|    Nov 23 Thu, 2017 4:37 pm
FLASH NEWS

നഗരത്തിലെ കന്നുകാലികള്‍ പൊതുജനങ്ങളെ ആക്രമിക്കുന്നത് പതിവാകുന്നു

Published : 2nd August 2017 | Posted By: fsq

 

തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ വിദ്യാര്‍ഥികളടക്കമുള്ള പൊതുജനങ്ങളെ ആക്രമിക്കുന്നത് പതിവാകുന്നു. പരിഹാരം കാണേണ്ട ബന്ധപ്പെട്ടവര്‍ തുടരുന്നത് അനങ്ങാപ്പാറ നയം. തൃശൂര്‍ നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കാളക്കൂറ്റന്‍മാര്‍ അടക്കമുള്ള കന്നുകാലികള്‍ യാത്രക്കാരടക്കമുള്ളവരെ ആക്രമിക്കുന്നതും പരിക്കേല്‍പ്പിക്കുന്നതും പതിവായിരിക്കയാണ്.തൃശൂര്‍ വടക്കേ സ്റ്റാന്റ്, പാലസ് റോഡ്, ഹൈറോഡ്, നെഹ്‌റുപാര്‍ക്ക്, പടിഞ്ഞാറേ കോട്ട, കളക്‌ടേറ്റ് പരിസരങ്ങള്‍, എന്നിവിടങ്ങളിലെല്ലാം കന്നുകാലികളുടെ ശല്യം രൂക്ഷമാണ്. എന്നാല്‍ വര്‍ഷങ്ങളായുള്ള ഇവയുടെ ശല്യത്തില്‍ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കാന്‍ ജില്ലാ ഭരണ നേതൃത്വത്തിന് ഇനിയും സാധിച്ചിട്ടില്ല. ഇവയ്ക്ക് പരിഹാരം എന്നോണം മുന്‍ ജില്ലാ കളക്ടര്‍ വി രതീശന്‍ സ്ഥലം മാറിപ്പോകുന്നതിന്റെ തലേ ദിവസം അയ്യന്തോളില്‍ തുടക്കം കുറിച്ച മൃഗസംരക്ഷണ കേന്ദ്രം ഉദ്ഘാടനത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ അനാഥമായി. തൃശിവപേരൂര്‍ ടൗണ്‍ ലയണ്‍സ് ക്ലബായിരുന്നു ‘കാറ്റില്‍ പൗണ്ട്’ എന്ന മൃംഗസംരക്ഷണ കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുത്തിരുന്നത്. എന്നാല്‍ പദ്ധതി നടത്തിപ്പിന് വേണ്ട സഹായങ്ങള്‍ വാഗ്ദാനം ചെയ്തിരുന്ന പൗരപ്രമുഖരും പിന്മാറുകയായിരുന്നു. ഉദ്ഘാടനത്തിനായി സംരക്ഷണ കേന്ദ്രത്തില്‍ എത്തിച്ച കന്നുകാലികള്‍ തീറ്റയും വെള്ളവും കിട്ടാതെ തൊട്ടടുത്ത ദിവസം തന്നെ നഗരത്തില്‍ തിരിച്ചെത്തുകയും ചെയ്തു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തിനോടൊ കോര്‍പ്പറേഷനോടൊ ആലോചിക്കാതെ കളക്ടര്‍ എടുത്ത തീരുമാനമാണെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.ജില്ലാ പഞ്ചായത്തിന് ഇത്തരം ഒരു പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശ്യമില്ലെന്നും അതിനുള്ള സാമ്പത്തിക ശേഷിയും സ്ഥലവും ഇല്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ വിജയകുമാര്‍ പറഞ്ഞു. ഇപ്പോള്‍ നഗരത്തിലെ പല ഭാഗങ്ങളിലും വഴിമുടക്കികളായി അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ ദിനംപ്രതിയെന്നോണം ആളുകളെ ആക്രമിക്കുന്നുണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ ആരും യാതൊരു നടപടിയും സ്വീകരിക്കാന്‍ മുന്നോട്ടുവന്നിട്ടില്ല. കോര്‍പ്പറേഷന്‍ അധികൃതരും എന്തു ചെയ്യാന്‍ സാധിക്കുമെന്ന മറു ചോദ്യമാണ് ഉന്നയിച്ചത്. കേന്ദ്രത്തിന്റെ മൃഗസംരക്ഷണ നിയമം കര്‍ശനമായതോടെ ഇവയെ സംരക്ഷിക്കുക പ്രായോഗികമല്ലെന്നും അത്തരം ഒരു പദ്ധതി ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്നും ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി പറഞ്ഞു. എന്തു ചെയ്യാന്‍ സാധിക്കുമെന്ന് പോലിസും ജില്ലാ കളക്ടറുമായി ആലോചിക്കാമെന്നും ജില്ലയിലെ 3 മന്ത്രിമാരുടേയും ശ്രദ്ധയില്‍ ഇക്കാര്യം എത്തിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. കന്നുകാലികളെ അഴിച്ചുവിടുന്ന ഉടമസ്ഥര്‍ തന്നെ ഇവയെ സംരക്ഷിക്കണമെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്നുമാണ് പൊതുജനങ്ങളുടെ അഭിപ്രായം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക