|    Jun 23 Sat, 2018 11:41 pm
FLASH NEWS

നഗരത്തിലെ ഓട്ടോകള്‍ക്കുള്ള ക്രമീകരണ പദ്ധതി അവതാളത്തില്‍

Published : 30th January 2017 | Posted By: fsq

 

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ ഓടുന്ന ഓട്ടോകള്‍ക്ക് മഞ്ഞ പെയിന്റ് അടിച്ച് സിറ്റി പെര്‍മിറ്റ് നല്‍കി സ്റ്റാന്‍ഡുകള്‍ ക്രമീകരിച്ചു നല്‍കാന്‍ ഒരു വര്‍ഷം മുമ്പ്് ജില്ലാ ഭരണകൂടവും മോട്ടോര്‍വാഹന വകുപ്പും കൂടി സംയുക്തമായി ആരംഭിച്ച പദ്ധതി അവതാളത്തിലായി. ഇപ്പോള്‍ അപേക്ഷകള്‍ സ്വീകരിക്കുകയോ, ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുകയോ ചെയ്യുന്നില്ല. പദ്ധതിയുടെ പേരില്‍ ഓട്ടോകളെ മഞ്ഞ പെയിന്റടിപ്പിച്ചിരുന്നു.  മുന്‍ കലക്ടര്‍ ബിജു പ്രഭാകറിന്റെ കാലത്താണു പദ്ധതി രൂപംകൊണ്ടത്. നേരത്തെ ഉണ്ടായിരുന്ന സിറ്റി പെര്‍മിറ്റുള്ള 4551 ഉള്‍പ്പെടെ 30000 ഓട്ടോകള്‍ക്കാണു പെര്‍മിറ്റ് ആലോചിച്ചത്. ആദ്യഘട്ടമായി 10000 പേര്‍ക്കു നല്‍കുന്നതായി കാണിച്ചു കനകക്കുന്നില്‍ വച്ചു വിശാലമായി ആഘോഷമൊരുക്കിയാണ് ഉദ്ഘാടനം നടത്തിയത്. സിറ്റി പെര്‍മിറ്റിനായി മഞ്ഞ പെയിന്റടിച്ച ഓട്ടോകളെ അവിടെ കൊണ്ടുവന്നു പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ ലഭിച്ച അപേക്ഷകളില്‍ മുഴുവന്‍ ഓട്ടോകള്‍ക്കും സിറ്റി പെര്‍മിറ്റ് നല്‍കി സ്റ്റാന്‍ഡുകള്‍ ക്രമീകരിച്ച് ഓരോ സ്റ്റാന്‍ഡുകള്‍ക്കും നമ്പര്‍ നല്‍കുമെന്നും അറിയിച്ചിരുന്നു. ഓരോ സ്റ്റാന്‍ഡിലുമുള്ള ഓട്ടോകള്‍ക്കും ആ സ്റ്റാന്‍ഡ് നമ്പര്‍ നല്‍കുമെന്നും അനധികൃതമായി സിറ്റി പെര്‍മിറ്റില്ലാതെ ഓടുന്ന ഓട്ടോകള്‍ക്ക് ഇതോടെ അന്ത്യമാവുമെന്നും അധികൃതര്‍ അവകാശപ്പെട്ടു. മോട്ടോര്‍ വാഹനവകുപ്പും മറ്റുള്ളവരും പെര്‍മിറ്റിനായുള്ള അപേക്ഷ സ്വീകരിക്കല്‍, അനധികൃത ഓട്ടോകള്‍ക്കെതിരേ പരിശോധന തുടങ്ങിയവയെല്ലാം നടത്തി. കഴിഞ്ഞവര്‍ഷം ജൂലൈ മുതല്‍ മഞ്ഞ ഓട്ടോകള്‍ നഗരത്തില്‍ ഓടിത്തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. മാസങ്ങള്‍ കഴിഞ്ഞിട്ടും ഓട്ടം തുടങ്ങിയ സ്ഥലത്തു തന്നെ നില്‍ക്കുകയാണു സിറ്റി പെര്‍മിറ്റ് പദ്ധതി. കിഴക്കേക്കോട്ട, സ്റ്റാച്യു, തമ്പാനൂര്‍, പാളയം, വഴുത—ക്കാട് തുടങ്ങിയ സ്ഥലങ്ങളിലാണു സ്റ്റാന്‍ഡുകള്‍ ക്രമീകരിച്ചു നല്‍കുമെന്ന് അറിയിച്ചിരുന്നത്. ഇതിനായി കോര്‍പറേഷനെ ചുമതലപ്പെടുത്തുമെന്നും ജില്ലാ ഭരണകൂടവും മോട്ടോര്‍ വാഹന വകുപ്പും കോര്‍പറേഷനും ട്രേഡ് യൂനിയന്‍ കാരും ഉള്‍പ്പെടുന്ന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം തീരുമാനിച്ചിരുന്നു. നേരത്തെഉണ്ടായിരുന്നതിനേക്കാള്‍ നഗരത്തില്‍ അനധികൃത ഓട്ടോകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെയും തോന്നുംപടി ചാര്‍ജ് വാങ്ങിക്കൂട്ടുന്നതും മുന്‍കാലങ്ങളില്‍ നിന്നു പതിന്‍മടങ്ങ് വര്‍ധിച്ചു. മിനിമം ചാര്‍ജ് 20 രൂപയെന്നതു കടലാസുകളില്‍ മാത്രം ഒതുങ്ങുകയാണെന്ന് അനുഭവസ്ഥര്‍ പറയുന്നു. 25 രൂപയാണു പലരും ഈടാക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss