|    Oct 20 Sat, 2018 8:15 pm
FLASH NEWS

നഗരത്തിന് നാണക്കേടായി പത്തനംതിട്ട നഗരസഭാ ബസ് സ്റ്റാന്റ്

Published : 7th June 2017 | Posted By: fsq

 

പത്തനംതിട്ട: യാത്രക്കാര്‍ക്ക് നരകയാതനയൊരുക്കി നഗരത്തിലെ ബസ് സ്റ്റാന്റുകള്‍. നഗരസഭയുടെ സ്വകാര്യ ബസ് സ്റ്റാന്റും അവിടെതന്നെ പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസിയുടെ താല്‍ക്കാലിക ബസ് സ്റ്റാന്റും കുണ്ടുംകുഴിയും ചെളിക്കുളവുമായി യാത്രക്കാരെ ദുരിതത്തിലാഴ്ത്തുന്നു. റോഡില്‍ നിന്നും ഇരു ബസ് സ്റ്റാന്റുകളിലും എത്തണമെങ്കില്‍ കൊതുമ്പുവള്ളങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണെന്നാണ് യാത്രക്കാരുടെ പരിഹാസം. വലിയ കുഴികളില്‍ വെള്ളം നിറഞ്ഞ് കിടക്കുന്നതിനാല്‍ ചെളിവെള്ളത്തിലഭിഷേകം ചെയ്യാതെ ഒരാള്‍ക്കുപോലും സ്റ്റാന്റിനുള്ളില്‍ കയറാനാവുന്നില്ല. ബസ്സില്‍ കയറി സ്റ്റാന്റിലേക്ക് കടക്കാമെന്നുവെച്ചാല്‍ കുണ്ടിലും കുഴിയിലും കയറിയിറങ്ങിയുള്ള യാത്രയില്‍ ബസിന്റെ പിന്‍ സീറ്റുകളിലിറക്കുന്ന യാത്രക്കാരന്റെ നടുവിന് കേടുപാടുകള്‍ സംഭവിക്കുമെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ ചിലര്‍ പറയുന്നു. നിലവിലുള്ള കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ കെട്ടിട സമുച്ചയം നിര്‍മിക്കുന്നതിനു വേണ്ടിയാണ് ബസ് സര്‍വീസുകള്‍ സ്വകാര്യ ബസ് സ്ന്റാന്റിലെ വടക്കു ഭാഗത്തെ ടെര്‍മിനലിലേക്കു മാറ്റിയത്. തറ ഇളകി ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട ബസ്സ് യാര്‍ഡ് പുനരുദ്ധിച്ചു നല്‍കാമെന്നാണ് നഗരസഭ അറിയിച്ചിരുന്നത്. എന്നാല്‍ കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം ഇവിടേക്കു മാറ്റി ഒരു മാസം പിന്നിട്ടിട്ടും യാതൊരു നടപടിയും ബന്ധപ്പെട്ടവര്‍ കൈക്കൊണ്ടിട്ടില്ല. ഏതാനും ദിവസമായി മഴ തുടര്‍ന്നതോടെ കുഴികള്‍ തടാകങ്ങളായി രൂപപ്പെട്ടിട്ടുണ്ട്. കെഎസ്ആര്‍ടിസിക്കായി അനുവദിച്ചിട്ടുള്ള ഭാഗത്തെ സ്ഥല പരിമിതിയാണ് നേരിടുന്ന പ്രധാന പ്രശ്‌നം.             ഒരേ സമയം പത്തു ബസ്സില്‍ കൂടുതല്‍ ഇവിടെ പാര്‍ക്കു ചെയ്യാന്‍ കഴിയില്ല. ബസ് യാര്‍ഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയില്ലങ്കില്‍ ബസ്സുകള്‍ ഇവിടേക്കു പ്രവേശിക്കാന്‍ കഴിയാത്ത സ്ഥിതിയാണുണ്ടാവുക. ഇപ്പോള്‍ പത്തനംതിട്ട ഡിപ്പോയിലെ 79 ഷെഡ്യൂളുകളാണ് ഇവിടെ നിന്നും ഓപറേറ്റ്് ചെയ്യുന്നത്. ഇതിനോടൊപ്പം ഇതര ഡിപ്പോകളില്‍ നിന്നുമെത്തുന്ന 300ല്‍ അധികം സര്‍വീസുകളും ബസ് സ്റ്റാന്റ് ഉപയോഗപ്പെടുത്തുന്നു. അസൗകര്യങ്ങളില്‍ ഞെരുങ്ങിയാണ് ജീവനക്കാരും ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇപ്പോഴത്തെ നിലയില്‍ തട്ടിമുട്ടി ഡിപ്പോ പ്രവര്‍ത്തനം നടത്തികൊണ്ടു പോവാമെങ്കിലും ശബരിമല തീര്‍ത്ഥാടനം ആരംഭിക്കുന്നതോടെ എന്തു സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആശങ്കയിലാണ് അധികൃതരും. ഇപ്പോഴത്തെ സ്ഥിതിയില്‍ ശബരിമല പ്രത്യേക സര്‍വീസുകള്‍ ഇവിടെ നിന്ന് ഓപറേറ്റു ചെയ്യുവാനും ബുദ്ധിമുട്ടാണ്. നഗരസഭയുടെ സ്വകാര്യ ബസ്റ്റാന്റിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാര്‍ വന്നുപോവുന്ന ഇവിടെ മഴപെയ്താല്‍ സ്റ്റാന്റിനുള്ളില്‍ നില്‍ക്കാനും കഴിയില്ലാത്ത സ്ഥിതിയാണ്. സ്റ്റാന്റിനുള്ളില്‍ പലയിടവും ചോര്‍ന്നൊലിക്കുന്നുണ്ട്. 350 ഓളം ബസ്സുകളാണ് ദൈനംദിനം ഇവിടെ വന്നുപോവുന്നുമുണ്ട്. മാലിന്യം കെട്ടിക്കിടക്കുന്നതിനാല്‍ ദുര്‍ഗന്ധം രൂക്ഷമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss