുകള്‍ക്ക് കയറിയിറങ്ങിപ്പോവുന്നതിനായുള്ള സ്ഥലം മാത്രം ഒഴിച്ചിട്ടതിന് ശേഷമാവും പേ ആന്റ് പാര്‍ക്ക് ഒരുക്കുക. റിങ് റോഡിലെ സായാഹ്‌ന മല്‍സ്യ വില്‍പ്പനക്കാരെയും വരും ദിവസങ്ങളില്‍ ഒഴിപ്പിക്കും. ഇവരോട് ഒഴിഞ്ഞു പോവണമെന്ന് നേരത്തേ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവര്‍ ഇതുവരെ ഒഴിയാന്‍ കൂട്ടാക്കിയിട്ടില്ല. ഒരു തവണ കൂടി മുന്നറിയിപ്പ് നല്‍കിയ ശേഷമാവും ഇവരെ ഒഴിപ്പിക്കുകയെന്ന് ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനും പറഞ്ഞു. വന്‍തുക തറവാടക ഇനത്തില്‍ നഗരസഭയ്ക്ക് നല്‍കിയ ശേഷമാണ് മാര്‍ക്കറ്റ് സ്റ്റാളുകളില്‍ വ്യാപാരികള്‍ കച്ചവടം നടത്തുന്നത്. ഇവര്‍ക്ക് വന്‍ ഭീഷണിയായി മാറിയിരിക്കുകയാണ് വഴിയോര കച്ചവടക്കാര്‍.
ഒരു വിധത്തിലുള്ള നികുതിയും വഴിയോര കച്ചവടക്കാര്‍ക്ക് ബാധകമല്ല. അതിനാല്‍ തന്നെ ഇവര്‍ക്ക് മാര്‍ക്കറ്റിലുള്ളതിനേക്കാള്‍ വിലക്കുറവില്‍ സാധനങ്ങള്‍ നല്‍കുന്നതിനും കഴിയും. ഏറെ നാളുകളായി വ്യാപാരികള്‍ ഇതേപ്പറ്റി പരാതി പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നുവെന്ന് വൈസ്‌ചെയര്‍മാന്‍ ജേക്കബ് പറഞ്ഞു.
മാത്രവുമല്ല, നടപ്പാത കൈയേറിയുള്ള പാര്‍ക്കിങും കച്ചവടവും കാരണം യാത്രക്കാര്‍ പെരുവഴിയിലൂടെ നടക്കേണ്ട ഗതികേടിലായിരുന്നു. വഴിയോര കച്ചവടം ഗതാഗതക്കുരുക്കിനും കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് നഗരസഭ വഴിയോര കച്ചവടം ഒഴിപ്പിക്കുന്നതിനും ഗതാഗത ക്രമീകരണം പരിഷ്‌കരിക്കുന്നതിനും തീരുമാനിച്ചത്.
ഇതിനായി വ്യാപാരികളുമായി ഒരു വട്ടം ചര്‍ച്ച നടത്തിക്കഴിഞ്ഞു. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം അടുത്തമാസം ഒന്നിന് പുതിയ ഗതാഗത ക്രമീകരണം നടപ്പാക്കും. അനധികൃതമായി പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ക്ക് നേരെയും നടപടി സ്വീകരിക്കുന്നതാണെന്ന് നഗരസഭാധികൃതര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 75 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക