|    May 29 Mon, 2017 3:12 pm
FLASH NEWS

നഗരത്തിലെ അശാസ്ത്രീയ ഗതാഗത പരിഷ്‌കാരം; അപകടമരണങ്ങള്‍ക്കു വഴിയൊരുക്കുന്നു

Published : 28th July 2016 | Posted By: SMR

പാലക്കാട് : നഗരത്തിലെ അശാസ്്ത്രീയമായ ഗതാഗത പരിഷ്‌കാരങ്ങളും ട്രാഫിക് ജങ്ഷനുകളും അപകടങ്ങള്‍ക്കു കാരണമാവുന്നു. എസ്ബിഐ ജങ്ഷനില്‍നിന്ന് ടൗണ്‍ഹാള്‍ റോഡിലൂടെ വേണം വാഹനങ്ങള്‍ക്ക് ജില്ലാആശുപത്രിയുള്‍പ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലെത്താന്‍. ഇതു അപകടം ക്ഷണിച്ചു വരുത്തുകയാണെന്നു നാട്ടുകാര്‍ പറയുന്നു.
ജങ്ഷന്‍ മുതല്‍ ടൗണ്‍ ഹാളിനു തൊട്ടുള്ള ലോക്കല്‍ ഫണ്ട് ഓഡിറ്റിങ്ങിന്റെ ഓഫിസിനു മുന്നില്‍ വരെയാണ് റോഡിനെ തരം തിരിക്കുന്ന ഡിവൈഡറുള്ളത്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് ഭാഗത്തു നിന്ന് ജങ്ഷന്‍ ഭാഗത്തെത്തുന്ന ചെറുതും വലുതുമായ വാഹനയാത്രികര്‍ ടൗണ്‍ഹാള്‍ റോഡ് വഴി നഗരം ചുറ്റാനൊന്നും നില്‍ക്കാതെ ഡിവൈഡര്‍ അവസാനിക്കുന്ന വളവു തിരിഞ്ഞ് യു ടേണ്‍ എടുത്ത് മൈതാനം ഭാഗത്തേക്ക് പോവുകയാണ് പതിവ്. ഇത് ആദ്യമായി സ്ഥാപിച്ച സമയങ്ങളില്‍ യു ടേണ്‍ ചെയ്യുന്നത് ട്രാഫിക് പോലിസ് നിരോധിച്ചിരുന്നുവെങ്കിലും പിന്നീട് സംവിധാനവും ഏര്‍പ്പെടുത്തിയില്ല. ഈ റോഡ് വണ്‍വേയാക്കാതെ പേരിനൊരു വണ്‍വേയും പരീക്ഷണാടിസ്ഥാനത്തിലുള്ള എടുത്തുമാറ്റാന്‍ കഴിയുന്ന ഡിവൈഡര്‍ മാത്രമെ ട്രാഫിക് പോലിസ് സ്ഥാപിച്ചത്. എസ്ബിഐ ജങ്ഷനിലെ ഗതാഗത സംവിധാനവും ശരിയായ രീതിയിലല്ല. ഈ ഭാഗത്ത് എത്തുന്ന വാഹനങ്ങള്‍ക്കുനേരെ മൈതാനത്തു പോകാന്‍ കഴിയില്ല. ഡിവൈഡറുകള്‍ കൊണ്ട് വഴി തടഞ്ഞ നിലയിലാണ്.
ടൗണ്‍ഹാള്‍റോഡ് വഴി കറങ്ങിവേണം മൈതാനത്തെത്താന്‍. ഐഎംഎ ജങ്ഷനിലെ ഗതാഗതനിയന്ത്രണവും ഇതുപോലെ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചിട്ടുള്ളതാണ്. നഗരത്തില്‍ പുത്തല്‍ പരിഷ്‌കാരങ്ങള്‍ വരുത്തുകമൂലം വാഹനങ്ങളുടെ തിരക്ക് വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് ഗുണമൊന്നുമില്ലെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.
ഡിവൈഡറില്‍ പതിക്കുന്ന പരസ്യവരുമാനത്തില്‍മാത്രമേ നഗരസഭ അധികൃതര്‍ക്ക് കണ്ണുള്ളൂവെന്നും ഗതാഗതനിയന്ത്രണത്തില്‍ നഗരസഭയ്ക്ക് ഒരു താല്‍പ്പര്യവുമില്ലെന്നുമാണ് യാത്രക്കാര്‍ പറയുന്നത്. അപകടം നടന്ന ഭാഗത്തെ നടപ്പാതകള്‍ മിക്കവയും ഉപയോഗശൂന്യവുമാണ്. എസ്ബിഐ, ടൗണ്‍ഹാള്‍ റോഡ് വണ്‍വേ ആക്കുകയോ അല്ലെങ്കില്‍ ഡിവൈഡറുകള്‍ മാറ്റി സ്ഥാപിക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day