|    Nov 17 Sat, 2018 8:14 am
FLASH NEWS

നഗരത്തിലെ കാലപ്പഴക്കമുള്ള കെട്ടിടങ്ങളുടെ കണക്കില്ല

Published : 4th August 2018 | Posted By: kasim kzm

പാലക്കാട്: നഗരത്തില്‍ കാലപ്പഴക്കുള്ള കെട്ടിടങ്ങള്‍ തകരുന്നത് തുടര്‍ക്കഥയാവുമ്പോഴും പഴയ കെട്ടിടങ്ങളുടെ കൃത്യമായ കണക്കില്ലാതെ അധികൃതര്‍. പ്രധാന വാണിജ്യ കേന്ദ്രമായ മേലാമുറി മാര്‍ക്കറ്റ് റോഡിന്റെ ഇരുവശങ്ങളിലുള്ളത് കാലപ്പഴക്കത്തില്‍ ജീര്‍ണിച്ച നിരവധി കെട്ടിടങ്ങളാണ്. കഴിഞ്ഞമാസം 20 നാണു സുല്‍ത്താന്‍പേട്ട-കോയമ്പത്തൂര്‍ റോഡിലുള്ള പഴയകെട്ടിടം നിലംപൊത്തിയത്. ഞായറാഴ്ച്ചയായതിനാല്‍ സമീപത്തെ കടകള്‍ തുറക്കാതിരുന്നതോടെ വന്‍ദുരന്തമാണ് ഒഴിവാക്കിയത്. അതിനു തൊട്ടുപിന്നാലെ വ്യാഴാഴ്ച്ച മുനിസിപ്പല്‍ സ്റ്റാന്റിനു സമീപവുമുണ്ടായി ദുരന്തം.
നഗരത്തിലും പരിസരങ്ങളിലുമുള്ള കാലപ്പഴക്കമുള്ള ഓടിട്ട കെട്ടിടങ്ങള്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളാക്കി മാറ്റുന്നതും ജീര്‍ണിച്ചകെട്ടിടങ്ങള്‍ പുതുക്കിപ്പണിയുന്നതും വന്‍ക്രമക്കേടുകളുടെ മറവിലാണ്. ഒരു കെട്ടിടത്തിന് ലൈസന്‍സ് നല്‍കുമ്പോള്‍ അതിന്റെ കാലപ്പഴക്കം നിര്‍ണയിക്കുവാനോ, ഇതില്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കന്‍ പ്രാപ്തമാണോ എന്നൊക്കെ പരിശോധിച്ച് ഫിറ്റ്‌നസ് നല്‍കേണ്ട വകുപ്പുകളുടെ ഇന്‍സ്‌പെക്ടര്‍മാരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണു മിക്കയിടത്തും ദുരന്തത്തിനു വഴിയൊരുക്കുന്നത്. ഒരു സ്ഥാപനം ലൈസന്‍സിന് അപേക്ഷ നല്‍കുമ്പോള്‍ സമര്‍പ്പിക്കേണ്ട ഐഎഫ്ഒടി (ഇന്‍ഡസ്ട്രീസ് ഫാക്ടറി ആ ന്‍ഡ് അദര്‍ ട്രേഡ് ലൈസന്‍സ്) ഫോം കൃത്യമായി പരിശോധിച്ച് നല്‍കുന്നതിനുപകരം സാമ്പത്തിക സ്വാധീനം ഉപയോഗിച്ചാണു മിക്കയിടത്തും ഉദ്യോഗസ്ഥ ര്‍ ഫിറ്റ്‌നസ് നല്‍കുന്നത്. കെട്ടിടത്തിന്റെ കാലപ്പഴക്കം, മാലിന്യസംസ്‌കരണം, പാര്‍ക്കിങ്്, ഡ്രൈനേജ്, ഈ സ്ഥാപനം നടത്താന്‍ യോഗ്യമാണോ എന്നൊക്കെയാണ് ഐഎഫ്ഒടിയിലൂടെ പരിശോധിക്കേണ്ടത്.
200 രൂപയുടെ മുദ്രപത്രത്തില്‍ കൃത്യമായ രേഖകളുള്‍പ്പെടെയുള്ള അപേക്ഷയില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനു പകരം 10000 രൂപ നല്‍കുകയാണെങ്കില്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണു രീതി. ഇത്തരം അനധികൃത അനുമതിയാണു മിക്കയിടത്തും ദുരന്തത്തിനു വഴിമാറുന്നത്. ആവശ്യമായ രേഖകളില്ലാതെയും സാമ്പത്തിക സ്വാധീനത്തിലൂടെയും ഉണ്ടാക്കിയെടുത്ത സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നവ ദുരന്തത്തിനിടയാക്കും. നഗരത്തിലെ മിക്ക കെട്ടിടങ്ങളിലും പ്രവര്‍ത്തിക്കുന്ന വ്യപാരസ്ഥാപനങ്ങളില്‍ ഐഎഫ്ഒടി ഫിറ്റ്‌നസ് പൂര്‍ത്തിയായിട്ടുണ്ടോയെന്ന ചോദ്യത്തിന് ഉത്തരമില്ല. ഒരുമാസത്തിനിടെ രണ്ടു കെട്ടിടങ്ങള്‍ നിലംപൊത്തിയതോടെ ഏതു നിമിഷവും എന്തും സംഭവിക്കാമെന്ന ഭീതിയിലാണ് നഗരവാസികള്‍. മുനിസിപ്പല്‍ സ്റ്റാ ന്റും മത്സ്യമാര്‍ക്കറ്റ് കെട്ടിടവുമൊക്കെ നിലംപൊത്താറായ സ്ഥിതിയിലാണ്. കാലപ്പഴക്കം മൂലം നിരവധി തവണ മേല്‍ക്കുരയിലെ പാളികള്‍ അടര്‍ന്നു വീണിട്ടും ഭരണകുടത്തിന്റെ അനാസ്ഥ തുടരുകയാണ്. സുല്‍ത്താന്‍പേട്ടയിലെ പഴയ കാനറാബാങ്ക് കെട്ടിടവും കെഎസ്ആര്‍ടിസി സ്റ്റാ ന്റിലെയും മാത്രമാണ് കാലപ്പഴക്കത്താല്‍ വ്യാപാരസ്ഥാപനങ്ങളെ ഒഴിപ്പിച്ച് പൊളിച്ചുമാറ്റിയത്.
എന്നാല്‍ സുല്‍ത്താന്‍പേട്ടയില്‍ കെട്ടിടനിര്‍മാണത്തിന് നടപടികളാരംഭിച്ചെങ്കിലും കെഎസ്ആര്‍ടിസി സ്റ്റാന്റിന്റെ കാര്യം കട്ടപ്പുറത്തു തന്നെയാണ്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളും കാലപ്പഴക്കത്താല്‍ നാശത്തിന്റെ വക്കിലാണ്. ഇതിനു പുറമേയാണ് സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള നിരവധി കെട്ടിടങ്ങള്‍ അപകട ഭീഷണിയുയര്‍ത്തുന്നത്. മിക്കകെട്ടിടങ്ങളിലും ചുമരുകള്‍ വിണ്ടും കീറിയും ജീര്‍ണിച്ച നിലയിലുമാണ്. മിക്കകെട്ടിടങ്ങളിലും മതിയായ പാര്‍ക്കിങ് സൗകര്യങ്ങളോ, പ്രാഥമിക സൗകര്യങ്ങളോ ഇല്ലെന്നാണ് മറ്റൊരു വസ്തുത.
കല്‍മണ്ഡപം ജങ്ഷനില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പണിത മൂന്നു നില കെട്ടിടത്തിന്റെ പാര്‍ക്കിങ് ഏരിയ കടമുറികളായി മാറിയതും ടൗണ്‍സ്റ്റാന്റിനു മുന്‍വശത്തെ പാര്‍ക്കിങ് ഇല്ലാതെ കെട്ടിയ വ്യാപാരസ്ഥാപനവുമൊക്കെ നഗരസഭയുടെ സാമ്പത്തിക സ്വാധീനത്തിന്റെ മറ്റൊരുദാഹരണങ്ങളാണ്. മിക്ക പഴയ കെട്ടിടങ്ങളിലും നികുതി കുടിശ്ശിക ഉള്ളതിനാലാണ് നഗരസഭ ഇവ പൊളിച്ചുമാറ്റാനോ, ഒഴിയാനോ നോട്ടീസ് നല്‍കാത്തത്. ഇത്തരത്തില്‍ കാലപ്പഴക്കമുള്ള കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതു വഴി നഗരസഭയ്ക്ക് ഇല്ലാതാവുന്നത് ഭീമമായ വരുമാന നഷ്ടമാണെന്നതിനാലാണ് നഗരസഭ നിയമനടപടികള്‍ക്ക് മുതിരാത്തത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss