|    Jan 17 Tue, 2017 8:11 am
FLASH NEWS

നഗരത്തിലെ ഗതാഗതക്കുരുക്ക്; പ്രതീക്ഷയേകി കൊക്കാല ഫ്‌ളൈ ഓവര്‍

Published : 12th July 2016 | Posted By: SMR

തൃശൂര്‍: സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച കൊക്കാല ഫ്‌ളൈ ഓവര്‍ നഗരത്തിലെ ഗതാഗതകുരുക്കിന് വന്‍ ആശ്വാസമാകും.
പുതിയ മാസ്റ്റര്‍പ്ലാനിലെ റിങ്ങ് റോഡ് പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂര്‍ റോഡിലെ മെട്രോ ജങ്ഷനില്‍നിന്നും തുടങ്ങി റെയില്‍വേ സ്റ്റേഷന്റെ തെക്ക്ഭാഗത്തുകൂടി പൂത്തോള്‍ കാല്‍വരി ആശ്രമം റോഡില്‍ ബന്ധിക്കുന്നതാണ് കൊക്കാല ഫ്‌ളൈ ഓവര്‍ നിര്‍ദ്ദേശം. നാല് വരി ഗതാഗത യോഗ്യമായ ഫ്‌ളൈ ഓവര്‍ ആകും ഇവിടെ നിര്‍മിക്കുക.
റിങ് റോഡിന്റെ ഭാഗമായി തന്നെ കിഴക്കേകോട്ടയിലും ഫ്‌ളൈ ഓവറിനും നിര്‍ദ്ദേശമുണ്ട്. രണ്ട് ഫ്‌ളൈ ഓവറുകള്‍ക്കുമായി 75 കോടിയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. പടിഞ്ഞാറെകോട്ടയില്‍ കഴിഞ്ഞവര്‍ഷത്തെ യുഡിഎഫ് ബജറ്റ് നിര്‍ദ്ദേശമനുസരിച്ചുള്ള ഫ്‌ളൈഓവര്‍ നിര്‍മാണ നടപടികള്‍ തുടര്‍ന്നുവരുന്നുണ്ട്. നിര്‍മാണം തുടങ്ങിയ ദിവാന്‍ജി മൂല റെയില്‍വേ മേല്‍പാലനിര്‍മാണം ആറ് മാസത്തിനകം പൂര്‍ത്തിയാകും. ഇതോടെ നഗരത്തിലെ ഗതാഗതപ്രശ്‌നങ്ങള്‍ക്കു വലിയ അളവില്‍ പരിഹാരമാകും.
പുതിയ മാസ്റ്റര്‍പ്ലാനില്‍ തെക്കുഭാഗത്ത് റിങ്ങ് റോഡിന് തന്നെ മാറ്റം വരുത്തി കിഴക്കേ കോട്ടയില്‍നിന്നും അരിസ്റ്റോസ് റോഡ്-മുണ്ടൂപാലം-ഫാ. വടക്കന്‍ റോഡ്-ബാല്യ ആശുപത്രി റോഡ്- മെട്രോ ജങ്ഷന്‍ വഴി കാല്‍വരി റോഡ്-പടിഞ്ഞാറെകോട്ടയിലേക്കാണ് പുതിയ മാസ്റ്റര്‍ പ്ലാനിലെ റിങ്ങ് റോഡ് മാറ്റം. പുതിയ മാസ്റ്റര്‍പ്ലാനില്‍ റിങ്ങ് റോഡ് വീതി ആകെ ആശയകുഴപ്പത്തിലാണ്. ആദ്യം പ്രഖ്യാപിച്ച പദ്ധതിയില്‍ 32 മീറ്ററാണ് റിങ്ങ് റോഡ് വീതി.
കൗണ്‍സില്‍ അംഗീകരിച്ച നിര്‍ദ്ദേശത്തില്‍ 22 മീറ്ററും 18 മീറ്ററുമാണ്. മേയര്‍ രാജന്‍ പല്ലനുമായി കിലയില്‍ മന്ത്രി നടത്തിയ ചര്‍ച്ചയില്‍ അംഗീകരിച്ച് നിര്‍ദ്ദേശിച്ചതു 22 മീറ്ററാണ്. പക്ഷെ ചീഫ് ടൗണ്‍ പ്ലാനര്‍ അംഗീകരിച്ച സര്‍ക്കാരിന് അംഗീകാരത്തിന് സമര്‍പ്പിച്ചത് 27 മീറ്ററാണ്. ഇപ്പോള്‍ പന്ത് എല്‍.ഡി.എഫ് കൗണ്‍സിലിന്റെ കോര്‍ട്ടിലാണ്. യുഡിഎഫ് കൗണ്‍സില്‍ വികൃതമാക്കിയ മാസ്റ്റര്‍പ്ലാന്‍ പൊളിച്ചെഴുതാന്‍ തന്നെയാണ് എല്‍ഡിഎഫ് കൗണ്‍സില്‍ നീക്കം. ഇതൊന്നും കൊക്കാല പ്ലൈഓവര്‍ നിര്‍മാണത്തിന് തടസ്സമാകേണ്ടതല്ല. കാര്യമായി കെട്ടിടങ്ങളും ഇതിനായി പൊളിച്ചുകളയേണ്ടിവരില്ല.
കണിമംഗലം-നെടുപുഴ റോഡില്‍ സര്‍വ്വേ നടപടികള്‍ വരെ ബ്രിഡ്ജസ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടന്നുവരികയാണ്. സര്‍ക്കാര്‍-റെയില്‍വേ സംയുക്തസംരഭമായാണിത് നടപ്പാക്കുന്നത്.
ഔട്ടര്‍റിങ്ങ് റോഡിന്റെ ഭാഗമായുള്ള വടൂക്കര റെയില്‍വേ മേല്‍പ്പാലതിന്നും അംഗീകാരമായിട്ടുണ്ട്. ആര് പണം മുടക്കുമെന്ന തീരുമാനത്തിലെത്തിയാലേ നടപടികള്‍ തുടങ്ങാനാകൂ. കോര്‍പ്പറേഷനോ സര്‍ക്കാരോ പണം മുടക്കേണ്ടിവരും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 42 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക