|    Nov 20 Mon, 2017 5:11 pm
FLASH NEWS

നഗരത്തിലെ കുടിവെള്ള പൈപ്പിലെ ചോര്‍ച്ച : ഉറവിടം കണ്ടെത്താനാവാതെ ജല അതോറിറ്റി

Published : 4th August 2017 | Posted By: fsq

 

തൃശൂര്‍: ജല അതോറിറ്റി ഉപേക്ഷിച്ച പൈപ്പ്‌ലൈനില്‍ ഉണ്ടായ ചോര്‍ച്ചയുടെ ഉറവിടം തേടി ജലഅതോറിറ്റി അധികൃതര്‍ ഇരുട്ടില്‍ തപ്പുന്നു.പാലസ് റോഡില്‍ അക്കാദമിക്ക് മുന്നിലുണ്ടായ ചോര്‍ച്ച കണ്ടെത്തി അടച്ച് ഗതാഗതവും ജലവിതരണ സ്തംഭനവും യുദ്ധകാലാടിസ്ഥാനത്തില്‍ ഇന്നലെ സന്ധ്യയോടെ പരിഹരിച്ചുവെങ്കിലും നേരത്തെ ഉപേക്ഷിച്ച 700 എംഎം പ്രിമോ പൈപ്പ് ലൈനിലേക്ക് എവിടെനിന്നാണ് വെള്ളം പ്രവേശിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.പീച്ചിയില്‍ നിന്നുള്ള 700 എംഎം പ്രിമോ പൈപ്പ് ലൈന്‍ നിരന്തരം പൊട്ടലിനെ തുടര്‍ന്ന് ഉപേക്ഷിച്ച് പുതിയ പൈപ്പിട്ടതിന്റെ തുടര്‍ച്ചയായാണ് ചെമ്പൂക്കാവ് ടാങ്കില്‍ നിന്ന് ഒളരി ടാങ്കിലേക്കു വെള്ളംകൊണ്ടുപോകാനുണ്ടായിരുന്ന 700 എംഎം പ്രിമോ പൈപ്പ് ലൈനും മാറ്റി ഉപേക്ഷിച്ചത്. ഈ ലൈനിലേക്കു ടാങ്കുകളില്‍നിന്ന് വെള്ളം പ്രവേശിക്കാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും അതോറിറ്റി അടച്ചതാണ്. എന്നിട്ടും എങ്ങിനെ പൈപ്പ് ലൈനില്‍വെള്ളമെത്തിയെന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് അതോറിറ്റി അധികൃതര്‍.നിലവിലുണ്ടായിരുന്ന ചോര്‍ച്ച അടച്ച സാഹചര്യത്തിലും വെള്ളം ലെയിനില്‍ ഒഴുകിയെത്തുന്നതിനാലും പൊതുവേ ദുര്‍ബ്ബലമായ പ്രിമോ പൈപ്പ് ലൈന്‍ മറ്റെവിടെയെങ്കിലും താമസിയാതെ പൊട്ടുമെന്ന ആശങ്കയിലാണ് അധികൃതര്‍. ഓരോ തവണ പൈപ്പ് ചോര്‍ച്ചയുണ്ടാകുമ്പോഴും റോഡുകളുടെ തകര്‍ച്ച കൂടിയാണുണ്ടാകുന്നത്. ചോര്‍ച്ച കണ്ടെത്താന്‍ തൃശൂര്‍ ശുദ്ധജല പദ്ധതിയുടെ ചുമതല വഹിക്കുന്ന അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബെന്നിയുടെ നേതൃത്വത്തില്‍ വിദഗ്ദസംഘം പരിശോധന ആരംഭിച്ചിട്ടുണ്ട്. കൊച്ചിയില്‍നിന്നും വാട്ടര്‍ ഡിറ്റക്ടര്‍ കൊണ്ടുവരുന്നതിനും തീരുമാനിച്ചിട്ടുണ്ട്.ഉപേക്ഷിച്ച പൈപ്പ് ലൈനിലെ പൂട്ടിയിട്ട ഏതെങ്കിലും വാള്‍വില്‍ ചോര്‍ച്ചയിലൂടേയോ, കോര്‍പ്പറേഷന്റെ വക ഏതെങ്കിലും പൈപ്പില്‍നിന്ന് പ്രിമോ ലൈനില്‍ പണ്ടാരെങ്കിലും ഇന്റര്‍കണക്ഷന്‍ നല്‍കിയതിലൂടേയോ ആകാം പ്രിമോപൈപ്പ് ലെയിനില്‍ വെള്ളമെത്താന്‍ ഇടയാക്കുന്നതെന്നാണ് അതോറിറ്റിയുടെ നിഗമനം. സ്വരാജ് റൗണ്ടില്‍ വടക്കേ പ്രദക്ഷിണവഴിയില്‍ ഉപേക്ഷിച്ച വാള്‍വ് കോണ്‍ക്രീറ്റ് ചെയ്തു അടച്ചതാണ്. അതിലൂടേയാണോ വെള്ളം ചോരുന്നതെന്നും സംശയം ശക്തമാണെന്നും എഎക്‌സ്ഇ ബെന്നി പറഞ്ഞു. കോണ്‍ക്രീറ്റ് ചെയ്തടച്ച വാള്‍വ് റൗണ്ട് വെട്ടിപൊളിച്ച് പരിശോധിക്കുക, സാദ്ധ്യമല്ലാത്തതിനാല്‍ വള്ളിക്കാട്ട് ലൈനില്‍ റോഡ് കുഴിച്ച് പരിശോധിക്കാനാണ് ശ്രമം. മെക്കാഡം ടാറിങ്ങ് നടത്തിയ റോഡായതില്‍ അതിന് പ്രത്യേകാനുമതി ആവശ്യമാണ് കഴിയുന്നത്ര വേഗം പ്രശ്‌നത്തിന് ഉത്തരം കണ്ടെത്തിപരിഹരിക്കുമെന്ന് ബെന്നി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക