|    Oct 16 Tue, 2018 7:28 am
FLASH NEWS

നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് രണ്ട് പുതിയ റോഡുകള്‍

Published : 27th August 2016 | Posted By: SMR

തൃശൂര്‍:  നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് രണ്ട് പുതിയ റോഡുകള്‍ നിര്‍മിക്കുമെന്ന് കോര്‍പറേഷന്‍ ബജറ്റില്‍ പ്രഖ്യാപനം. മാലിന്യ സംസ്‌കരണത്തിനും കുടിവെള്ള പദ്ധതികള്‍ക്കും പുതിയ ഭരണ സമിതിയുടെ ആദ്യ ബജറ്റില്‍ തുക വകയിരുത്തി. പുഴയ്ക്കല്‍ ശോഭാസിറ്റി മുതല്‍ മണ്ണുത്തിവരെ  എലവേറ്റഡ് ഹൈവേ നിര്‍മിക്കുമെന്നും കൊക്കാല വഞ്ചിക്കുളം മുതല്‍ ചേറ്റുപുഴ  വരെ ബണ്ട് റോഡ് നിര്‍മിക്കുമെന്നും കോര്‍പറേഷന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.
ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി  അവതരിപ്പിച്ച ബജറ്റില്‍ പുതിയ റോഡുകളുടെ വികസനത്തിന്  20 കോടി രൂപ നീക്കിവെച്ചു. പുഴയ്ക്കല്‍ മണ്ണുത്തി എലിവേറ്റഡ് ഹൈവേ യഥാര്‍ഥ്യമാകുന്നതോടെ  പാലക്കാട്, കോഴിക്കോട്, ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങള്‍ക്ക് ടൗണില്‍ പ്രവേശിക്കാതെ സര്‍വീസ് നടത്താനാവും. ഇതിന്റെ സര്‍വ്വേ, എസ്റ്റിമേറ്റ് പ്ലാന്‍, ഡിസൈന്‍ എന്നിവ ഈവര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. വഞ്ചിക്കുളം മുതല്‍ ചേറ്റുപുഴ വരെ ബണ്ട് റോഡ് നിര്‍മിക്കുന്നതോടെ ഒല്ലൂര്‍, വാടനപ്പള്ളി, ഭാഗങ്ങളില്‍ നിന്നു ടൗണിലെത്തുന്ന വലിയ വാഹനങ്ങള്‍ക്ക് ടൗണില്‍ പ്രവേശിക്കാതെ തന്നെ സര്‍വീസ്  നടത്താന്‍ സാധിക്കും. മുന്‍ ഭരണസമിതി നടപ്പിലാക്കിയ ജങ്ഷന്‍ വികസന പദ്ധതി തുടരുമെന്ന് ഡെപ്യൂട്ടി മേയര്‍ അറിയിച്ചു.
വികസിത നഗരം യാഥാര്‍ഥ്യമാക്കുന്നതിനായി ബജറ്റില്‍ 7 കോടിരൂപ വകയിരുത്തി. പടിഞ്ഞാറെ കോട്ട, പൂങ്കുന്നം, അശ്വനി, പെരിങ്ങാവ്, ദയ ആശുപത്രി, കിഴക്കേകോട്ട, കൊക്കാല ജങ്ഷന്‍, മനോരമ ജങ്ഷന്‍, ഫാത്തിമ നഗര്‍, കൂര്‍ക്കഞ്ചേരി ജംഗഷന്‍, കുരിയച്ചിറ, പാട്ടുരായ്ക്കല്‍ എന്നിവിടങ്ങളില്‍ വികസിത നഗരപദ്ധതിയില്‍ ഉള്‍പ്പെടുത്തി മേല്‍പ്പാലങ്ങള്‍ നിര്‍മിക്കും.
മിഷന്‍ ആശുപത്രി, മദര്‍ ആശുപത്രി, മെട്രോ ആശുപത്രി എന്നിവിടങ്ങളില്‍ സബ്‌വേ നിര്‍മിക്കും. ശക്തന്‍ സ്റ്റാന്റ്, വടക്കെ സ്റ്റാന്റ്,  സെന്റ് തോമസ് കോളജ് പരിസരം  എന്നിവിടങ്ങളില്‍ ഫുട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. ശക്തന്‍ സ്റ്റാന്റില്‍ നിര്‍മിച്ച വഴിയോരക്കച്ചവട പുനരധിവാസ കേന്ദ്രം ഉടന്‍ തുറന്ന് കൊടുക്കും. 27,000 പേര്‍ക്ക് സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍ കോര്‍പറേഷന്‍ വിതരണം ചെയ്യും.
കോര്‍പറേഷന്റ കീഴിലുള്ള അഗതി മന്ദിരത്തിന്റെ പേര് മാറ്റി സ്‌നേഹ വീട് എന്നാക്കും. നഗരത്തിലെ തെരുവ് വിളക്കുകള്‍ പൂര്‍ണമായും എല്‍ഇഡി ആക്കും. നഗരസഭാ സേവനങ്ങളുടെ എല്ലാ പ്രവര്‍ത്തനവും ഓണ്‍ലൈന്‍ വഴിയാക്കും. നഗരത്തിലെ കുടിവെള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായി സുജലസുലഭ കുടിവെള്ള പദ്ധതി നടപ്പിലാക്കും. ഇതിനായി 44 കോടി രൂപ ബജറ്റില്‍ വകയിരുത്തി.
150 സ്വാശ്രയ കുടിവെള്ള പദ്ധതികള്‍ ആരംഭിക്കും. കുടിവെള്ള വിതരണത്തിന്  8 ലോറികള്‍ പുതിയതായി വാങ്ങും. നഗരത്തെ ഹരിത സുന്ദര നഗരമാക്കുന്നതിന്റെ ഭാഗമായി മാലിന്യ സംസ്‌കരണത്തിനും സൗന്ദര്യവല്‍ക്കരണത്തിനുമായി 45 കോടി രൂപ ബജറ്റില്‍ വകയിരുത്തി. മാലിന്യസംസ്‌കരണ പദ്ധതിയുടെ ഭാഗമായി ബോധവല്‍ക്കരണ കാംപയിനുകള്‍, ഡിവിഷന്‍തല കര്‍മസമിതികള്‍, ജാഗ്രത സമിതികള്‍ എന്നിവ രൂപീകരിക്കും. മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപിക്കുന്നതിനായി വൈദ്യുതി ഉല്‍പാദന പ്ലാന്റ് ആരംഭിക്കും. സാന്ത്വന ചികില്‍സ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ വകയിരുത്തി. ഭിന്നശേഷിയുള്ളവര്‍ക്ക് പ്രത്യേക പരിശീലന കേന്ദ്രം ആരംഭിക്കും. അയ്യന്തോളില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി പുതിയ കെട്ടിടം പണിയും.
കോര്‍പറേഷന്‍ ഓഫിസിന് ശക്തന്‍ നഗറില്‍ പുതിയ കെട്ടിടം പണിയും. വഞ്ചിക്കുളത്ത് അത്യാധുനിക ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുമെന്നും ബജറ്റില്‍ നിര്‍ദ്ദേശിച്ചു. കോര്‍പറേഷന്‍ പുതിയ ഭരണസമിതിയുടെ 2016-2017 വര്‍ഷത്തെ ആദ്യ ബജറ്റ് അവതരണത്തിന് മുന്നോടിയായി മേയര്‍ അജിത ജയരാജന്‍ ആമുഖ പ്രസംഗം നടത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss