|    Jun 27 Tue, 2017 4:07 am
FLASH NEWS

നഗരത്തിലെ കുടിവെള്ള വിതരണം; ബില്ല് സൂക്ഷ്മപരിശോധന നടത്താതെ പാസാക്കിയതായി ആരോപണം

Published : 28th October 2016 | Posted By: SMR

തൃശൂര്‍: നഗരത്തിലെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് കരാറുകാര്‍ നല്‍കിയ ഒന്നരമാസത്തെ  ബില്ല് പരിശോധനയുമില്ലാതെ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം അംഗീകരിച്ചു നല്‍കി. 1,31,04,710 രൂപയുടെ ബില്ലാണ് യാതൊരു സൂക്ഷ്മ പരിശോധനയും ഇല്ലാതെ അംഗീകരിച്ചതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇനിയും രണ്ടരമാസത്തെ ബില്‍കൂടി ലഭിക്കാനുണ്ട്. ഇതുകൂടെ കണക്കാക്കുമ്പോള്‍ 3.47 കോടി രൂപ വരുമെന്നാണ് യുഡിഎഫ് കൗണ്‍സിലര്‍ ടിആര്‍ സന്തോഷ് കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. ജൂണ്‍ 10 വരെയാണ് സാധാരണ ലോറിവെള്ളവിതരണം നടക്കാറ്. ജൂലായ് ആഗസ്റ്റ് മാസത്തിലെങ്കിലും ബില്‍ കൗണ്‍സിലില്‍വന്ന് അംഗീകരിച്ച പണം നല്‍കാറുണ്ട്. ഇത്തവണ ആറ് മാസം കഴിഞ്ഞാണ് ബില്‍ കൗണ്‍സിലില്‍ വന്നത്. അത് ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 31 വരെമാത്രമുള്ള ബില്‍. രണ്ട് ഘട്ടമായി ബില്‍ നല്‍കുന്നത് മാധ്യമ ശ്രദ്ധയില്‍ പെടാതിരിക്കാനാണെന്ന വിമര്‍ശനവും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍നിന്നും ഉണ്ടായി. അതും ഒല്ലൂര്‍, ഒല്ലൂക്കര, കൂര്‍ക്കഞ്ചേരി മേഖലയിലെ വിതരണബില്ലേ അംഗീകാരത്തിന് വന്നിട്ടുള്ളൂ. 2004ല്‍ ലോറിവെള്ളവിതരണത്തിന് 50 ലക്ഷം ചിലവാക്കിയതില്‍തന്നെ കൗണ്‍സില്‍ തന്നെ അഴിമതി കണ്ടെത്തി വിജിലന്‍സ് അന്വേഷണത്തിന് വിട്ടതാണ്. 2008-09 മുതല്‍ യഥാക്രമം 99 ലക്ഷം, 155, 290, 213, 247, 290 ലക്ഷമായിരുന്നു ബില്‍. കഴിഞ്ഞവര്‍ഷം 358 ലക്ഷം രൂപയായി. ഏപ്രില്‍ മേയ് മാസങ്ങളില്‍ തുടര്‍ച്ചയായി വേനല്‍മഴ ലഭിച്ചിട്ടും തുക ഉയര്‍ന്നതു വന്‍ തട്ടിപ്പാണെന്ന ആക്ഷേപമുയര്‍ന്നതാണ്. എല്‍ഡിഎഫ് ഭരണത്തില്‍ തട്ടിപ്പ് അതിനേയും കടത്തിവെട്ടി. നഗരത്തില്‍ മുനിസിപല്‍ പ്രദേശത്തും വില്‍വട്ടം മേഖലയിലും ലോറിവെള്ളവിതരണമില്ല. അയ്യന്തോളിലും ഒല്ലൂക്കരയിലും ജലവിതരണം നാമാത്രമായിരുന്നു. ചിലവാകുന്ന തുകയുടെ 90 ശതമാനവും ഒല്ലൂര്‍ കൂര്‍ക്കഞ്ചേരി മേഖലകളിലാണ്. ജലവിതരണം സുതാര്യതക്കുവേണ്ടി കണ്‍സ്യൂമര്‍ കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. ഒരു ലക്ഷം വീടുകളില്‍ 11,000 പേര്‍ മാത്രമാണ് കാര്‍ഡുകള്‍ വാങ്ങിയിട്ടുള്ളത്. ഒല്ലൂരും കൂര്‍ക്കഞ്ചേരിയും കൂടിയാല്‍ 6201 പേര്‍മാത്രം. ഇത്രയും പേര്‍ക്കാണ് കോടികള്‍ ചിലവാക്കുന്നത്. ഒരു കണ്‍സ്യൂമര്‍ക്ക് ഒന്നിടവിട്ട ദിവസം 1000 ലിറ്റര്‍ വെള്ളമാണ് നല്‍കാന്‍ തീരുമാനം. പക്ഷെ ഒറ്റ കണ്‍സ്യൂമര്‍ക്ക് പോലും 500 ലിറ്റര്‍ സംഭരിക്കാനുള്ള സംവിധാനം മില്ലാതിരിക്കേ മുഴുവന്‍ പേര്‍ക്കും 1000 ലിറ്റര്‍ വീതം നല്‍കിയെന്ന് കാണിച്ചാണ് കരാറുകാരന്‍ ബില്‍ നല്‍കുന്നത്. പല ഉപഭോക്താക്കളും പല ദിവസങ്ങളിലും വെള്ളം വാങ്ങാറില്ല. വേനല്‍മഴ പെയ്യുമ്പോഴും ഉപഭോഗം കുറയും. കരാറുകാരന്‍ നല്‍കുന്ന ബില്‍ കൗണ്‍സിലര്‍ മേലൊപ്പിട്ട് ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റിയും കൗണ്‍സിലും അംഗീകരിച്ച് നല്‍കുകയാണ് സംവിധാനം. ധനകാര്യകമ്മിറ്റി പോലും പരിശോധിക്കാറില്ല. കണ്‍സ്യൂമര്‍ കാര്‍ഡുകളോ, കരാറുകാരന്‍ നല്‍കുന്ന ടിപ്പഷീറ്റുകളോ പരിശോധിക്കാതെയാണ് കൗണ്‍സിലറുടെ ഒപ്പിന്റെ ബലത്തില്‍ പണം അനുവദിച്ച് നല്‍കുന്നത്. ഇതിനെതിരെ 2014ല്‍ ഓഡിറ്റ് വിഭാഗം ശക്തമായ റിപ്പോര്‍ട്ട് നല്‍കിയിട്ടും അതൊന്നും പരിഗണിക്കാതെ ലോറിവെള്ളവിതരണം തുടരുകയാണ്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തെ അതേ കരാറുകാരന് അതേ നിരക്കില്‍ നിയമവിരുദ്ധമായി തുടര്‍ കരാര്‍ നല്‍കുകയായിരുന്നു ഇത്തവണയും എല്‍ഡിഎഫ് ഭരണം. ഇതും ഓഡിറ്റ് ചോദ്യം ചെയ്തതാണ്. സംസ്ഥാനത്ത് നിലവിലുള്ള സംവിധാനം അനുസരിച്ച് കുടിവെള്ളക്ഷാമമുള്ള പ്രദേശങ്ങള്‍ കണ്ടെത്തി റവന്യു വകുപ്പ് വിജ്ഞാപനം നടത്തിയ പ്രദേശത്തെ ലോറിവെള്ളവിതരണം കോര്‍പറേഷനും നടത്താനാകൂ. അതിന്റെ ചിലവ് വഹിക്കുന്നതും റവന്യു വകുപ്പാണ് എന്നാല്‍ കോര്‍പറേഷന്‍ നിയമവ്യവസ്ഥകള്‍ ഒന്നും പാലിക്കാതെ സ്വന്തം ഫണ്ടില്‍ നിന്നും തുക കൊടുത്തു ജലവിതരണം നടത്തുകയാണ്. ഓഡിറ്റ് വിഭാഗം ആവശ്യപ്പെട്ടിട്ടും നിയമവിധേയമായ തിരുത്തലിന് എല്‍ഡിഎഫ് ഭരണവും തയ്യാറായില്ല. ലോറിവെള്ള വിതരണത്തിലെ തട്ടിപ്പു അഴിമതിയും സംബന്ധിച്ച് വിജിലന്‍സ് അന്വേഷണവും തുടരുകയാണ്. എന്നിട്ടും തട്ടിപ്പ് ഒഴിവാക്കാനും ചിലവ് കുറക്കാനും ഒരു നടപടിയും കോര്‍പറേഷന്‍ സ്വീകരിക്കുന്നില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക