|    Apr 19 Thu, 2018 10:59 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

നഗരങ്ങളില്‍ ആര്‍ക്ക് രാപാര്‍ക്കാം ?

Published : 15th February 2016 | Posted By: SMR

എ എസ് അജിത് കുമാര്‍

ജാതീയത സാധാരണയായി ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്നതാണെന്ന് പുരോഗമനകാരികള്‍ ആണയിടും. ജാതീയത നഗരജീവിതത്തിന്റെ ഭാഗമാണെന്ന് അനുഭവസ്ഥര്‍ക്കു തെളിയിക്കാനും കഴിയും. എന്നാല്‍, എപ്പോഴും വംശീയത നഗരങ്ങളുടെ ഒരു പ്രശ്‌നമായിതത്തന്നെയാണു വെളിവാക്കപ്പെടുന്നത്. മെട്രോ നഗരങ്ങളില്‍ വളരെ സജീവമായി വംശീയ ആക്രമണങ്ങള്‍ നടക്കാറുണ്ട്. ഒരു താന്‍സാനിയന്‍ കോളജ് വിദ്യാര്‍ഥിനിക്കും സുഹൃത്തുക്കള്‍ക്കും എതിരേ കഴിഞ്ഞയാഴ്ച ബംഗളൂരുവില്‍ വളരെ ഭീകരമായ വംശീയ ആക്രമണമാണു നടന്നത്. പോലിസ് നിഷ്‌ക്രിയമായി നിന്നുകൊണ്ട് നാട്ടുകാരുടെ’ആക്രമണത്തെ സഹായിക്കുകയാണു ചെയ്തത്. പിന്നീട് കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വരയും സിറ്റി പോലിസ് കമ്മീഷണറും അടക്കം പലരും ഇത് ഒരു വംശീയ ആക്രമണമാണെന്നു നിഷേധിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. വംശീയ ആക്രമണം പോലെ തന്നെ വിദ്വേഷം നിറഞ്ഞതാണ് അതിന്റെ നിഷേധവും.
വംശീയ ആക്രമണമല്ല മറിച്ച് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചതുമായി ബന്ധപ്പെട്ട് റോഡില്‍ ഉണ്ടായ ഒരു സംഘര്‍ഷമായി ഇതിനെ ചുരുക്കിക്കാട്ടാനാണ് പോലിസ് ശ്രമിച്ചത്. അപകടത്തിനു കാരണമായ കാറോടിച്ചിരുന്നത് ഒരു സുദാന്‍കാരന്‍ ആയിരുന്നു. ആ പ്രദേശത്തേക്ക് അരമണിക്കൂറോളം കഴിഞ്ഞു വന്ന താന്‍സാനിയന്‍ വിദ്യാര്‍ഥിനിക്കും കൂട്ടുകാര്‍ക്കുമാണ് ജനകൂട്ടത്തിന്റെ’ആക്രമണം ഏല്‍ക്കേണ്ടിവന്നത്. വസ്ത്രങ്ങള്‍ വലിച്ചുകീറുകയും അവരുടെ കാര്‍ കത്തിക്കുകയുമുണ്ടായി. വടക്കുകിഴക്കന്‍ ആഫ്രിക്കയിലെ സുദാനില്‍ നിന്നാണോ അല്ലെങ്കില്‍ കിഴക്കന്‍ ആഫ്രിക്കയിലെ താന്‍സാനിയയില്‍ നിന്നാണോ എന്നുള്ള ഒരു വ്യത്യാസവും അവര്‍ക്ക് അനുവദിച്ചു കൊടുത്തില്ല. നിറത്തെയും രൂപത്തെയും കുറിച്ചുള്ള പൊതു ധാരണകള്‍ വച്ച് ഇവരെ ആഫ്രിക്കക്കാര്‍’എന്നു മാത്രമായിരിക്കും ജനകൂട്ടം’മനസിലാക്കിയത്. അതുകൊണ്ട് മറ്റൊരു ആഫ്രിക്കക്കാരന്റെ ഭാഗത്തു നിന്ന് ഉണ്ടായതിന് ഉത്തരം പറയേണ്ടവരായി ഇവര്‍’മാറി.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ഡല്‍ഹിയിലും മറ്റും ചൈനക്കാര്‍’എന്നര്‍ഥം വരുന്ന ചില ഇരട്ടപ്പേരുകള്‍ വിളിച്ച് ആക്ഷേപിക്കാറുണ്ട്. വ്യക്തിപരമായ രൂപസവിശേഷതകളും ദേശങ്ങളുടെ അതിരുകള്‍ക്കപ്പുറം ഒരു വംശം’എന്ന വാര്‍പ്പുമാതൃകയും വച്ചു മാത്രം ചിലരെ തിരിച്ചറിയുന്നതില്‍ തന്നെ വംശീയതയുണ്ട്. അവരെല്ലാം ഒരേപോലെയിരിക്കുന്നു എന്നു പറയുന്നത് ഈ വംശീയതയില്‍നിന്നു വരുന്നതാണ്. റോഡപകടങ്ങള്‍ ഉണ്ടാവുന്നത് സാമൂഹികമായ ഐഡന്റിറ്റിയുടെ കാരണം കൊണ്ടാണോ? മന്ത്രിമാരുടെയോ സിനിമാ നടന്മാരുടെയോ അമിത വേഗമോ അശ്രദ്ധയോ കൊണ്ട് അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ ഈ നിലയ്ക്കായിരിക്കില്ല പ്രതികരണം ഉണ്ടാവുക. റോഡപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ പലപ്പോഴും ആരും ശ്രദ്ധിക്കാതെ വഴിയില്‍ ചോരവാര്‍ന്നു കിടന്നു മരിക്കുന്നവര്‍ എത്രയോ ഉണ്ട്? എന്നാല്‍, കുറ്റവാളികളെ കണ്ടെത്താനും ശിക്ഷിക്കാനും ആള്‍ക്കൂട്ടത്തിന്’വലിയ ഉല്‍സാഹമാണ്. കള്ളന്മാര്‍, പോക്കറ്റടിക്കാര്‍’എന്നിവരെ പിടികൂടി മര്‍ദ്ദിച്ച് നീതി നടപ്പാക്കാന്‍ നഗരങ്ങളില്‍ പെട്ടെന്ന് തടിച്ചു കൂടുന്നവര്‍ തയ്യാറാവാറുണ്ട്.
ഈ മനോഭാവം തന്നെ വംശീയതയും ജാതീയതയും നിറഞ്ഞതാണ്. പിടിക്കപ്പെടുന്ന കുറ്റവാളികള്‍’കറുത്തവരോ കോളനികളില്‍ നിന്നുള്ളവരോ കറുത്ത വര്‍ഗക്കാരോ ഇതരസംസ്ഥാന തൊഴിലാളികളോ ആണെങ്കില്‍ അവരെ വിദ്വേഷത്തോടെ മര്‍ദ്ദിക്കുകയായിരിക്കും നഗരങ്ങളുടെ അവകാശികളായി സ്വയം കരുതുന്നവര്‍ ചെയ്യുക. തിരുവനന്തപുരത്ത് ഈയടുത്തിടെ പോക്കറ്റടിക്കാരന്‍’എന്നു മുദ്രകുത്തി ദലിത് കോളനിയില്‍ നിന്നുള്ള ഒരാളെ ജനകൂട്ടം മര്‍ദ്ദിച്ചു കൊന്നിരുന്നു. നഗരങ്ങളില്‍ അകത്തുള്ള അന്യരും പുറത്തുനിന്നുള്ള അന്യരുമുണ്ട്.
തിരുവനന്തപുരം നഗരത്തിലെ ഗാന്ധിപാര്‍ക്കില്‍ നിന്ന് ഏതാനും വര്‍ഷം മുമ്പ് ഇതരസംസ്ഥാന’തൊഴിലാളികളെ പോലിസ് മര്‍ദ്ദിച്ച് ആട്ടിയോടിച്ചു. നഗരവാസികളുടെ സുരക്ഷയായിരുന്നു ന്യായീകരണമായി പറഞ്ഞത്. നഗരങ്ങളില്‍ താമസിക്കുന്ന നൂറുകണക്കിനു തൊഴിലാളികള്‍ക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നു എന്ന ഒറ്റക്കാരണത്താല്‍ അവര്‍ എപ്പോഴും അന്യരായി പരിഗണിക്കപ്പെടുന്നു. യഥാര്‍ഥ നഗരവാസികളായി പരിഗണിക്കപ്പെടുന്നവരുടെ സുരക്ഷയ്ക്കു ഭീഷണിയായി അവരെ കണക്കാക്കുന്നു. പല നഗരങ്ങളിലും പല സ്ഥലങ്ങളില്‍ നിന്നു വന്നവരാണു താമസിക്കുന്നത്. ദല്‍ഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളില്‍ ഒക്കെ ഉദ്യോഗ സംബന്ധമായും മറ്റും പലയിടത്തുനിന്നു വരുന്നവരാണു താമസിക്കുന്നത്. പ്രത്യക്ഷമായ വംശത്തിന്റെ മുദ്രകള്‍ പ്രകടമാക്കപ്പെടാത്തവര്‍ക്ക് നഗരവാസികളുടെ ഇടയില്‍ ചിലപ്പോള്‍ ഐഡന്റിറ്റി ഒളിച്ചുവച്ച് ജീവിക്കാന്‍ കഴിയുമായിരിക്കും. എന്നാല്‍, വംശീയമായി’തിരിച്ചറിയപ്പെടുന്നതും ആക്രമിക്കപ്പെടുന്നതും കീഴാളരും ദരിദ്രരും ഇതരസംസ്ഥാന തൊഴിലാളികളും കറുത്ത വര്‍ഗക്കാരും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും മുസ്‌ലിംകളുമൊക്കെ ആയിരിക്കും.
ബംഗളൂരു പോലുള്ള നഗരങ്ങളില്‍ ഒരു പക്ഷേ സ്വയം അന്യവല്‍ക്കരണം നേരിടുന്ന പല ദേശങ്ങളില്‍ നിന്നുള്ളവര്‍ പാര്‍ക്കുന്നുണ്ട്. അവരില്‍ ഏറെപേരും സാങ്കേതികമായി വിദേശികള്‍ ആയിരിക്കും. എന്നാല്‍, എങ്ങനെയാണ് ഈ പല ജാതി/ മത/ ഭാഷ വ്യത്യാസങ്ങള്‍ ഉള്ളവര്‍ ഒരു ജനക്കൂട്ടമായി താദാത്മ്യം പ്രാപിച്ച് ആഫ്രിക്കക്കാര്‍ക്കെതിരേയോ വടക്കുകിഴക്കു നിന്നു വരുന്നവര്‍ക്കെതിരേയോ ആക്രമണം നടത്താന്‍ കഴിയുക? ഇതിലൂടെയായിരിക്കുമോ അവര്‍ ബംഗളൂരു സ്വദേശികളായി സ്വയം തിരിച്ചറിയുന്നത്? ദേശീയവാദം പലപ്പോഴും ഘടകമാവുന്നുവെങ്കിലും വടക്കുകിഴക്ക് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കെതിരേ വംശീയവികാരം ഉണ്ടാവുമ്പോള്‍ ദേശീയവാദം ആണോ സ്വാധീനിക്കുന്നത്? താന്‍സാനിയന്‍ കോളജ് വിദ്യാര്‍ഥിനിക്കെതിരേ നടന്ന ആക്രമണത്തെ വംശീയതയായല്ല ജാതീയത ആയിട്ടാണു കാണേണ്ടതെന്ന ചില എഴുത്തുകളും കണ്ടു. ചിലര്‍ ഈ വംശീയ ആക്രമണത്തിനൊപ്പം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നടക്കുന്ന ജാതീയ ആക്രമണങ്ങളുടെ പട്ടികയ്‌ക്കൊപ്പം ലളിതമായി കൂട്ടിച്ചേര്‍ക്കുന്നതും കണ്ടു. വംശീയ ആക്രമണങ്ങള്‍ അതിന്റെതായ ചില യുക്തികള്‍ക്കുള്ളില്‍കൂടിയല്ലേ പ്രവര്‍ത്തിക്കുന്നത്? ഇന്ത്യയിലെ ജാതീയബോധം ഇവയെ കൂടുതല്‍ തീവ്രമാക്കുന്നുവെങ്കിലും പലയിടങ്ങളിലും ജാതിയ അതിരുകള്‍ക്കപ്പുറം പോവുന്ന വംശീയത ഇല്ലേ? കേരളത്തില്‍തന്നെ ബംഗാള്‍, ഒഡീഷ തുടങ്ങിയ ഇടങ്ങളില്‍നിന്നു വരുന്ന തൊഴിലാളികളോട് വംശീയമായി പെരുമാറുന്നത് സവര്‍ണര്‍ മാത്രമല്ല. അതേപോലെ ഈ തൊഴിലാളികള്‍ ജാതിയനുസരിച്ച് തിരിച്ചറിയപ്പെടുന്നതിനെക്കാളും ബംഗാളി’എന്നോ ഇതരസംസ്ഥാന തൊഴിലാളി എന്നോ ആയിരിക്കും അറിയപ്പെടുക. വംശീയതയുടെ സവിശേഷതകളെ മനസിലാക്കാതെ ഈ ബോധത്തെ നേരിടാന്‍ കഴിയില്ല. ഇന്ത്യയില്‍ ഇതൊക്കെ സംഭവിക്കുന്നതില്‍ അദ്ഭുതമൊന്നും ഇല്ലെന്നും നൂറ്റാണ്ടുകളായി ഇവിടെ ഇതു നടക്കുന്നുണ്ടെന്നും ചില വാദങ്ങള്‍ കണ്ടു. ഇതു സ്വാഭാവികമാണ് എന്നു പറയുന്നതിലൂടെ നഗരങ്ങളില്‍ ഇവ സവിശേഷ കാലഘട്ടത്തില്‍ ശക്തി പ്രാപിക്കുന്നതിനെ വിലയിരുത്താന്‍ കഴിയാതെ പോവുന്നു. ഇതിനൊപ്പം ഇവ സ്വാഭാവികമാണ്, ഒരിക്കലും ചെറുക്കാന്‍ കഴിയാത്തയാണ് എന്ന ഒരു പ്രതികൂലമായ ബോധം ഉണ്ടാക്കും.
കെനിയ, ഉഗാണ്ട, താന്‍സാനിയ, കോംഗോ, ദക്ഷിണാഫ്രിക്ക, നൈജീരിയ, ഐവറി കോസ്റ്റ്, കാമറൂണ്‍, സിയെറ ലിയോണ്‍, സുദാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ ബംഗളൂരുവിലെ വിവിധ കോളജുകളില്‍ പഠിക്കുന്നുണ്ട്. കോളജുകളിലെ സഹപാഠികള്‍, അധ്യാപകര്‍ എന്നിവരില്‍ നിന്നൊക്കെ ഇവര്‍ വംശീയ പരാമര്‍ശങ്ങള്‍ നേരിടുന്നു.’പോലിസ് എഫ്‌ഐ ആറില്‍’കാലേ’എന്ന് നൈജീരിയക്കാരെ രേഖപ്പെടുത്തിയതും ഗോവയിലെ ഒരു മന്ത്രി ഏതാനും വര്‍ഷം മുമ്പ് നൈജീരിയക്കാര്‍’കാന്‍സര്‍’ആണെന്നു പറഞ്ഞതുമൊക്കെ ഇതിന്റെ സൂചനകളാണ്. അല്‍ജസീറയിലെ ഒരു വാര്‍ത്തയില്‍ ഒരു ഉഗാണ്ടന്‍ വിദ്യാര്‍ഥിയുടെ ഇന്ത്യയിലെ ഒരു കോളജിലെ ആദ്യദിനത്തിലെ അനുഭവത്തെക്കുറിച്ചു പറയുന്നത് അയാള്‍ക്ക് സ്വയം ഒരു ടൂറിസ്റ്റ് കൗതുകമായി അനുഭവപ്പെട്ടു’എന്നാണ്. വംശീയത ലിംഗപരമായി വ്യത്യസ്തമാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള പുരുഷന്മാരെ അക്രമികളായും മയക്കുമരുന്നു കടത്തുകാരായും അമിത പൗരുഷമുള്ളവരായും കാണുമ്പോള്‍ സ്ത്രീകളെ ലൈംഗിക തൊഴിലാളികളായി കാണുന്നു. താന്‍സാനിയന്‍ വിദ്യാര്‍ഥിനി നേരിട്ടതുപോലെ പൊതുസ്ഥലത്ത് വസ്ത്രം വലിച്ചുകീറി ലൈംഗികാതിക്രമം കാട്ടുന്നതില്‍നിന്നു വ്യത്യസ്തമായി കറുത്തവര്‍ഗ പുരുഷന്മാരെ മറ്റൊരു രീതിയിലായിരിക്കും ആക്രമിക്കുക. $

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss